ഒരു ലേഡീസ് പഴ്‌സില്‍ തുടങ്ങുന്ന അന്വേഷണം, അത് എത്തിച്ചേരുന്നത് മാന്‍ മിസിങ് കേസിലേക്കും. ഡൊമിനിക് എന്ന സ്ട്രഗ്ലിംങ് ആയ ഡിറ്റക്റ്റീവിനെ അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന ട്രെയ്ലർ. അവിടന്ന് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്ന അസിസ്റ്റന്റ് കഥാപാത്രത്തിനൊപ്പം ഡൊമിനിക് അന്വേഷിക്കാനിറങ്ങുന്ന ഒരു കേസ്. മമ്മൂട്ടി നായകനായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ് ജനുവരി 23 ന് പുറത്തിറങ്ങാനിരിക്കെ പ്രതീക്ഷകളും ചെറുതല്ല. ഗൗതം വാസുദേവ് മേനോന്‍ എന്ന അനുഭവസമ്പത്തുള്ള സംവിധായകന്‍ മലയാളത്തിലേക്ക് ആദ്യമായി ചുവടുവെക്കുന്ന സിനിമ എന്ന നിലയിലും മറ്റു പല കാരണങ്ങള്‍ കൊണ്ട് ഡൊമിനിക് പ്രതീക്ഷയുണര്‍ത്തുന്ന ജനുവരി റിലീസുകളില്‍ ഒന്നായി മാറുന്നു. സിനിമ കാണാനുള്ള അഞ്ച് കാരണങ്ങള്‍ നോക്കിയാലോ.
അഭിനയത്തിന്റെ നാല് പതിറ്റാണ്ടുകള്‍ പിന്നിടുന്ന അഭിനയകുലപതി, മമ്മൂട്ടി. തന്നെത്തന്നെ പൊളിച്ചെഴുതുന്ന ഒരു പുതിയ അധ്യായത്തിലൂടെ കടന്നു പോകുന്ന മമ്മൂട്ടി തന്നെയാണ് ഡൊമിനിക്കിലുള്ള ആദ്യ പ്രതീക്ഷ. ഭ്രമയുഗത്തിലെ ചാത്തനായും കാതലിലെ മാത്യു ദേവസ്സിയായും നന്‍പകല്‍ നേരത്ത് മയക്കത്തില്‍ ജെയിംസും സുന്ദരവുമായും കൂടുവിട്ട് കൂടുമാറ്റം നടത്തിയ മമ്മൂട്ടിയിലെ പ്രതിഭ ഡൊമിനിക് എന്ന പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ആയി എത്തുമ്പോള്‍ ഇതുവരെ അയാളിലെ അഭിനേതാവ് ചെയ്ത കുറ്റാന്വേഷകന്‍ റോളുകളുടെ ഒരു തരിമ്പ് പോലും ഡൊമിനിക്കില്‍ ഉണ്ടാകില്ലെന്നത് ഉറപ്പാണ്. ഇന്ന് മറ്റു ഭാഷകളിലെ സംവിധായകരും അഭിനേതാക്കളും പ്രേക്ഷകരും ഒരുപോലെ ഉറ്റുനോക്കുന്ന നടനാണ് മമ്മൂട്ടി. ഡൊമിനിക് പുറത്തിറങ്ങുമ്പോള്‍ ഇതുവരെ കൊണ്ടുവരാത്ത എന്ത് ഭാവമാണ് അദ്ദേഹം കാത്തുവെച്ചിരിക്കുന്നത് എന്നറിയാന്‍ വലിയ ആകാംക്ഷയുണ്ട്.
വിണ്ണൈത്താണ്ടി വരുവായ, വാരണം ആയിരം, കാഖ കാഖ - ഇത്രയും സിനിമകള്‍ മാത്രം മതി ഗൗതം വാസുദേവ് മേനോന്‍ എന്ന സംവിധായകനെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. പ്രണയമെന്ന ഇമോഷനെ പുതിയൊരു തലത്തില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയ സംവിധായകന്‍. ജെസിയെയും കാര്‍ത്തിക്കിനെയും, സൂര്യയെയും മേഘ്‌നയെയും, അന്‍പുചെല്‍വനെയും മായയെും സെലിബ്രേറ്റ് ചെയ്യാത്തവര്‍ കുറവായിരിക്കും. കരിയറില്‍ അല്പം മോശമായ സമയത്തില്‍ കൂടിയാണ് കടന്നു പോകുന്നതെങ്കിലും ഏത് നിമിഷവും പ്രേക്ഷകരെ സര്‍പ്രൈസ് ചെയ്യാന്‍ ഗൗതം മേനോന് സാധിക്കും എന്നത് തന്നെയാണ് ഡൊമിനിക്കിനായി കാത്തിരിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്. മമ്മൂട്ടിയുടെ വലിയ ആരാധകനാണെന്നും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു എന്നും പറയുമ്പോള്‍ ഒരു ഫാന്‍ ബോയ് സിനിമ കൂടി ഡൊമിനിക്കിലൂടെ സംഭവിക്കുകയാണ്. ഗൗതം മേനോന്റെ സ്ഥിരം പാറ്റേണില്‍ നിന്ന് മാറിയ സിനിമ കൂടിയാണ് ഡൊമിനിക്. കോഫി ഷോപ്പും, റൊമാന്‍സും, പാട്ടും ഒന്നുമില്ലാതെ കോമഡിയുടെ അകമ്പടിയോടുള്ള ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍. ഈ സിനിമയിലൂടെ ഗൗതം മേനോന്‍ എന്ന മാവെറിക്ക് തിരിച്ചുവരുമോ എന്നത് പ്രതീക്ഷയര്‍പ്പിക്കാനുള്ള കാരണമാകുന്നു.
നിര്‍മിച്ച ആദ്യ സിനിമ മുതല്‍ ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ പ്രൊഡക്ഷന്‍ കമ്പനി. മമ്മൂട്ടി കമ്പനി എന്ന പേര് സ്‌ക്രീനില്‍ തെളിയുമ്പോള്‍ അവിടെ പ്രേക്ഷകര്‍ക്ക് കിട്ടുന്നത് ഒരു ഹോപ്പ് ആണ്, ഈ സിനിമ നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷ. അത് തന്നെയാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സില്‍ പ്രതീക്ഷ വെക്കാനുള്ള മറ്റൊരു കാരണം. റോഷാക്കും, കാതലും, നന്‍പകല്‍ നേരത്ത് മയക്കവുമൊക്കെ താരമെന്ന ബാധ്യതയെ ഭയക്കാതെ കണ്ടെന്റിനെ മാത്രം വിശ്വസിച്ച് മമ്മൂട്ടി നിര്‍മിച്ച സിനിമകളായിരുന്നു. കഥയിലും കഥാപരിസരങ്ങളിലും എഴുത്തിലും മമ്മൂട്ടി കമ്പനിയുടെ സിനിമകള്‍ മികച്ചുനില്‍ക്കുന്നു. കൊമേര്‍ഷ്യല്‍ വിജയം മാത്രം മുന്നില്‍ കാണാതെ വ്യത്യസ്തമായ എന്തെങ്കിലും പ്രേക്ഷകര്‍ക്ക് നല്‍കണമെന്ന ചിന്ത എല്ലാ സിനിമയിലും അവര്‍ക്കുണ്ട്. ഡൊമിനിക്കിലേക്ക് എത്തുമ്പോള്‍ കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ഴോണര്‍. മമ്മൂട്ടി കമ്പനി നിരാശപ്പെടുത്തില്ല എന്നുതന്നെ പ്രതീക്ഷിക്കാം.
കാലാകാലങ്ങളായി പലതരം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. ഉത്തരവും, സിബിഐ സീരീസും, യവനികയും, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങി പല തരം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ മമ്മൂട്ടി തന്നെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സിലേക്ക് വരുമ്പോള്‍ അല്പം ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് ചിത്രമെത്തുക എന്ന സൂചനയാണ് ട്രെയ്ലലര്‍ നല്‍കുന്നത്. ബഡായി ഒക്കെ പറയുന്ന സ്വയം മറ്റുള്ളവര്‍ക്ക് മുന്നില്‍ വലിയവനെന്ന് കാണിക്കാന്‍ ശ്രമിക്കുന്ന മമ്മൂട്ടി കഥാപാത്രമാകും ഡൊമിനിക് എന്ന് ട്രൈലറിലൂടെ മനസ്സിലാകുന്നുണ്ട്. രാജമാണിക്യവും, തുറുപ്പുഗുലാനും, മായാവിയും, മനു അങ്കിളും, കുട്ടേട്ടനും പോലെ തമാശയുടെ അകമ്പടിയോടെയുള്ള കഥാപാത്രമാവും ഡൊമിനിക്. കഴിഞ്ഞ കുറച്ച് സിനിമകളായി സീരിയസ് മോഡില്‍ പോകുന്ന മമ്മൂട്ടിയുടെ ഒരു ചേഞ്ച് തന്നെയാകും ഡൊമിനിക്. തന്റെ സ്ഥിരം സ്‌റ്റൈല്‍ മാറ്റി എങ്ങനെയാണ് ഗൗതം മേനോന്‍ ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നതെന്ന് കാണാനും കാത്തിരിക്കുന്നുണ്ട് പ്രേക്ഷകര്‍.
ട്രെയിലര്‍ അനൗണ്‍സ്‌മെന്റ് പോസ്റ്ററും, ക്യാരക്റ്റര്‍ പോസ്റ്ററുകളും, ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം മുന്മാതൃകകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണ മമ്മൂട്ടി കമ്പനി ഒരുക്കിയിരുന്നത്. ഒരു നോട്ടീസിന്റെ മാതൃകയില്‍ ഡൊമിനിക് ഡിറ്റക്റ്റീവ് ഏജന്‍സിയുടെ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയ തരത്തിലായിരുന്നു ട്രെയിലര്‍ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ ഒരുക്കിയത്. കഥയുടെ സ്വഭാവത്തിനോട് ചേര്‍ന്ന് നില്‍ക്കും വിധം അല്പം ഹ്യൂമര്‍ ടച്ച് കൂടി നല്‍കിയാണ് ഡൊമിനിക് പോസ്റ്ററുകള്‍ ഒരുക്കുന്നത്. യുപിഐ ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍ മമ്മൂട്ടി ശബ്ദത്തില്‍ വരുന്ന നന്ദിയുണ്ടേ... ഓര്‍മിപ്പിച്ച പോസ്റ്റര്‍ ആരും മറുന്നകാണില്ല. ക്യാരക്ടര്‍ പോസ്റ്ററുകളാകട്ടെ ഒരു ഡയറിയില്‍ കുറിച്ചുവെച്ചിരിക്കുന്ന തരത്തിലാണ്. ഒരു ഡിറ്റക്റ്റീവ് അയാളുടെ നിരീക്ഷണങ്ങള്‍ ഒരു ഡയറിയില്‍ കുറിച്ചുവെക്കും പോലെ ഡൊമിനിക് തനിക്ക് ചുറ്റുമുള്ളവരെക്കുറിച്ച് എഴുതിവെക്കുന്ന പോസ്റ്ററുകള്‍ കൗതുകത്തോടൊപ്പം ചിരിയും സൃഷ്ടിക്കുന്നുണ്ട്.
തുടര്‍വിജയങ്ങളിലൂടെ തരംഗം സൃഷ്ടിക്കുന്ന മമ്മൂട്ടിയിലെ അഭിനേതാവിനും താരത്തിനും മറ്റൊരു വിജയമാകട്ടെ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്. തമിഴില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത് പോലെ മലയാളത്തിലെ ആദ്യ സിനിമയിലൂടെയും ഗൗതം മേനോന് ഹിറ്റടിക്കാനാകട്ടെ.
Content Highlights: Mammootty film Dominic and the Ladies Purse Expectations