
മാര്‍ച്ച് 27 ന് തിയേറ്ററുകള്‍ ആഘോഷമാക്കാന്‍ എത്തുന്ന എമ്പുരാന്‍ എന്ന മഹോത്സവത്തിന് കൊടിയേറിയിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ടുണ്ടായ റീലീസ് അനിശ്ചിതത്വങ്ങള്‍ ഗോകുലം മൂവീസിന്റെ ഇടപെടലോടെ അവസാനിക്കുമ്പോള്‍ സിനിമാപ്രേമികള്‍, ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ആഘോഷം തുടങ്ങിയിരിക്കുകയാണ്.
ഇപ്പോള്‍ ലൈക്കയും ആശിര്‍വാദും ഗോകുലവും ഒന്നിച്ചാണ് എമ്പുരാന്‍ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. നിര്‍മിക്കുന്ന ചിത്രങ്ങളെയും വിതരണത്തിന് എടുക്കുന്ന ചിത്രങ്ങളെയും ആഘോഷപൂര്‍വം തിയേറ്ററുകളിലെത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ് ഈ മൂന്ന് നിര്‍മാണ കമ്പനികളും എന്നത് സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ആശിര്‍വാദ് നിര്‍മിച്ച ചിത്രങ്ങളെല്ലാം വമ്പിച്ച സ്‌ക്രീന്‍ കൗണ്ട് ഉറപ്പാക്കിയാണ് ഇതുവരെ ഓപണിങ് ഡേ ആരംഭിച്ചിട്ടുള്ളത്. എമ്പുരാന്റെ കാര്യത്തില്‍ ആ ഉറപ്പ് ഡബിളായിരിക്കുകയാണ്. ഒരു മാസം മുന്‍പേ സിനിമയുടെ ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം വിറ്റുകഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങളും വേര്‍ഡ് ഓഫ് മൗത്തും തന്നെയാണ് സിനിമയുടെ അന്തിമമായ കളക്ഷന് നിര്‍ണായകമെങ്കിലും, വമ്പന്‍ ബജറ്റിലെത്തുന്ന ചിത്രങ്ങള്‍ക്ക് പ്രമോഷനും തിയേറ്ററുകളുടെ എണ്ണവും ഏറെ പ്രധാനപ്പെട്ടതാണ്. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് ആശിര്‍വാദ് സിനിമയ്ക്കായി ചാര്‍ട്ടിങ് നടത്തിയിരിക്കുന്നത്. കേരളത്തിലെ ആകെ 777 തിയേറ്ററുകളില്‍ 700ലും എമ്പുരാന്റെ ഷോ ഉണ്ടാകുമെന്നാണ് കണക്കുകള്‍. ഇപ്പോള്‍ ഗോകുലം കൂടി പങ്കാളിയായതോടെ ഈ ഷോകളുടെ എണ്ണം വര്‍ധിച്ചേക്കാം.
ഇതിനിടയില്‍ എമ്പുരാനായുള്ള ആവേശം വര്‍ധിപ്പിക്കാന്‍ ലൂസിഫര്‍ വീണ്ടും തിയേറ്ററുകളിലെത്തുന്നുണ്ട്. കേരളത്തിലും വിദേശത്തും മാര്‍ച്ച് 20നാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. ഇറങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും, കടവുളേ പോലെ വന്ത സ്റ്റീഫന്‍ നെടുമ്പള്ളി ആവേശമാണ്. ആ ആവേശത്തെ ഒന്ന് തട്ടിയുണര്‍ത്താനാണ് ആശിര്‍വാദിന്റെ തീരുമാനം. ലൂസിഫര്‍ റീറിലീസ് ട്രെയിലര്‍ കൂടി പുറത്തിറങ്ങിയതോടെ ലൂസിഫര്‍ കണ്ട്, ആ ചൂടോടെ തന്നെ എമ്പുരാനും കാണാം എന്ന് പ്ലാന്‍ ഇടുന്നവര്‍ ഏറെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ കാണാം.
ഇനി ഗോകുലം മൂവിസിലേക്ക് വന്നാല്‍, എമ്പുരാന്‍ മാത്രമല്ല, റിലീസിങ് പ്രതിസന്ധിയിലായ ചെറുതും വലുതുമായ നിരവധി ചിത്രങ്ങള്‍ക്ക് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോകുലം ഡിസ്ട്രിബ്യൂഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തങ്കലാന്‍, ഇന്ത്യന്‍ 2, ദി ഗോട്ട്, വേട്ടയ്യന്‍, രായന്‍, അമരന്‍ എന്നീ തമിഴ് ചിത്രങ്ങള്‍ ഗോകുലം മൂവീസ് കേരളത്തില്‍ വിതരണത്തിനെടുത്തിരുന്നു. രായനും വേട്ടയ്യനും അമരനും കേരളത്തില്‍ വലിയ നേട്ടമായിരുന്നു ഗോകുലത്തിന് നേടിക്കൊടുത്തത്. വിജയപരാജയങ്ങള്‍ക്കപ്പുറം ഈ തമിഴ് ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്‌ക്രീന്‍ കൗണ്ട് ഗോകുലം മൂവീസ് കേരളത്തില്‍ ഉറപ്പാക്കിയിരുന്നു. ഇപ്പോള്‍ എമ്പുരാനിലേക്ക് എത്തുമ്പോള്‍ നിര്‍മാണ പങ്കാളി കൂടിയാകുന്ന ഘട്ടത്തില്‍ വന്‍ വരവേല്‍പ്പ് തന്നെയായിരിക്കും ചിത്രത്തിനായി ഗോകുലം ഉറപ്പാക്കുക.
ആശിര്‍വാദിന്റെ 25ാം വാര്‍ഷികത്തോടൊപ്പം എമ്പുരാന്റെ ഗംഭീരമായ ടീസര്‍ ലോഞ്ച് ഇവന്റ് നടന്നു. ആദ്യമായിട്ടാണ് അത്രയും ഗ്രാന്‍ഡായ ഒരു പ്രോഗ്രാം മലയാളത്തിലെ ഒരു സിനിമാ ടീസര്‍ റിലീസിന് നടക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളിലായ കോയമ്പത്തൂരിലും മോഹന്‍ലാലും പൃഥ്വിരാജും പങ്കെടുത്ത ഇവന്റ് നടന്നു. ഇതിനിടെ ദേശീയമാധ്യമങ്ങളില്‍ പൃഥ്വിരാജിന്റെ അഭിമുഖങ്ങളും പുറത്തുവന്നു. ടീസര്‍ ലോഞ്ചിനും അതിനു തൊട്ടടുത്ത ദിവസങ്ങളിലും എമ്പുരാനെ കേരളത്തിനകത്തും പുറത്തും ഒരുപോലെ പ്രധാന ചര്‍ച്ചാവിഷയമായി നിലനിര്‍ത്താന്‍ ലൈക്കയ്ക്കും ആശിര്‍വാദിനും കഴിഞ്ഞിരുന്നു. ലൈക്കയുടെ നേതൃത്വത്തില്‍ നടന്ന കോയമ്പത്തൂര്‍ ഇവന്റ് തമിഴ്‌നാട്ടില്‍ സിനിമയുടെ ഹൈപ്പ് വര്‍ധിപ്പിക്കുന്നതിന് ഏറെ സഹായകമായിരുന്നു.
ഓവര്‍സീസിലും വമ്പന്‍ തിയേട്രിക്കല്‍ അഡ്വാന്‍സ് എമ്പുരാന്‍ നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 30 കോടി എന്ന മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയാണ് ഓവര്‍സീസില്‍ അഡ്വാന്‍സായി സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ട്രാക്കേഴ്‌സ് പറയുന്നത്.
അപ്പോള്‍ പറഞ്ഞു വന്നത്, റിലീസിങ് അനിശ്ചിതത്വങ്ങള്‍ ഉണ്ടാക്കിയ ആശങ്കയും നിരാശയുമൊക്കെ മറന്നേക്കൂ. മാസ് ആന്റ് ക്ലാസായി മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തുന്ന എമ്പുരാനെ ആഘോഷപൂര്‍വം വരവേല്‍ക്കാന്‍ ഒരുങ്ങിക്കോളൂ.
Content Highlights: Gokulam, Aashirvad and Lyca comes together for Empuraan