തുടരും, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്, ഈ ക്ലാഷിൽ ആര് വിന്നറാവും ?

തിയേറ്ററിലെ മമ്മൂട്ടി - മോഹന്‍ലാല്‍ ക്ലാഷുകള്‍ക്ക് വിജയപരാജയങ്ങളുടെ രസകരമായ കഥകള്‍ പറയാനുണ്ട്...

രാഹുൽ ബി
1 min read|20 Jan 2025, 10:31 am
dot image

1992 ലെ സെപ്റ്റംബര്‍ മാസം. ഒരു ദിവസത്തെ ഇടവേളയില്‍ രണ്ട് സൂപ്പര്‍താര സിനിമകള്‍ ക്ലാഷിനെത്തുന്നു. ഒന്ന് ഒരു ആക്ഷന്‍ ഫാന്റസി ചിത്രം, പേര് യോദ്ധ. മറ്റൊന്ന് തീര്‍ത്തുമൊരു ഫാമിലി ഡ്രാമയായ പപ്പയുടെ സ്വന്തം അപ്പൂസ്. മലയാളത്തിന്റെ രണ്ട് മെഗാതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ സിനിമാപ്രേമികള്‍ക്ക് അതൊരു ഉത്സവമായി മാറി. യോദ്ധ അന്ന് ഒരു ആവറേജില്‍ ഒതുങ്ങിയപ്പോള്‍ പപ്പയുടെ സ്വന്തം അപ്പൂസ് 200 ദിവസത്തോളം പ്രദര്‍ശിപ്പിച്ച സൂപ്പര്‍ഹിറ്റ് സിനിമയായി. കാലങ്ങള്‍ക്കിപ്പുറവും യോദ്ധയും പപ്പയുടെ സ്വന്തം അപ്പൂസും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ ഇന്നും മോഹന്‍ലാല്‍ - മമ്മൂട്ടി ക്ലാഷിനും അവിടെ പ്രസക്തിയുണ്ടാകുന്നു.

മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകള്‍ നിരവധി തവണ പരസ്പരം ബോക്‌സ് ഓഫീസില്‍ പോരടിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളായ വാത്സല്യവും ദേവാസുരവും ഒരുമിച്ചെത്തി കപ്പടിച്ച സിനിമകളായിരുന്നു. രണ്ട് ദിവസത്തെ വ്യത്യാസത്തിലായിരുന്നു ഈ രണ്ട് സിനിമകളും എത്തിയത്. വാത്സല്യം കുടുംബബന്ധങ്ങളിലെ തീവ്രത സ്‌ക്രീനിലെത്തിച്ച് പ്രേക്ഷകരെ കരയിച്ചപ്പോള്‍ ദേവാസുരം മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മാസ് ഹീറോയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്ന കഥാപാത്രത്തെ മലയാളത്തിന് സമ്മാനിച്ചു. ഇരു സിനിമകള്‍ക്കും ബോക്‌സ് ഓഫീസില്‍ വിജയിക്കനായി എന്നതും ഒരു പ്രത്യേകതയാണ്.

1993 ലെ മറ്റൊരു മമ്മൂട്ടി മോഹന്‍ലാല്‍ ക്ലാഷ് ആയിരുന്നു മണിച്ചിത്രത്താഴും ഗോളാന്തരവാര്‍ത്തയും. സൈക്കോളജിക്കല്‍ ഹൊറര്‍ ഴോണറില്‍ വിസ്മയം തീര്‍ത്ത മണിച്ചിത്രത്താഴ് മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമകളുടെ തലതൊട്ടപ്പനായി. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലും വലിയ വിജയം നേടി. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഗോളാന്തരവര്‍ത്തകള്‍ക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാകാനായിരുന്നില്ല. ആ ക്ലാഷില്‍ മോഹന്‍ലാല്‍ വിജയിക്കുകയും ചെയ്തു.

2001 ല്‍ മാസ് സിനിമകളുടെ മോഹന്‍ലാല്‍ - മമ്മൂട്ടി ക്ലാഷിനായിരുന്നു മലയാള സിനിമ സാക്ഷ്യം വഹിച്ചത്. ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ മോഹന്‍ലാല്‍ ചിത്രമായ രാവണപ്രഭുവും വിനയന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി എത്തിയ രാക്ഷസരാജാവും 2001 ആഗസ്റ്റ് 31 ന് ഒരുമിച്ച് തിയേറ്ററിലെത്തി. രഞ്ജിത്തിന്റെ ആദ്യ സംവിധാന സംരംഭമായ രാവണപ്രഭു ഒരു പക്കാ മാസ് കൊമേര്‍ഷ്യല്‍ സ്‌റ്റൈലില്‍ ഒരുങ്ങിയപ്പോള്‍ ബ്ലോക്കബ്സ്റ്റര്‍ വിജയം സ്വന്തമാക്കിയായിരുന്നു തിയേറ്റര്‍ വിട്ടത്. അതേസമയം ഒരു പൊലീസ് ആക്ഷന്‍ ത്രില്ലറായി ഇറങ്ങിയ രാക്ഷസരാജാവിന് വലിയ വിജയം നേടാനായില്ല.

ഒരിടവേളക്ക് ശേഷം താരരാജാക്കന്മാര്‍ പരസ്പരം പോരടിച്ച വര്‍ഷമായിരുന്നു 2007 . അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ഛോട്ടാ മുംബൈ. അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനി എത്തിയ ബിഗ് ബി എന്നീ രണ്ടു സിനിമകള്‍ തമ്മിലായിരുന്നു മത്സരം. ഒരാഴ്ച വ്യത്യസ്തയില്‍ തിയേറ്ററിലെത്തിയ ചിത്രങ്ങളില്‍ മേല്‍കൈ ലഭിച്ചത് മോഹന്‍ലാലിനായിരുന്നു. തലയും പിള്ളേരും തിയേറ്ററില്‍ തകര്‍ത്താടിയപ്പോള്‍ വിജയം മോഹന്‍ലാലിനൊപ്പം നിന്നു. തട്ടുപൊളിപ്പന്‍ പാട്ടും, ഫൈറ്റും തമാശകളുമായി ഛോട്ടാ മുംബൈ തിയേറ്ററില്‍ ഉത്സവമായി. തിയേറ്ററില്‍ കാര്യമായ വിജയം നേടാനായില്ലെങ്കിലും ബിഗ് ബി മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കള്‍ട്ട് സിനിമകളില്‍ ഒന്നായി മാറി. മലയാള സിനിമയുടെ മുഖം മാറ്റിയ അമല്‍ നീരദ് സിനിമയ്ക്ക് പിന്‍കാലത്ത് ഒരു വലിയ ഫോളോയിങ് ഉണ്ടാകുകയും ചെയ്തു.

2008 ല്‍ രണ്ട് തവണ മോഹന്‍ലാല്‍ - മമ്മൂട്ടി സിനിമകള്‍ ആയിരുന്നു ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടി. ഏപ്രില്‍ 12ന് സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ സിനിമയായ ഇന്നത്തെ ചിന്താവിഷയവും ഏപ്രില്‍ 17 ന് അണ്ണന്‍ തമ്പിയും എത്തിയപ്പോള്‍ വിജയം ഇരുകൂട്ടരും പങ്കിട്ടെടുത്തു. അതേവര്‍ഷം തന്നെ ജൂലൈയില്‍ മാടമ്പിയും പരുന്തുമായി മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടുമെത്തി. തങ്ങളുടെ സിനിമയിലൂടെ തന്നെ ഡയലോഗുകള്‍ വഴി പരസ്പരം അവര്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മോഹന്‍ലാലിന്റെ മാടമ്പിക്കായിരുന്നു.

2009 ക്രിസ്മസ് റിലീസായി ചട്ടമ്പിനാടും ഇവിടം സ്വര്‍ഗ്ഗമാണും ഒരുമിച്ച് തിയേറ്ററിലെത്തിയപ്പോള്‍ ചട്ടമ്പിനാടിനായിരുന്നു വിജയം. വീരേന്ദ്ര മല്ലയ്യയും, ദശമൂലം ദാമുവും, മാക്രി ഗോപാലനും ഒക്കെ കൂടിച്ചേര്‍ന്ന് തിയേറ്ററില്‍ ചിരിപ്പിച്ചു വിജയം നേടി. അതേസമയം റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഇവിടം സ്വര്‍ഗമാണ് ഒരു മികച്ച കുടുംബചിത്രമെന്ന അഭിപ്രായം നേടി.

ഏറെ നാളുകള്‍ക്ക് ശേഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷായിരുന്നു ഒക്ടോബര്‍ 7 ന് പുറത്തിറങ്ങിയ പുലിമുരുഗനും തോപ്പില്‍ ജോപ്പനും. മലയാളത്തിലെ ആദ്യ 100 കോടിയായി മാറിയ പുലിമുരുഗന്‍ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞാണ് തിയേറ്റര്‍ വിട്ടത്. എന്നാല്‍ മമ്മൂട്ടി-ജോണി ആന്റണി സിനിമയായ തോപ്പില്‍ ജോപ്പന് കാര്യമായ ചലനമുണ്ടാക്കാനായില്ല.

വീണ്ടുമൊരു മമ്മൂട്ടി - മോഹന്‍ലാല്‍ ക്ലാഷിന് 2025 ജനുവരി സാക്ഷ്യം വഹിക്കുകയാണ്. മമ്മൂട്ടിയുടെ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സും മോഹന്‍ലാലിന്റെ തുടരുമും ഒരാഴ്ച വ്യത്യാസത്തില്‍ തിയേറ്ററിലെത്തുകയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഡൊമിനിക് ജനുവരി 23 ന് തിയേറ്ററിലെത്തും. ഒരു കോമഡി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയായതിനാല്‍ ഡൊമിനിക്കിന്റെ പ്രതീക്ഷകളും വലുതാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരുമില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ കഥയാണ് പറയുന്നത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ ഒരു സാധാരണക്കാരന്റെ വേഷത്തിലെത്തുന്ന സിനിമയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹൈപ്പുണ്ട്. ജനുവരി 30 നാണ് തുടരും തിയേറ്ററിലെത്തുന്നത്.

മോഹന്‍ലാല്‍ മമ്മൂട്ടി ക്ലാഷിനപ്പുറം മികച്ച സിനിമകള്‍ തിയേറ്ററില്‍ വിജയിക്കട്ടെ. മികച്ച സിനിമകളുമായി മുന്നേറുന്ന മമ്മൂട്ടിയ്ക്ക് മറ്റൊരു ഹിറ്റ് ആകട്ടെ ഡൊമിനിക്. മോഹന്‍ലാല്‍ എന്ന അഭിനയകുലപതിക്ക് തുടരുമിലൂടെ ഒരു വലിയ തിരിച്ചുവരവുണ്ടാകട്ടെ എന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷകള്‍.

Content Highlights: Mammootty - Mohanlal clash release over the years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us