
മലയാളികളെ ഇത്രയധികം മുള്‍മുനയില്‍ നിര്‍ത്തിയ ഒരു സിനിമ അടുത്ത കാലങ്ങളില്‍ ഒന്നും ഉണ്ടായിട്ടുണ്ടാകില്ല. അത്രയധികം എമ്പുരാന്‍ പ്രേക്ഷകരെ ടെന്‍ഷനടിപ്പിച്ചിട്ടുണ്ട്. ആദ്യം റിലീസിനെപ്പറ്റിയുള്ള സംശയങ്ങള്‍, പിന്നീട് അത് ബുക്കിനെപ്പറ്റിയായി. മാര്‍ച്ച് 27 ആകാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ റിലീസ് ഉണ്ടാകുമോയെന്ന ചോദ്യങ്ങള്‍ വരെ വന്നു. ഒടുവില്‍ ബുക്കിംഗ് എന്ന് ആരംഭിക്കും എന്നായി അത്. ഒടുവില്‍ സംശയങ്ങള്‍ക്ക് അറുതി വരുത്തി മാര്‍ച്ച് 21 ന് രാവിലെ 9 മണിക്ക് ബുക്കിംഗ് ആരംഭിക്കുമെന്ന വാര്‍ത്ത വന്നയുടന്‍ ആരാധകരില്‍ വന്ന ആവേശം ചെറുതല്ല.
സിനിമ ഏറ്റവും മികച്ച രീതിയില്‍ കാണാന്‍ ഏത് തിയേറ്ററില്‍ ബുക്ക് ചെയ്യണമെന്നും ഏത് സീറ്റ് എടുക്കണമെന്നും കുലങ്കുഷമായ ചര്‍ച്ചകള്‍ നടന്നു. ഗംഭീര ബുക്കിംഗ് നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ പ്രെഡിക്ഷന്റെ എല്ലാ പരിധികളും തിരുത്തിക്കുറിച്ചുകൊണ്ട് കത്തിക്കയറുകയാണ് എമ്പുരാന്റെ ബുക്കിംഗ്. കേരളത്തിലെ ലിയോയുടെ ആദ്യ ദിന കളക്ഷനെ മറികടക്കുമോ എന്ന ചോദ്യത്തില്‍ നിന്ന് തുടങ്ങിയ ബുക്കിംഗ്, അതിന് റിലീസ് ദിവസം വരെ കാത്തിരിക്കേണ്ടി വരില്ല, അതിനുമുന്‍പ് ലിയോയുടെ റെക്കോര്‍ഡും അതിനപ്പുറവും എമ്പുരാന്‍ ചാടിക്കടക്കുമെന്ന മറുപടിയിലേക്ക് എത്തിയിരിക്കുകയാണ്.
ബുക്കിംഗ് തുടങ്ങി നിമിഷ നേരം കൊണ്ടാണ് എമ്പുരാന്‍ അഡ്വാന്‍സ് ബുക്കിങ്ങില്‍ ചരിത്രം കുറിക്കുന്നത്. ഓപ്പണ്‍ ആയി ആദ്യ മണിക്കൂറില്‍ സിനിമ വിറ്റത് 96.14 K ടിക്കറ്റുകളാണ്. ഒരു ഇന്ത്യന്‍ സിനിമ പ്രീ സെയിലില്‍ ആദ്യ മണിക്കൂറില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ബുക്കിംഗ് ആണിത്. വമ്പന്‍ പാന്‍ ഇന്ത്യന്‍ സിനിമകളായ പുഷ്പ 2 , ജവാന്‍, ലിയോ, സലാര്‍ തുടങ്ങിയവയെ മറികടന്നാണ് എമ്പുരാന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍ നായകനായ ജവാനായിരുന്നു ഇതിന് മുന്നേ ആദ്യ ദിന അഡ്വാന്‍സ് ബുക്കിങ്ങില്‍ മുന്നിട്ടു നിന്നിരുന്നത്. 85000 ടിക്കറ്റുകളാണ് ജവാന്‍ വിറ്റിരുന്നത്. രണ്ടാം സ്ഥാനം വിജയ് ചിത്രം ലിയോയ്ക്കായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 82000ത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് ചിത്രം വിറ്റിരുന്നത്. തൊട്ട് താഴെ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പുഷ്പ 2 ആണ്. 80000ത്തോളം ടിക്കറ്റുകളാണ് പുഷ്പ വിറ്റത്. ഒരു മണിക്കൂറിലാണ് ഈ റെക്കോര്‍ഡുകള്‍ എല്ലാം എമ്പുരാന്‍ തകര്‍ത്തെറിഞ്ഞത്.
ബുക്കിംഗ് തുടങ്ങി എട്ടു മണിക്കൂറിനുള്ളില്‍ 7.40 കോടിയാണ് എമ്പുരാന്റെ പ്രീ സെയില്‍ കളക്ഷന്‍. ഇത് ഫാന്‍സ് ഷോകള്‍ ഉള്‍പ്പെടുത്താത്ത കണക്കുകളാണ്. ഇത് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസിന് ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചിത്രം പ്രീ സെയിലില്‍ നിന്ന് മാത്രം ലിയോയുടെ 12 കോടി മറികടക്കുമെന്നാണ് കണക്കുകൂട്ടല്‍. പല തിയേറ്ററുകളിലും ടിക്കറ്റ് ലഭിച്ചില്ലെന്നുള്ള പരാതികളാണ് സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടപെട്ട തിയേറ്ററില്‍ കാണണം എന്ന് പ്ലാന്‍ ഇട്ട പലരും ഇപ്പോള്‍ ഏതെങ്കിലും തിയേറ്ററില്‍ ഏതെങ്കിലും സീറ്റ് കിട്ടിയാല്‍ മതിയെന്ന അവസ്ഥയിലാണ്. തൃശൂരിലെ രാഗം തിയേറ്ററില്‍ ഒരു മണിക്കൂറിനുള്ളില്‍ അഞ്ച് ദിവസത്തെ എല്ലാ ഷോയും ഫുള്‍ ആയത് ചിത്രത്തിനായി പ്രേക്ഷകര്‍ എത്രത്തോളം കാത്തിരിക്കുന്നു എന്നതിനുള്ള തെളിവാണ്. ടിക്കറ്റ് ബുക്ക് ചെയ്യാനായി പ്രേക്ഷകര്‍ തിയേറ്റര്‍ കൗണ്ടറിലേക്ക് ഓടുന്നതും, വീഴുന്നതും പിന്നെയും എണീറ്റ് ഓടുന്ന വീഡിയോ ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Crowds Go Wild! #L2Empuraan Pre-Booking Frenzy Takes Over At #Thrissur Ragam Theatre#EmpuraanTrailer #EmpuraanOnMarch27 #EmpuraanFDFS #Mohanlal #Prithviraj pic.twitter.com/T5GGy6piji
— Timeline. (@timelinelatest) March 21, 2025
പിവിആര്‍ - ഐനോക്‌സ് സ്‌ക്രീനുകളില്‍ 900, 1000 മുതലാണ് ടിക്കറ്റ് ചാര്‍ജുകള്‍ ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അവയെല്ലാം തന്നെ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വിറ്റു തീരുന്നത്. തമിഴ്, തെലുങ്ക്, ബോളിവുഡ് പ്രേക്ഷകരടക്കം എമ്പുരാന്റെ ഈ നേട്ടത്തെ അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. ഓരോ ഇന്‍ഡസ്ട്രിയിലെയും സൂപ്പര്‍താരങ്ങളുടെ റെക്കോര്‍ഡുകള്‍ മണിക്കൂറുകള്‍ കൊണ്ട് എമ്പുരാന്‍ മറികടക്കുന്നത് കാണുമ്പോള്‍ ആരായാലും ഞെട്ടിപ്പോകുമല്ലോ. ആഗോള ബോക്‌സ് ഓഫീസിലും വമ്പന്‍ കുതിപ്പാണ് എമ്പുരാന്‍ നടത്തുന്നത്. നേരത്തെ തുടങ്ങിയ ഓവര്‍സീസ് ബുക്കിംഗ് ഹൗസ് ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. ചിത്രം ആദ്യ ദിവസം 50 കോടി നേടുമെന്നും കണക്കുകൂട്ടല്‍ ഉണ്ട്.
മലയാള സിനിമ ഒന്നടങ്കം എമ്പുരാന്റെ ഈ നേട്ടം ആഘോഷിക്കുകയാണ്. നടീനടന്മാരും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരുമെല്ലാം എമ്പുരാന്റെ നേട്ടത്തെ മലയാള സിനിമയുടെ വന്‍വിജയമായാണ് ആഘോഷിക്കുന്നത്. തമിഴും തെലുങ്കും കന്നഡയും അവരുടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് വലിയ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ മലയാള സിനിമയും ആഗ്രഹിച്ചിരുന്നു അത്തരമൊരു നിമിഷത്തിനായി. എമ്പുരാന്‍ അതിലേക്കുള്ള യാത്രയിലാണ്. ആ സ്വപ്നത്തിന്റെ കപ്പിത്താനായി മലയാളത്തിന്റെ മോഹന്‍ലാലുണ്ട്, പൃഥ്വിരാജുണ്ട്, മുരളി ഗോപിയുണ്ട്. എത്രയൊക്കെ സിനിമകള്‍ പരാജയപ്പെട്ടാലും മോഹന്‍ലാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവന്‍ അല്ലാതാകുന്നില്ല, കാരണം തന്റെ നീണ്ട അഭിനയവര്‍ഷങ്ങളില്‍ അയാള്‍ നമ്മളുടെ മനസില്‍ ആര്‍ക്കും തകര്‍ക്കാനാകാത്ത ഒരു സ്ഥാനം നേടിയിട്ടുണ്ട്. ഇന്ന് ആ മോഹന്‍ലാലിനെ ഇന്ത്യ മുഴുവന്‍ ആഘോഷിക്കുകയാണ്, എമ്പുരാന്റെ വരവിനായി കാത്തിരിക്കുകയാണ്. കളക്ഷന്‍ റെക്കോര്‍ഡുകള്‍ക്കൊപ്പം മലയാള സിനിമയില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ എമ്പുരാന് സാധിക്കട്ടെ.
Content Highlights: Empuraan advance bookings creates records in Kerala