ഒടുവിൽ മുതൽ മാമുക്കോയ വരെ.. പ്രിയപ്പെട്ടവരില്ലാതെ സത്യൻ അന്തിക്കാട് - മോഹൻലാൽ പടം

ഒരൽപം നൊമ്പരത്തോടെയല്ലാതെ ഒരു പക്ഷെ മലയാളി പ്രേക്ഷകർക്ക് ഹൃദയപൂർവം കാണാനാകില്ലെന്നത് ഉറപ്പാണ്

രാഹുൽ ബി
1 min read|13 Feb 2025, 01:16 pm
dot image

'നിന്റെ അമ്മച്ചി പോയപ്പോൾ എനിക്ക് ജീവിക്കാൻ നീയുണ്ടായിരുന്നു, ഞാൻ പോയാൽ നീ ആർക്ക് വേണ്ടി ജീവിക്കും' എന്ന് റെജിയോട് ഇന്നസെന്റിന്റെ ചാക്കോ മാപ്ല പറയുമ്പോൾ അത്രയും നേരം ചിരിപ്പിച്ച കഥാപാത്രം ഒരൊറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷകന്റെ കണ്ണ് നനയിക്കുകയായിരുന്നു. അതേ സിനിമയിൽ കെപിഎസി ലളിത 'ഒരു പോള കണ്ണടയ്ക്കാതെ ഇരുന്നു ഉണ്ടാക്കിയതാ' എന്ന് പറയുമ്പോഴും പ്രേക്ഷകർക്ക് നെഞ്ച് പിടയുന്നുണ്ട്.

സത്യൻ അന്തിക്കാട് സിനിമകൾ ഇത്തരം ഹൃദയസ്പർശിയായ നിരവധി രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്, അതെല്ലാം മികച്ചതാക്കാൻ അതുല്യ കലാകാരന്മാരുമുണ്ടായിരുന്നു. സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ ഏറ്റവും പുതിയ ചിത്രം ഹൃദയപൂർവ്വത്തിന്റെ പൂജ സ്റ്റില്ലുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ഒരൽപം വിഷമത്തോടെയാണ് പ്രേക്ഷകരെല്ലാം ഈ സിനിമയ്ക്കായി കാത്തിരിക്കുകയെന്നത് ഉറപ്പാണ്.

ഒരു സത്യൻ അന്തിക്കാട് സിനിമ കാണാനായി പ്രേക്ഷകർ കയറുമ്പോൾ ഹൃദയസ്പർശിയായ ഒരു കുടുംബ ചിത്രത്തിനൊപ്പം മനോഹരമായ ഒരുപിടി പ്രകടനങ്ങൾ കൂടിയാണ് പ്രതീക്ഷിക്കുന്നത്. 1983 ൽ 'കിന്നാരം' എന്ന സിനിമ മുതൽ എല്ലാ സത്യൻ അന്തിക്കാട് സിനിമകളിലും കെപിഎസി ലളിത, ഇന്നെസെന്റ്, നെടുമുടി വേണു, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ അഭിനേതാക്കളിൽ ആരുടെയെങ്കിലും സാന്നിധ്യമുണ്ടായിരിക്കും. അത് 2022 ൽ പുറത്തിറങ്ങിയ ജയറാം ചിത്രം 'മകളി'ൽ വരെ തുടർന്നിരുന്നു.

ഓരോ കാലഘട്ടത്തിലും പല അഭിനേതാക്കളും സത്യൻ അന്തിക്കാട് സിനിമകളുടെ മുഘമുദ്രയായി മാറി. ഇവർ ഒന്നും ഇല്ലാത്ത ഒരു സത്യൻ അന്തിക്കാട് - മോഹൻലാൽ സിനിമയാകും 'ഹൃദയപൂർവ്വം'. മുൻപ് മോഹൻലാലിനൊപ്പം സത്യൻ അന്തികാട് ഒന്നിച്ചപ്പോഴൊക്കെയും മലയാളികൾ എന്നും ആഘോഷിക്കുന്ന സിനിമകളാണ് ഉണ്ടായിട്ടുള്ളത്. അതിൽ മോഹൻലാലിൻ്റെ മികച്ച പ്രകടനത്തോടൊപ്പം നമ്മൾ ഓർത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളും ഉണ്ടായിട്ടുണ്ട്. സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ മോഹൻലാലിന്റെ ഗോപലകൃഷ്ണ പണിക്കരെ പേടിപ്പിക്കാനായി തിലകന്റെ ദാമോദർ ജി എത്തുന്ന രംഗങ്ങൾ ഇന്നും മലയാളായി മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ്. മോഹൻലാലിലെ അഭിനയപ്രതിഭക്കൊപ്പം കട്ടക്ക് നിന്ന പ്രകടനമായിരുന്നു തിലകന്റേത്.

നാടോടിക്കാറ്റിൽ പട്ടിണിനും പരിവട്ടവുമായി അലഞ്ഞു തിരിയുന്ന ദാസനെ സഹായിക്കുന്ന ഇന്നസെന്റിന്റെ ബാലേട്ടനെയും നമ്മൾ ദാസൻ - വിജയൻ കോംബോയ്‌ക്കൊപ്പം ആഘോഷിക്കുന്ന കഥാപാത്രമാണ്. ഇന്നും ഐകോണിക്ക് ആയി തുടരുന്ന മാമുക്കോയയുടെ ഗഫൂർ കാ ദോസ്തും, തിലകന്റെ അനന്തൻ നമ്പ്യാരുമെല്ലാം സത്യൻ അന്തിക്കാട് സിനിമയിൽ നമ്മൾ കണ്ടു ചിരിച്ച കഥാപാത്രങ്ങളാണ്. രസതന്ത്രത്തിൽ ഇന്നസെന്റിൻ്റെ മണികണ്ഠൻ ആശാരിയും മാമ്മുകോയയുടെ കുഞ്ഞൂട്ടനും തമ്മിലുള്ള തർക്കവും പിണക്കങ്ങളുമെല്ലാം പ്രേക്ഷകർക്ക് ചിരി സമ്മാനിച്ച നിമിഷങ്ങളായിരുന്നു. മോഹൻലാലിൻറെ പ്രേമചന്ദ്രനൊപ്പം ഈ കഥാപാത്രങ്ങളും സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽ കയറികൂടിയവരാണ്. ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിലെ കെപിഎസി ലളിതയുടെ ഭാരതിയും ഇന്നസെന്റിൻ്റെ പൊലീസ് കോൺസ്റ്റബിളും തിലകൻ്റെ പൊലീസ് ഓഫിസറും സേതുവിനെ പോലെ ശ്രദ്ധ നേടിയിരുന്നു.

വരവേൽപ്പിലെ ഗൾഫ് മോട്ടോഴ്സിൻ്റെ ഉടമയായ മുരളിയുടെ കഥ സത്യൻ അന്തിക്കാട് മോഹൻലാലിലൂടെ കാണിച്ചു തന്നപ്പോഴും അതിനൊപ്പം തന്നെ ഹൃദയത്തിൽ കയറിക്കൂടിയ ഒരുപിടി നല്ല കഥാപാത്രങ്ങളും സിനിമയിലുണ്ടായിരുന്നു. മുരളി അവതരിപ്പിച്ച യൂണിയൻ മെമ്പർ പ്രഭാകരനും ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ നാരായണനും ഇന്നസെന്റിൻ്റെ ഡ്രൈവർ ചാത്തൂട്ടിയും മാമുക്കോയയുടെ ഹംസയുമെല്ലാം ചേരുമ്പോഴാണ് വരവേൽപ്പ് പൂർണമാകുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരു മോഹൻലാൽ സിനിമയുമായി സത്യൻ അന്തിക്കാട് എത്തുമ്പോൾ പ്രേക്ഷകർ മിസ് ചെയ്യുക ഈ അതുല്യ കലാകാരന്മാരെയെല്ലാം ആണ്. ഒരൽപം നൊമ്പരത്തോടെയല്ലാതെ ഒരുപക്ഷെ മലയാളി പ്രേക്ഷകർക്ക് ഹൃദയപൂർവം കാണാനാകില്ലെന്നത് ഉറപ്പാണ്. കെപിഎസി ലളിത, ഇന്നെസെന്റ്, നെടുമുടി വേണു, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ അഭിനയപ്രതിഭകൾക്ക് മറ്റാരും പകരമാവില്ല.

നായകന്മാർക്കൊപ്പം അവരെ കവച്ച് വെക്കുന്ന പ്രകടനങ്ങളുമായി എത്തുന്ന സഹതാരങ്ങളാണ് എന്നും സത്യൻ അന്തിക്കാട് സിനിമകളിലെ ഹൈലൈറ്റ്. ഹൃദയപൂർവത്തിലേക്ക് എത്തുമ്പോൾ ഇവരുടെ അഭാവത്തിൽ സത്യൻ അന്തിക്കാട് എന്ന സംവിധായകൻ എങ്ങനെയാണ് അതിനെ മറികടക്കുന്നതെന്നത് ഒരു വലിയ ചോദ്യമാണ്. എന്തായാലും പ്രേക്ഷകർ കാത്തിരിക്കുകയാണ്, മറ്റൊരു സത്യൻ അന്തിക്കാട് - മോഹൻലാൽ മാജിക്കിനായി.

Content Highlights: Mohanlal Sathyan Anthikadu film Hridayapoorvam starts filming

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us