
മമ്മൂട്ടി നായകനാകുന്ന സ്റ്റൈലിഷ് ചിത്രം ബസൂക്കയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ 10 നാണ് ബസൂക്ക തിയേറ്ററുകളിലെത്തുക. ചിത്രം ഇറങ്ങുന്നതിന് രണ്ടുവാരം മുന്നേ, അതായത് മാർച്ച് 27 ന് മോഹൻലാലിന്റെ ഏറ്റവും ഹൈപ്പുള്ള ചിത്രമായ എമ്പുരാനും തിയേറ്ററുകളിലെത്തുന്നുണ്ട്. ഇതോടെ മലയാളത്തിന്റെ 'BigMs' ബോക്സ് ഓഫീസിൽ ഒരു വമ്പൻ ക്ലാഷിന് ഒരുങ്ങുന്നു എന്നാണ് ആരാധകർ പറയുന്നത്.
എമ്പുരാനും ബസൂക്കയും മുഖാമുഖം എത്തുമ്പോൾ ഒരു കൗതുകമുണർത്തുന്ന യാദർശ്ചികതയും സോഷ്യൽ മീഡിയ കണ്ടെത്തുന്നുണ്ട്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫർ എത്തിയതും ഒരു മാർച്ച് മാസത്തിലായിരുന്നു, 2019 മാർച്ച് 28 ന്. മോഹൻലാലിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട സിനിമയും കഥാപാത്രവും റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ മമ്മൂട്ടിയുടെ ഒരു ഹിറ്റ് കഥാപാത്രത്തിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ. ആ വർഷം ഏപ്രിൽ 12 നായിരുന്നു മധുരരാജ റിലീസ് ചെയ്തത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ എന്നതിനാൽ തന്നെ ലൂസിഫറിന് വലിയ ഹൈപ്പായിരുന്നു ഉണ്ടായിരുന്നത്. ഇതൊരു ചെറിയ സിനിമയായിരിക്കും എന്ന് പലയാവർത്തി പൃഥ്വിരാജ് പറഞ്ഞിരുന്നുവെങ്കിലും അത്ര ചെറിയ പടമാകില്ലെന്ന് ആരാധകർക്ക് ഉറപ്പുണ്ടായിരുന്നു. അത് ശരിവെച്ചുകൊണ്ടായിരുന്നു സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനം. മുരളി ഗോപിയുടെ രചനയിൽ പൃഥ്വി മോഹൻലാലിന് തന്റെ കരിയറിലെ ഏറ്റവും മാസ് വേഷങ്ങളിൽ ഒന്ന് നൽകിയപ്പോൾ ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.
പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടി-വൈശാഖ് ടീം ഒന്നിച്ച ചിത്രം എന്നതും, പോക്കിരിരാജയുടെ രണ്ടാം വരവ് എന്നതും, പുലിമുരുകൻ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം വൈശാഖ് ഒരുക്കിയ സിനിമ എന്നതും മധുരരാജയ്ക്ക് ഹൈപ്പ് നൽകിയ കാര്യങ്ങളാണ്. മമ്മൂട്ടിയുടെ തമാശകളും ആക്ഷൻ രംഗങ്ങളും, അതിനൊപ്പം പാട്ടും ഡാൻസുമെല്ലാമായി കളർഫുൾ എന്റർടെയ്നർ തന്നെയായിരുന്നു ചിത്രം. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ സിനിമയും ഹിറ്റ് ചാർട്ടിൽ ഇടം നേടി.
ലൂസിഫറിലും മധുരരാജയിലും നായകന്മാർ വെള്ള ഷർട്ടും മുണ്ടും ധരിച്ചുകൊണ്ടുള്ള ലുക്കുകളിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇക്കുറി ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ എമ്പുരാനിലും ബസൂക്കയിലും ഇരുവരെയും സ്റ്റൈലിഷ് ലുക്കുകളിലാണ് കാണാൻ കഴിയുന്നത്. 2019 ൽ വെള്ള ഷർട്ടും മുണ്ടും ധരിച്ച് ബോക്സ് ഓഫീസ് വേട്ട നടത്തിയെങ്കിൽ ഇക്കുറി സ്റ്റൈലിഷ് ലുക്കിൽ ബോക്സ് ഓഫീസിന് പണി കൊടുക്കുമോ എന്നാണ് ആരാധകരുടെ സംശയം.
ബോക്സ് ഓഫീസിൽ മമ്മൂട്ടി-മോഹൻലാൽ ക്ലാഷുണ്ടാവുക എന്നത് മലയാള സിനിമാപ്രേമികൾക്ക് എന്നും ആവേശമുണർത്തുന്ന കാര്യമാണ്, അതും സ്റ്റൈലിഷും മാസുമായ റോളുകളിൽ എത്തുമ്പോൾ അത് ഒന്നൊന്നര വിരുന്നാകുമെന്ന് ഉറപ്പാണ്. ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് എമ്പുരാനും ബസൂക്കയും ഉയർന്നാൽ, മലയാള സിനിമയ്ക്ക് ഈ വിഷുവിന് അത് ഒരു വിരുന്ന് തന്നെയാകും.
Content Highlights: Fans celebrating another Box Office clash of Mohanlal and Mammootty