മാസിന്റെയും ക്ലാസിന്റെയും 25 ആശിർവാദ് വർഷങ്ങൾ

2010-2020 സമയങ്ങളിൽ വാണിജ്യപരമായി മലയാള സിനിമയുടെ വളർച്ചയിൽ ആശിർവാദ് സിനിമാസ് വഹിച്ച പങ്ക് ചെറുതല്ല

dot image

2000 തിന്റെ തുടക്കം, കൃത്യമായി പറഞ്ഞാൽ 2000 ജനുവരി 26. അന്നുവരെയുള്ള കൊമേഴ്സ്യൽ സിനിമകളുടെ ടെംപ്ലേറ്റുകൾ തിരുത്തി കുറിച്ചുകൊണ്ട് ഒരു സിനിമ ആ ദിനത്തിൽ റിലീസ് ചെയ്തു, മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ടിന്റെ നരസിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം. മുണ്ടും മടക്കി കുത്തി മീശയും പിരിച്ചുകൊണ്ട് മോഹൻലാൽ 'നീ പോ മോനെ ദിനേശാ…' എന്ന് പറഞ്ഞപ്പോൾ പല ബോക്സ് ഓഫീസ് റെക്കോർഡുകളും പഴങ്കഥയായി. അതിനൊപ്പം മലയാളത്തിലെ മുൻനിര നിർമാണ കമ്പനികളിൽ ഒന്നിന്നും പിറവി കൊണ്ടു… ആശിർവാദ് സിനിമാസ്.

മോഹൻലാലിന്റെ സന്തത സഹചാരിയും സാരഥിയുമായ ആന്റണി പെരുമ്പാവൂർ ആദ്യം നിർമിച്ച ചിത്രം ആരാധകർക്ക് ഇന്നും ആഘോഷിക്കാനുള്ള വക സമ്മാനിച്ചപ്പോൾ, അദ്ദേഹം രണ്ടാമത് ഒരുക്കിയത് മോഹൻലാലിന്റെ എക്കാലത്തേയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നിന്റെ തുടർച്ചയായിരുന്നു, ദേവാസുരത്തിന്റെ സീക്വലായ രാവണപ്രഭു. ആദ്യഭാഗത്തിൽ ദേവന്റെ പുണ്യവും അസുരന്റെ വീര്യവും നിറഞ്ഞ, ജയ -പരാജയങ്ങളിലൂടെ കടന്നു പോകുന്ന മംഗലശ്ശേരി നീലകണ്ഠന്റെ കഥ പറഞ്ഞപ്പോൾ ആരെയും തോൽപിക്കാൻ കെൽപ്പുള്ള, ഹീറോയിസം നിറഞ്ഞ മംഗലശ്ശേരി കാർത്തികേയനിലൂടെ ആരാധാകർക്ക് ആവേശം നൽകുന്ന എല്ലാ കൊമേഴ്സ്യൽ ചേരുവകളും രാവണപ്രഭു സമ്മാനിച്ചു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സീക്വലുകളുടെ പട്ടികയിൽ രാവണപ്രഭു മുൻപന്തിയിൽ തന്നെ ഇരിപ്പുറപ്പിച്ചു.

കർക്കടക മാസത്തിലെ മഴവെളളപാച്ചിലില്‍ പുഴ നീന്തി തടി പിടിക്കുന്ന, ഒരു നാടിനെ മുഴുവൻ വരച്ച വരയിൽ നിർത്തുന്ന മുള്ളൻകൊല്ലി വേലായുധൻ മുതൽ സ്റ്റീഫൻ നെടുമ്പള്ളി വരെയുള്ള മോഹൻലാലിന്റെ നിരവധി മാസ് ഹീറോ കഥാപാത്രങ്ങളെ ഒരുക്കിയത് ആശിർവാദിന്റെ ബാനറിലായിരുന്നു. ആ കഥാപാത്രങ്ങൾ മോഹൻലാലിനെ 'ബോക്സ് ഓഫീസിന്റെ ഒരേയൊരു രാജാവാ'ക്കി മാറ്റി എന്ന് പറഞ്ഞാലും അതിശയോക്തി ആകില്ല. എന്നാൽ ഓവർ ദി ടോപ്പ് എന്ന് വിളിക്കാൻ കഴിയുന്ന ഹീറോ കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമല്ല ആശിർവാദിന്റെ മോഹൻലാൽ സിനിമകൾ. അതിൽ രസതന്ത്രത്തിലെ പ്രേമചന്ദ്രനും ഇവിടം സ്വർഗ്ഗമാണിലെ മാത്യൂസും പോലുള്ള സാധാരണക്കാരുമുണ്ട്.

'ആനയ്ക്ക് ആനയുടെ ശക്തി അറിയില്ല' മോഹൻലാലിനെക്കുറിച്ച് പലരും പറഞ്ഞിട്ടുള്ള സ്റ്റേറ്റ്മെന്റ് ആണിത്. എന്നാൽ മോഹൻലാലിന്റെ ശക്തി എന്തെന്ന് വരച്ചുകാട്ടാൻ ആശിർവാദ് എന്ന ബാനറിന് കഴിഞ്ഞിട്ടുണ്ട്. നരസിംഹം എന്ന ആദ്യ സിനിമ മുതൽ മോഹൽലാലിന്റെ ബോക്സ് ഓഫീസ് പവറിനെ അതിന്റെ എല്ലാ അർത്ഥത്തിലും ഉപയോഗിക്കാൻ ആശിർവാദിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെയാണ് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടിയും കുടുംബവും തൊടുപുഴയിൽ ധ്യാനത്തിന് പോയി വന്നപ്പോൾ മലയാള സിനിമ തന്നെ ഞെട്ടിയത്. തമിഴകത്തും ബോളിവുഡിലും മാത്രം പറഞ്ഞു കേട്ടിട്ടുള്ള 50 കോടി ക്ലബ്ബിലേക്ക് മലയാള സിനിമയെ ദൃശ്യം കൈപിടിച്ച് കയറ്റിയപ്പോൾ അതിന് ചുക്കാൻ പിടിച്ചത് ആശിർവാദായിരുന്നു.

2010-2020 സമയങ്ങളിൽ വാണിജ്യപരമായി മലയാള സിനിമയുടെ വളർച്ചയിൽ ആശിർവാദ് സിനിമാസ് വഹിച്ച പങ്ക് ചെറുതല്ല. ഒടിയനും ലൂസിഫറും ഉൾപ്പടെയുള്ള ബിഗ് ബജറ്റ് സിനിമകളിലൂടെ മലയാളത്തിന്റെ ക്യാൻവാസ് വലുതാക്കാനും 50 കോടി മുതൽ 150 കോടി വരെ കളക്ഷൻ ലഭിച്ച സിനിമകളിലൂടെ മറ്റു നിർമാതാക്കൾക്ക് വലിയ ബജറ്റ് സിനിമകൾ ഒരുക്കാനുള്ള ധൈര്യം പകരാനും ആശിർവാദിന് കഴിഞ്ഞു.

വാണിജ്യപരമായ വശങ്ങൾ പറയുമ്പോൾ തന്നെ ആശിർവാദ് ഒരുക്കിയ സിനിമകളുടെ കലാമൂല്യ വശവും ശ്രദ്ധേയമാണ്. നാല് സംസ്ഥാന പുരസ്കാരങ്ങളും രണ്ട് ദേശീയ പുരസ്കാരങ്ങളുമാണ് ആശിർവാദ് സിനിമകൾ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. അതിൽ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് സ്പിരിറ്റ് എന്ന സിനിമ. ഒരു മദ്യപാനിയുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ സിനിമയിലെ രഘുനന്ദൻ മോഹൻലാൽ എന്ന അഭിനേതാവിന്റെ മൈൽസ്റ്റോൺ പെർഫോമൻസുകളിൽ ഒന്നാണ്.

മോഹൻലാലിൻ്റെ സിനിമകൾ മാത്രം നിർമിച്ചാണ് ആശിർവാദ് സിനിമാസ് മലയാളത്തിലെ ശ്രദ്ധേയമായ നിർമാണ കമ്പനികളിൽ ഒന്നായത്. എന്നാൽ ആ പതിവ് തെറ്റിച്ച് കൊണ്ട് ഒരു സിനിമ ചെയ്തിട്ടുണ്ട്, ആദി. മോഹൻലാലിന്റെ മകൻ പ്രണവ് നായകനായ ആക്ഷൻ ത്രില്ലർ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. ചിത്രത്തിൽ മോഹൻലാലിന്റെ ഒരു കാമിയോയും ഉണ്ടായിരുന്നു. 2020 ന് ശേഷം മോഹൻലാൽ എന്ന അഭിനേതാവിന്റെ പല സിനിമകൾക്കും ബോക്സ് ഓഫീസിൽ വേണ്ടുന്നയത്ര വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. ആ തിരിച്ചടികൾ ആശിർവാദ് സിനിമാസിന്റെ തിളക്കത്തെയും ബാധിച്ചു. ആശിർവാദ് നിർമിച്ച് പുറത്തിറങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം, മോൺസ്റ്റർ, എലോൺ തുടങ്ങിയ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ദൃശ്യം-2, ബ്രോ ഡാഡി, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയെങ്കിലും ഒടിടി റിലീസ് ആയിരുന്നതിനാൽ തിയേറ്ററുകൾക്ക് ആ സിനിമകൾ കൊണ്ട് ഗുണം ഒന്നും ലഭിച്ചതുമില്ല. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയും ബോക്സ് ഓഫീസിൽ വീണു.

മോഹൻലാൽ എന്ന നടന്റെ, താരത്തിന്റെ വളർച്ചയിൽ ആശിർവാദ് എത്രത്തോളം പ്രശംസ നേടിയോ, ഈ തിരിച്ചടികളിൽ ആശിർവാദും ആന്റണി പെരുമ്പാവൂരും അത്രത്തോളം പഴികളും കേട്ടു. മോഹൻലാൽ സിനിമകൾ പരാജയപ്പെടുന്നത് ആന്റണി പെരുമ്പാവൂരും ആശിർവാദും മൂലമാണെന്ന് പോലും പലതും വിമർശിച്ചു. ഈ കാലയളവിൽ നേര് എന്ന ആശിർവാദിന്റെ മോഹൻലാൽ സിനിമ വലിയ വിജയം നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇനി തിരിച്ചുവരവിനുള്ള സമയമാണ്, മോഹൻലാൽ എന്ന നടനും ആശിർവാദ് എന്ന പ്രൊഡക്ഷൻ ഹൗസിനും. അതിന്റെ ആദ്യ അലയൊലികൾ മാർച്ചിൽ വരും… More than King, less than God എന്ന ടാഗ് ലൈനുമായി അയാൾ തിരിച്ചുവരികയാണ്, അബ്രാം ഖുറേഷി. മലയാളത്തിലെ തന്നെ ഏറ്റവും പ്രോമിസിങ്ങായ പ്രൊജക്ടുകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ആശിർവാദും ലൈക്ക പ്രൊഡക്ഷന്സും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ കൊമേഴ്സ്യൽ കഥാപാത്രങ്ങളിൽ ഒന്ന് തിരിച്ചെത്തുമ്പോൾ മലയാളത്തിലെ പല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തുമെന്ന് ഉറപ്പ്.

അടുത്തകാലത്ത് മോഹൻലാലിന് ഏറ്റ ഏറ്റവും വലിയ പഴികളിൽ ഒന്നാണ് സാധാരണക്കാർക്ക് റിലേറ്റ് ചെയ്യാൻ, കാമ്പുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നില്ല എന്നത്. എന്നാൽ ആശിർവാദിന്റെ ബാനറിൽ അത്തരമൊരു സിനിമയും വരുന്നുണ്ട്, മോഹൻലാലിനെ ടി പി ബാലഗോപാലൻ എം എ ആക്കിയ സി ഐ ഡി ദാസനാക്കിയ പ്രേമചന്ദ്രനാക്കിയ സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവ്വം. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്നാണ് സത്യന്‍ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയത്.

ആശിർവാദ് സിനിമാസ് 25 ാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ മോഹൻലാലിന്റെ ഗംഭീര പ്രൊജക്ടുകൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. 2000 ത്തിന്റ തുടക്കത്തിലും 2010 കളിലും മോഹൻലാൽ എന്ന താരത്തിന് ഇടിവ് സംഭവിച്ചു എന്ന് തോന്നിയപ്പോഴൊക്കെ അയാൾക്ക് തിരിച്ചുവരവ് നൽകുന്ന സിനിമകളുമായി ആശിർവാദ് സിനിമാസ് എത്തിയിട്ടുണ്ട്. അതിൽ പലതും മലയാള സിനിമയ്ക്കും പുത്തൻ ഉണർവ് തന്നിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിന്റെ ഈ മങ്ങിയ അവസ്ഥയിൽ ഒരു തിളക്കം നൽകാൻ ആശിർവാദിന് കഴിയട്ടെ. ആശിർവാദിലൂടെ മോഹൻലാലും മോഹൻലാലിലൂടെ ആശിർവാദും കൂടുതൽ മൈൽസ്റ്റോണുകൾ താണ്ടട്ടെ…

Content Highlights: 25 years of Aashirvad Cinemas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us