എന്നും ലാര്‍ജര്‍ ദാന്‍ ലൈഫായ, കൊമേര്‍ഷ്യല്‍ സിനിമകളിലെ നായകന്മാര്‍ക്ക് ഒരു പ്രേത്യേക ഫാന്‍ ബേസ് ഉണ്ടായിരുന്നു. ജീവിതത്തില്‍ നടക്കാതെ പോയതൊക്കെയും സ്‌ക്രീനില്‍ നായകന്മാര്‍ ചെയ്യുന്നത് കണ്ടു പ്രേക്ഷകര്‍ കയ്യടിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ അതിശക്തരായ ആ നായകര്‍ക്കൊപ്പം മറ്റൊരു കൂട്ടം നായകന്മാരെയും മലയാള സിനിമ സൃഷ്ടിച്ചിരുന്നു. മിഡില്‍ ക്ലാസ്സില്‍ പെട്ട് ജീവിതം ആടിയുലയുന്ന, കുടുംബത്തിന്റെ ഭാരം സ്വന്തം തലയില്‍ ഏറ്റുവാങ്ങേണ്ടി വരുന്ന, അപകര്‍ഷതാബോധബോധമുള്ള, പലപ്പോഴും തൊഴില്‍രഹിതനായ നായകന്മാര്‍. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഇത്തരം ജീവിതത്തെ പ്രതിനിധീകരിച്ച് സ്‌ക്രീനിലെത്തുന്ന നായകന്മാര്‍ക്കും കൈയ്യടി വീണിരുന്നു. ശ്രീനിവാസന്‍, ജഗദീഷ് തുടങ്ങിയ അഭിനേതാക്കളായിരുന്നു പലപ്പോഴും അത്തരം നായകന്‍മാരെ റെപ്രെസെന്റ് ചെയ്തിരുന്നത്. കാഴ്ചക്കാരന് കൂടുതല്‍ അടുപ്പം തോന്നിയിരുന്ന ആ നായകന്മാരുടെ ഇന്നത്തെ റെപ്രെസന്റേഷന്‍ ആണ് ബേസില്‍ ജോസഫ്.
ഒട്ടും അസാധാരണത്വം ഇല്ലാത്ത, എന്തിനെയും പുഞ്ചിരിയോടെ സ്വീകരിക്കുന്ന റിലേറ്റബിള്‍ ആയ മുഖമാണ് ബേസിലിന്. ചുറ്റുമുള്ള സമൂഹത്തോട് അത്രമേല്‍ ഇഴുകിച്ചേര്‍ന്നു നില്‍ക്കും ബേസിലിന്റെ കഥാപാത്രങ്ങള്‍. ഇയാളെ ഞാന്‍ എവിടെയൊക്കെയോ കണ്ടിട്ടുണ്ടല്ലോ അല്ലെങ്കില്‍ ഇത് ഞാനാണല്ലോ എന്ന പ്രതീതി ബേസില്‍ ജോസഫ് കഥാപാത്രങ്ങള്‍ എപ്പോഴും സമ്മാനിക്കുന്നു. ജീവിതത്തില്‍ തങ്ങള്‍ക്ക് സാധിക്കാതെ പോകുന്ന കാര്യങ്ങളെല്ലാം നടപ്പിലാക്കാന്‍ കഴിയുന്ന നായകനേക്കാള്‍, തങ്ങളുടെ ജീവിതം സ്‌ക്രീനില്‍ പകര്‍ത്തുന്ന നായകനായാണ് ബേസില്‍ മിക്ക സിനിമകളിലും എത്തുന്നത്. അതുകൊണ്ട് തന്നെ അയാളോട് എന്തെന്നില്ലാത്ത അടുപ്പം കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നും.
ജീവിതഗന്ധിയായ ഈ നായകരെ സൃഷ്ടിക്കുന്നതില്‍ സിനിമകളുടെ തിരക്കഥയ്ക്കും മേക്കിങ്ങിനുമെല്ലാം വലിയ റോളുണ്ടെങ്കിലും ആ ഓരോ വേഷങ്ങളിലും ബേസില്‍ കൊണ്ടുവരുന്ന തന്മയത്വത്തിന്റെ ഒരു മാജിക് ഉണ്ട്. തമാശ തന്നെയായിരുന്നു എന്നും ബേസിലിന്റെ പ്രധാന ആയുധം. എന്നാല്‍ ഗൗതമന്റെ രഥത്തിലെ വെങ്കിടി ആയിരുന്നു അയാളിലെ അഭിനേതാവിന്റെ മറ്റൊരു മുഖം ആദ്യം പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തത്. നാടും വീടും കൂട്ടുകാരേയും ഉപേക്ഷിച്ച് ഗള്‍ഫില്‍ പോകേണ്ടി വരുന്ന ഒരാളുടെ ആത്മസംഘര്‍ഷത്തെ ബേസില്‍ മികച്ചതാക്കി. ഒരുത്തന്‍ സ്വന്തം നാട്ടുകാരെയും കൂട്ടുകാരെയും ഉപേക്ഷിച്ച് വേറെയൊരു നാട്ടിലേക്ക് പോകണമെങ്കില്‍ അവനെന്തൊരു ഗതിയില്ലാത്തവന്‍ ആയിരിക്കുമെന്ന് കൂട്ടുകാരോട് ചിരിച്ചുകൊണ്ട് എന്നാല്‍ ഉള്ളില്‍ വിഷമത്തോടെ പറഞ്ഞ് ഒടുവില്‍ കലങ്ങിയ കണ്ണുമായി എയര്‍പോര്‍ട്ടിലേക്ക് കയറിപോകുന്ന വെങ്കിടി പലരുടെയും പ്രതിരൂപമായിരുന്നു.
ജാനേ മന്നിലെ ജോയ്‌മോന്‍ എന്ന നേഴ്‌സിന്റെ ജീവിതത്തിലെ മനം മടുപ്പിക്കുന്ന ഏകാന്തതയും നാട്ടില്‍ കൂട്ടുകാരോടൊത്ത് അടിച്ചു പൊളിക്കുമ്പോളുള്ള അയാളിലെ ആഘോഷവും ബേസില്‍ കൈയടക്കത്തോടെ ചെയ്തു. ഒറ്റപ്പെടലിന്റെ വേദനയെ ഒരൊറ്റ സീന്‍ കൊണ്ട് ബേസിലിന് പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കാനായി. നായകനായി പുറത്തിറങ്ങിയ പാല്‍ത്തു ജാന്‍വറിലെ മൃഗഡോക്ടര്‍ പ്രസൂണ്‍ കൃഷ്ണകുമാര്‍ വളരെ ഇമോഷണലായ, സറ്റില്‍ ആയ ബേസില്‍ നായകനായിരുന്നു. തനിക്കിഷ്ടമില്ലാത്ത ഒരു ജോലിയില്‍ വന്നുപെടുന്നയാള്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷത്തെയും ബേസില്‍ ജോസഫ് മനോഹരമാക്കി.
ഒരു മിനിമം ഗ്യാരന്റി നടനിലേക്കുള്ള ബേസിലിന്റെ ചുവടുമാറ്റമായിരുന്നു വിപിന്‍ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേയിലൂടെ കണ്ടത്. പുരുഷാധിപത്യത്തിന്റെ പ്രതിനിധിയായ, കുടുംബത്തിലെ സ്ത്രീകള്‍ക്ക് മേല്‍ അധികാര പ്രയോഗം കാണിക്കുന്ന രാജേഷ് ബേസിലിന്റെ കൈകളില്‍ ഭദ്രമായിരുന്നു. പ്രതിനായകന്റെ സ്വഭാവം ഉള്ള എന്നാല്‍ വില്ലന്‍ വേഷങ്ങളുടെ സ്ഥിരം ശരീരഭാഷകളിലൂടെ സഞ്ചരിക്കാതെ ബേസില്‍ ജോസഫ് രാജേഷിനെ തന്റെ സ്‌റ്റൈലിലേക്ക് മാറ്റിയെടുത്തു. ഇതിന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു രൂപം സൂക്ഷ്മദര്‍ശിനിയിലെ മാനുവലില്‍ കണ്ടു. നെഗറ്റീവ് ടച്ചും നര്‍മമൂഹൂര്‍ത്തങ്ങളും ഉണ്ടെങ്കിലും രാജേഷും മാനുവലും രണ്ട് ധ്രുവങ്ങളില്‍ നിലയുറപ്പിച്ചവരായിരുന്നു.
കഠിന കഠോരമീ അണ്ഡകടാഹം തമാശകള്‍ക്കുമപ്പുറം ബേസിലിലെ നടനെ നന്നായി ഉപയോഗിച്ച സിനിമയായിരുന്നു. ചിത്രത്തിലെ ബച്ചു രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാട് പെടുന്ന ഒരു ശരാശരി യുവത്വത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഓരോ ബിസിനസ്സുകള്‍ തകരുമ്പോരും അയാളിലെ തീരുമാനങ്ങള്‍ക്ക് മാറ്റമില്ല. കോവിഡ് മൂലം ജീവിതം വഴിമുട്ടിയ അനേകം പേരുടെ പരക്കം പാച്ചിലില്‍ ബച്ചുവും ഉള്‍പ്പെടുടുന്നു. ചുണ്ടിലൊപ്പിച്ച ചിരിക്കള്‍ക്കിടയില്‍ തന്റെ ബുദ്ധിമുട്ടുകള്‍ ഒളിപ്പിച്ചുവച്ച ബച്ചു അഭിനേതാവെന്ന രീതിയില്‍ ബേസിലിന്റെ വഴിമാറിയുള്ള സഞ്ചാരമായിരുന്നു. വാപ്പയുടെ വാട്‌സ്പ്പ് വോയ്‌സ് നോട്ടുകള്‍ കേട്ട് നെഞ്ചു തകരുന്ന ബച്ചുവിനെ ആശ്വസിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആരുണ്ടാകും.
ഫാലിമി എന്ന സിനിമയിലെ ബേസിലിന്റെ അനൂപ് ഒരു ശരാശരി മലയാളി യുവാവിന്റെ എല്ലാ അപകര്‍ഷതാബോധങ്ങളും പ്രാരാബ്ധവും സ്വപ്നങ്ങളും കൊണ്ട് നടക്കുന്നയാളാണ്. കല്യാണം നടക്കാതെയാകുമ്പോഴുള്ള അയാള്‍ക്കുള്ളിലെ സംഘര്‍ഷങ്ങളും സ്വന്തം അച്ഛനുമായുള്ള അനൂപിന്റെ അസ്വാരസ്യങ്ങളും ബേസില്‍ ജോസഫ് കൃത്യതയോട് നമുക്ക് മുന്നിലെത്തിച്ചു.
ഗുരുവായൂരമ്പല നടയിലിലും, നുണക്കുഴിയും, സൂക്ഷ്മദര്‍ശിനിയും ബേസിലിന് മാത്രം ചെയ്യാനാകുന്ന കഥാപാത്രനിര്‍മിതികളാണ്. പ്രാവിന്‍കൂടിലെ എക്‌സന്‍ട്രിക്കായ പൊലീസുകാരന്‍ നോക്കിലും വാക്കിലും ശരീരഭാഷയിലും വരെ മറ്റൊരു ബേസിലിനെ കാണിച്ചു തന്നു. പക്ഷെ അയാളില്‍ പോലും പെട്ടെന്ന് കാണികള്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യാന്‍ കഴിയുന്ന എലമെന്റുകളുണ്ടായിരുന്നു. ഏറ്റവും പുതിയ ചിത്രമായ പൊന്മാനിലെ പി പി അജേഷ് ജീവിക്കാനായി ഏതറ്റം വരെയും പോകാന്‍ കെല്‍പ്പുള്ള സാധാരണക്കാരനാണ്. കുടുംബത്തിനായി ജീവിക്കുന്ന നമുക്ക് ചുറ്റുമുള്ളവരുടെ പ്രതിനിധിയാണ് അയാള്‍. ജീവിതം എത്രയൊക്കെ ക്രൂരമായി പെരുമാറിയാലും പൊരുതാനുറച്ച് മുന്നോട്ടു നടക്കുന്ന അജേഷ്.
ബേസില്‍ കരയാന്‍ മടിയില്ലാത്ത, വള്‍നറബിള്‍ ആയ, അമാനുഷികത ഇല്ലാത്ത നായകനാണ്. അതുകൊണ്ട് തന്നെയായിരിക്കണം മലയാളി പ്രേക്ഷകര്‍ക്ക് ബേസില്‍ ജോസഫ് സിനിമകളെന്നാല്‍ അത്രത്തോളം പ്രിയപ്പെട്ടതായി മാറുന്നത്. പക്ഷെ അപ്പോഴും ഏതെങ്കിലും ഒരൊറ്റ ബോക്‌സില്‍ പെട്ടുപോകാതെ വേഷങ്ങളിലെ വൈവിധ്യം തേടാനും ബേസിലെന്ന നടന്‍ ശ്രമിക്കുന്നുണ്ട്. ബേസില്‍ ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററുകളിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ ആ വ്യത്യസ്തത കൂടി കാത്തിരിക്കുന്നവരാണ്.
റിലീസ് കാത്തിരിക്കുന്ന മരണമാസ് എന്ന ചിത്രത്തിന് ശേഷം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെന്ന് ബേസില്‍ അടുത്തിടെ പറഞ്ഞിരുന്നു. സംവിധാനത്തിലേക്ക് തിരിച്ചുപോവുകയാണെന്ന് ബേസില്‍ പറയുമ്പോള്‍ അതില്‍ സന്തോഷിക്കുന്നവര്‍ ഏറെയാണ്. കുഞ്ഞിരാമായണവും ഗോദയും മിന്നല്‍ മുരളിയും ഒരുക്കിയ സംവിധായകന്റെ അടുത്ത ചിത്രത്തിനായി കുറച്ചധികം നാളായല്ലോ നമ്മള്‍ കാത്തിരിക്കുന്നു. പക്ഷെ ബേസില്‍ എന്ന നടന് വലിയൊരു ഇടവേള കൊടുക്കാന്‍ കാണികള്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. കാരണം അവരുടെയൊക്കെ സന്തോഷവും സങ്കടവും ദേഷ്യവുമൊക്കെ അതുപോലെ സ്‌ക്രീനിലെത്തിക്കാന്‍ ഒരാള്‍ വേണമല്ലോ.
Content highlights : Basil Joseph as a common hero in movies