
കൃത്യം എട്ട് വര്‍ഷം മുന്‍പ് വന്ന ഒരു ട്വീറ്റ്. 'ധനുഷ് സര്‍, ഞാന്‍ 2ഡി എന്റര്‍ടൈന്‍മെന്റ് മൂവി ബഫ് ഷോര്‍ട്ട് ഫിലിം കോണ്ടെസ്റ്റിലെ വിന്നറാണ്. ഈ ഒരു ഷോര്‍ട്ട് ഫിലിം താങ്കള്‍ കാണുകയാണെങ്കില്‍ അതെനിക്ക് വലിയ സന്തോഷമായിരിക്കും', ഇതായിരുന്നു ആ ട്വീറ്റിലെ ഉള്ളടക്കം. ഒപ്പം ആപ്പ് ലോക് എന്ന ഷോര്‍ട്ട് ഫിലിമിന്റെ ലിങ്കും ഉണ്ടായിരുന്നു. പ്രദീപ് രംഗനാഥന്‍ എന്ന സിനിമാമോഹിയായ ചെറുപ്പക്കാരനായിരുന്നു ആ ട്വീറ്റിന് പിന്നില്‍. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് 2025 ല്‍ ധനുഷ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ നിലാവുക്ക് എന്‍ മേല്‍ എന്നാടി കോബം എന്ന സിനിമയ്‌ക്കൊപ്പം ക്ലാഷ് വെച്ച് പ്രദീപ് അടിച്ചെടുത്തത് 100 കോടിയാണ്. ഓരോ വെള്ളിയാഴ്ചയും സിനിമയില്‍ ഓരോ മാജിക്കുകള്‍ സംഭവിക്കാറുണ്ട്. പ്രതീക്ഷകളെ കവച്ചുവെക്കുന്ന വിജയങ്ങള്‍ സംഭവിക്കാം. പ്രദീപിന്റെ യാത്രയും ഏറെക്കുറെ ഒരു സിനിമ കഥ പോലെ മാജിക്കലാണ്.
സിനിമ മോഹം ഉള്ളിലൊതുക്കി എഞ്ചിനീറിങ്ങിന് ചേര്‍ന്ന ചെറുപ്പക്കാരന്‍. പക്ഷെ ഉള്ളിലെ കടുത്ത സിനിമാപ്രേമിയെ അയാള്‍ക്ക് അധികനാള്‍ പിടിച്ചുനിര്‍ത്താനായില്ല. ഷോര്‍ട്ട് ഫിലിമുകളില്‍ നിന്നായിരുന്നു പ്രദീപിന്റെ ആരംഭം. വാട്‌സ് അപ്പ് കാതല്‍, ആപ്പ് ലോക്ക് തുടങ്ങിയ പ്രദീപിന്റെ ഷോര്‍ട്ട് ഫിലിമുകള്‍ വലിയ ശ്രദ്ധ നേടി. ഈ ഷോര്‍ട്ട് ഫിലിമുകള്‍ തന്നെയാണ് പ്രദീപിന് ആദ്യ സിനിമ ലഭിക്കാനുള്ള കാരണവും. അഭിനയത്തിനൊപ്പം സംവിധാനവും എഡിറ്റിംഗും എല്ലാം പ്രദീപ് തന്നെയായിരുന്നു നോക്കിയിരുന്നത്. ഒടുവില്‍ ഈ ഷോര്‍ട് ഫിലിമുകള്‍ കണ്ടിഷ്ടപ്പെട്ട നടന്‍ രവി മോഹനും നിര്‍മാതാക്കളായ വേല്‍സ് ഇന്റര്‍നാഷണലും പ്രദീപിനെ അയാളുടെ ആദ്യ സിനിമയ്ക്കായി സൈന്‍ ചെയ്തു. സിനിമയുടെ പേര് കോമാളി.
തമിഴ് സിനിമകളുടെ പരമ്പരാഗത റൂട്ടില്‍ കഥ പറഞ്ഞ ചിത്രം തന്നെയായിരുന്നു കോമാളി. എന്നാല്‍, ഒരു കൊമേര്‍ഷ്യല്‍ ഫോര്‍മുലയെ ഡിപെന്‍ഡ് ചെയ്യാതെ തന്റേതായ ചില 'പൊടികൈകള്‍' പ്രദീപ് സിനിമയില്‍ ചേര്‍ത്തു. അങ്ങനെ അതൊരു പക്കാ ഫണ്‍ എന്റര്‍ടൈനര്‍ ആയി മാറി കോമാളി. ആക്‌സിഡന്റ് പറ്റി കോമയിലായ രവി എന്ന കഥാപാത്രം 16 വര്‍ഷങ്ങള്‍ക്ക് ശേഷം കോമയില്‍ നിന്നുണരുന്നതും കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കാനുള്ള അയാളുടെ ശ്രമങ്ങളും തമാശയോടെ ചിത്രം പറഞ്ഞു. പോപ്പ് കള്‍ച്ചര്‍ റെഫെറന്‍സുകളും, 90's കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയയും കൂടി കലര്‍ത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പണം വാരിക്കൂട്ടി. യോഗി ബാബു എന്ന കോമേഡിയനെ ദ്വയാര്‍ത്ഥ പദങ്ങളുടെയോ ബോഡി ഷെമിങ് തമാശകളുടെയോ അകമ്പടിയില്ലാതെ പ്രദീപ് അവതരിപ്പിച്ചതും കൈയ്യടി നേടി. 51 കോടിയാണ് ചിത്രം നേടിയത്. നിരവധി പുരസ്‌കാരങ്ങളും സിനിമ വാരിക്കൂട്ടി.
ഒരൊറ്റ ട്രെയ്ലര്‍ എങ്ങനെയാണ് ഒരു സിനിമയുടെ ഗതി മാറ്റുന്നതെന്ന് കണ്ടിട്ടുണ്ടോ? അങ്ങനെ വിസ്മയിപ്പിച്ച ഒരു ട്രെയ്‌ലറായിരുന്നു പ്രദീപിന്റെ രണ്ടാം സിനിമയായ 'ലവ് ടുഡേ'യുടേത്. സംവിധാനത്തിലെ അയാളുടെ അടുത്ത മാജിക്ക്
പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അയാള്‍ നായകന്റെ കുപ്പായം കൂടി എടുത്തണിഞ്ഞു. ഒരൊറ്റ ട്രെയ്ലര്‍ കൊണ്ടായിരുന്നു സിനിമയുടെ ഹൈപ്പ് കുത്തനെ കൂടിയത്. അതുവരെ പ്രദീപിനെ കളിയാക്കിയവര്‍ക്കും പ്രതീക്ഷയില്ലാതെ ഇരുന്നവര്‍ക്കും ആ ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കി. സ്വന്തം ഷോര്‍ട്ട് ഫിലിം ആയ ആപ്പ് ലോക്ക് തന്നെയായിരുന്നു പ്രദീപ് രണ്ടാമത്തെ സിനിമയുടെ കഥയ്ക്കായി തിരഞ്ഞെടുത്തത്. മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമ ബോക്‌സ് ഓഫീസില്‍ വമ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. യൂത്തിനെ ആകര്‍ഷിക്കും വിധം ഒരുക്കിയ ലവ് ടുഡേയിലൂടെ പ്രദീപ് 100 കോടി നേടിയെടുത്തു.
അഭിനയം തുടങ്ങിയത് മുതല്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പ്രദീപിനൊപ്പം ഉണ്ടായിരുന്നു. നിറത്തിനെയും രൂപത്തെയും വേഷത്തെയുമെല്ലാം കളിയാക്കികൊണ്ട് അയാളെ ചവിട്ടിതാഴ്ത്താന്‍ ക്ഷമിച്ചവര്‍ ഏറെയായിരുന്നു. ഇവനൊക്കെ എങ്ങനെയാണ് നായകനായത്, ഇവന്‍ ധനുഷിനെ അനുകരിക്കുകയാണ്, അടുത്ത ധനുഷ് ആകാനുള്ള ശ്രമമാണോ എന്ന് തുടങ്ങിയ കമന്റുകള്‍ പ്രദീപിന് നേരെ വരാന്‍ തുടങ്ങി. ലവ് ടുഡേയുടെ സക്‌സസ് മീറ്റില്‍ എപ്പടി ഇരുക്കേന്‍ എന്ന പ്രദീപിന്റെ ചോദ്യത്തിന് കാണികളില്‍ ഒരാളുടെ മറുപടി 'കേവലമാ ഇരുക്കേന്‍' എന്നായിരുന്നു. പ്രദീപിന്റെ രൂപം ആയിരുന്നു അവിടെ ക്രൂരമായ ആ കളിയാക്കലിന് ഇരയായത്. തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് അയാള്‍ പടുത്തുയര്‍ത്ത വിജയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഉയര്‍ന്ന അധിക്ഷേപം അയാളെ ഉലച്ചുകളഞ്ഞിരിക്കാം. ലവ് ടുഡേയില്‍ യോഗി ബാബുവിന്റെ കഥാപാത്രത്തിലൂടെ ബോഡി ഷെയ്മിങ്ങിനെ കുറിച്ച് വ്യക്തമായ ഭാഷയില്‍ സംസാരിച്ചത് പ്രദീപ് ഓര്‍ത്തിരിക്കണം. അതുകൊണ്ട് തന്നെ അത്തരം ഇകഴ്ത്തലുകള്‍ക്ക് മുന്‍പില്‍ തളര്‍ന്നിരിക്കാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു.
സാധാരണക്കാരന് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന, ഒരു മിഡില്‍ ക്ലാസ് പയ്യന്‍ എന്ന നിലയില്‍ വളരെ വേഗം കണക്ട് ആകുന്ന രൂപമായിരുന്നു പ്രദീപിന്റേത്. ധനുഷിന് തന്റെ മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ ആദ്യ കാലങ്ങളില്‍ കേട്ട കളിയാക്കലുകള്‍ക്ക് സമാനമാണ് ഇവിടെ ഇപ്പോള്‍ പ്രദീപ് അനുഭവിക്കുന്നത്. എന്നാല്‍ തന്റെ അഭിനയം കൊണ്ട് ധനുഷ് എങ്ങനെയൊക്കെ അതിനെ മറികടന്നുവോ പ്രദീപും ആ പാതയിലേക്ക് തന്നെയാണ് പോകുന്നത്. അതിന് ഉദാഹരണമാണ് ഡ്രാഗണിന്റെ വിജയം.
നടന്‍ എന്ന നിലയില്‍ പ്രദീപിന്റെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു ഡ്രാഗണ്‍. ലവ് ടുഡേയില്‍ റൊമാന്‍സിലും കോമഡിയിലും പ്രദീപിനുണ്ടായിരുന്ന മേല്‍കൈ ഇത്തവണ ഇമോഷണല്‍ സീനുകളിലും ഉണ്ടെന്ന് അയാള്‍ തെളിയിച്ചു. സിനിമയുടെ അവസാനത്തോട് അടുക്കുമ്പോള്‍ ജോര്‍ജ് മരിയന്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തോട് കരഞ്ഞുകൊണ്ട് പറയുന്ന രംഗങ്ങളില്‍ പ്രദീപ് കസറി. ഒപ്പം ഫൈറ്റ് സീനുകളിലും പ്രദീപ് മികച്ചുനിന്നു. ഒട്ടും ഓവര്‍ ദി ടോപ് ആകാതെ ആക്ഷന്‍ സീനുകളെ വളരെ കണ്‍വിന്‍സിംഗ് ആയി പ്രദീപ് അവതരിപ്പിച്ചു. തനിക്ക് ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണെന്നും തനിക്ക് വേണ്ടി ഒരു ആക്ഷന്‍ സിനിമ എഴുതുന്നുണ്ടെന്നും പ്രദീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞതിനെ ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.
ലവ് ടുഡേ പോലെ ഡ്രാഗണിനും ഒരു ട്രെയ്‌ലര്‍ കഥ പറയാനുണ്ട്. ട്രാക്ക് അല്‍പം വ്യത്യസ്തമാണ്. ഇത് ഡോണ്‍ 2 അല്ലേ, സ്ഥിരം ബാക്ബെഞ്ചര്‍ ഗ്ലോറിഫിക്കേഷന്‍ തന്നെ, ടോക്‌സിക് ആയ നായകന്റെ മറ്റൊരു കഥ - ഡ്രാഗണിന്റെ ട്രെയ്ലര്‍ വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകേട്ട വിമര്‍ശനങ്ങളാണ് ഇവ. ഒരു ഭാഗത്ത് സിനിമയ്ക്ക് മേല്‍ പ്രതീക്ഷയേറുമ്പോഴും ശക്തമായ എതിര്‍പ്പുകള്‍ റിലീസിന് മുന്‍പേ സിനിമയെ തേടിയെത്തിയിരുന്നു. ട്രെയ്ലര്‍ മാത്രം കണ്ടിട്ട് സിനിമയെ വിമര്‍ശിക്കരുതെന്നും ട്രെയിലറില്‍ കണ്ടതിനേക്കാള്‍ സര്‍പ്രൈസുകള്‍ സിനിമയിലുണ്ടാകുമെന്നുമുള്ള സംവിധായകന്‍ അശ്വത്ത് മാരിമുത്തുവിന്റെ വാക്കുകള്‍ ഒടുവില്‍ സത്യമായി.
ആദ്യ ഷോ കഴിഞ്ഞത് മുതല്‍ എങ്ങും മികച്ച പ്രതികരണം. ഡ്രാഗണിനായി തിയേറ്ററുകള്‍ വന്‍ ജനതിരക്കായി. അങ്ങനെ തുടര്‍ച്ചയായി രണ്ടാം തവണയും പ്രദീപ് 100 കോടിയിലെത്തി. 2025 ല്‍ സൂപ്പര്‍താരങ്ങളായ അജിത്തിനും ധനുഷിനും നേടാനാകാതെ വിജയമാണ് പ്രദീപ് ഈ സിനിമയിലൂടെ നേടിയത്. ഒരു സ്റ്റാര്‍ ഹീറോയ്ക്ക് വേണ്ടി എല്ലാ ക്വാളിറ്റികളോടും കൂടിയാണ് പ്രദീപ് ഇന്ന് തമിഴ് സിനിമയിലെത്തി നില്‍ക്കുന്നത്. ശിവകാര്‍ത്തികേയന്‍ കഴിഞ്ഞുള്ള തലമുറയിലെ താരപ്പട്ടമാണ് പ്രദീപിനായി പലരും കണക്കുകൂട്ടുന്നത്.
വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനി ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപിന്റെ സിനിമ. ബിഗ് ബജറ്റ് ഫാന്റസി ലവ് സ്റ്റോറി ആയി ഒരുങ്ങുന്ന സിനിമ കൂടി വിജയിച്ചാല്‍ ഹാട്രിക്ക് 100 കോടി ആകും പ്രദീപിന്റെ പേരിലാകുന്നത്. ഒപ്പം സംവിധാനസംരംഭങ്ങളും അണിയറയിലുണ്ട്.സിനിമ പോലെ മാജിക്കലായ ഒരു വിജയഗാഥയുമായി മുന്നേറുന്ന പ്രദീപ് രംഗനാഥനില്‍ നിന്നും നടനായും സംവിധായകനായും ഇനിയുമേറെ മികച്ച ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlights: Pradeep ranganadhan life story