ദാസനും സേതുവും പ്രേമചന്ദ്രനും തുടരും... 'സാധാരണക്കാരന്റെ കുപ്പായത്തിൽ' എന്നും മോഹൻലാൽ തന്നെ നായകൻ

മുണ്ട് മടക്കിക്കുത്തി മീശയും പിരിച്ച് വരുന്ന മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ആ മീശയൊന്ന് താഴ്ത്തി, അൽപം കുസൃതിയോടെ, നാണം കുണുങ്ങിയ ചിരിയുമായി ആ 'സാധാരണക്കാരൻ ലാലേട്ടൻ' വരുമ്പോൾ അത് മലയാളികൾക്ക് something special ആകും

dot image

'മടുത്തു ബാലേട്ടാ… വലിയ ബംഗ്ലാവും കാറുമൊന്നും ഞാൻ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. ഒരു ചെറിയ ജോലി, അത്രേയുള്ളൂ എന്റെ ആശ' നാടോടിക്കാറ്റിലെ ദാസൻ പറയുന്ന ഈ ഡയലോഗ് ഏതൊരു മധ്യവർഗ്ഗ മലയാളിക്കും തന്റെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയും. അമാനുഷികതകൾ ഒന്നുമില്ലാതെ, തമാശകളും വേദനയും നിസഹായതയും നിറഞ്ഞ ഇത്തരം 'സാധാരണക്കാരൻ' കഥാപാത്രങ്ങളിലൂടെയാണ് മോഹൻലാൽ എന്ന നടൻ മലയാളിക്ക് തങ്ങളുടെ പ്രിയങ്കരനായ ലാലേട്ടനായി മാറിയത്.

മോഹൻലാലിന്റെ ചിത്രം

ടിപി ബാലഗോപാലൻ എം എ എന്ന സിനിമ തന്നെ അതിനൊരു ഉദാഹരണമായെടുക്കാം. എംഎക്കാരനായ അയാളുടെ കഥ ആരംഭിക്കുന്നത് തന്നെ തന്റെ ശമ്പളം വെറും 800 രൂപയാണ് എന്ന് ദൈവങ്ങളോട് പരാതി പറയുന്നിടത്ത് നിന്നാണ്. ചിട്ടിയിൽ ചേർന്നും ലോട്ടറി എടുത്തും എന്നെങ്കിലും പണക്കാരനാകും എന്ന് സ്വപ്നം കണ്ട് ജീവിക്കുന്നയാളാണ് അയാൾ. കോഫി ഷോപ്പിൽ വെച്ച് അപ്പുറത്തിരിക്കുന്ന കമിതാക്കളെ കണ്ട് 'നമ്മുടെ പുറകിൽ ഇരിക്കുന്ന ടീമിനെ നോക്കിക്കേ ലൈനാണ്… ലൈൻ' എന്ന് പറയുന്ന ബാലഗോപാലന്മാരെ നമ്മൾ എല്ലാവരും നാട്ടിൻപുറങ്ങളിൽ കണ്ടിട്ടുണ്ടാകും.

ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലെ ഒരു രംഗം

സിനിമയുടെ അവസാന ഭാഗങ്ങളിൽ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞു വന്ന അനിയത്തിയോട് 'ദേവീ… ഇപ്പൊ എന്റെ കൈയിൽ ഇതേ ഉള്ളൂ…അവിടെ ചെന്നാൽ നിനക്ക് സ്വന്തമായി കാര്യങ്ങൾ ഉണ്ടാവില്ലേ..കൺമഷി വാങ്ങിക്കുക..പൗഡർ വാങ്ങിക്കുക..അങ്ങിനെ എന്തെങ്കിലും..അതിനൊന്നും നാരായണൻ കുട്ടിയെ ബുദ്ധിമുട്ടിക്കേണ്ടല്ലോ..' എന്ന് പറഞ്ഞ് 50 രൂപ നോട്ട് എടുത്ത് കൊടുക്കുമ്പോൾ അയാളിലെ സഹോദരന്റെ നിസഹായത ആർക്കും മനസിലാകും.

ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലെ ഒരു രംഗം

നാടോടിക്കാറ്റിലേക്ക് വന്നാൽ അവിടെയും തന്റെ വിദ്യാഭാസത്തിനൊത്ത് തൊഴിൽ ലഭിക്കാത്ത ദാസന്റെ മനസ്സ് ആർക്കും വായിക്കാൻ കഴിയും. പണി പോകുമ്പോൾ 'അല്ലേലും ഈ തല്ലിപ്പൊളി കമ്പനിയിലെ ജോലി ഞങ്ങൾക്ക് പ്രശ്നമല്ല' എന്ന് പറയാത്ത 'നമുക്ക് നല്ലൊരു വീട് കെട്ടണം, കാർ വാങ്ങണം, ഒരു ഫ്രിഡ്ജ്, എസി… നമുക്ക് അങ്ങ് സുഖിക്കണം' എന്ന് പകൽ കിനാവ് കാണാത്തവരുണ്ടോ? പ്രതീക്ഷിച്ച പോലെ ജോലി ഒന്നും ലഭിക്കാതെ മറ്റൊരു നാട്ടിലേക്ക് ചേക്കേറുന്ന അവസ്ഥയും അമ്മയുടെ മരണം പോലും കത്തിലൂടെ മാത്രം അറിയേണ്ടി വരുന്നവന്റെ വേദനയും മോഹൻലാൽ പകർന്നാടുമ്പോൾ ആരും ദാസനിൽ സ്വന്തം മുഖം കാണും.

ഈ കഥാപാത്രങ്ങളുടെ അവസ്ഥകൾ ഇന്നും ഏതൊരു മലയാളിക്കും ഇന്നും റിലേറ്റ് ചെയ്യാൻ കഴിയുന്നുണ്ട്. നടപ്പിലും നോട്ടത്തിലും ചിരിയിലും കരച്ചിലിലുമെല്ലാം യാതൊരു അതിഭാവുകത്വവുമില്ലാതെയുള്ള മോഹൻലാലിന്റെ പ്രകടനം തന്നെയാണ് അതിന് കാരണവും. നാടോടിക്കാറ്റിലെ മണ്ണെണ്ണ വാങ്ങാൻ പോകുന്ന രംഗത്തിലെ ആ ചമ്മൽ കലർന്ന ചിരിയും മിഥുനത്തിലെ 'ഇനി പണയം വെക്കാൻ അണ്ടർവെയർ മാത്രം ഉള്ളു' എന്ന് പറയുമ്പോഴുള്ള ആ നിസ്സഹായതയുമെല്ലാം മറ്റാർക്കും ചെയ്യാനാകാത്ത വിധമുള്ള ഒരു മോഹൻലാൽ മാജിക്ക് തന്നെയാണ്. അയാളുടെ പ്രണയഭാവങ്ങൾക്ക് പോലും ആ മനോഹരിഹതയുണ്ട്. 'വഴക്ക് പറയാൻ, ശാസിക്കാൻ, നേർവഴിക്ക് നടത്താൻ, ഇതിനൊക്കെ ഒരാളുണ്ടാവുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്' എന്ന് നാടോടിക്കാറ്റിൽ പറയുന്ന അത്രത്തോളം സ്വാഭാവികമായി പ്രണയം വിരിയുന്ന നിമിഷങ്ങൾ മലയാളത്തിൽ വിരളമാണെന്ന് പറയാം.

നാടോടിക്കാറ്റ് എന്ന സിനിമയിലെ ഒരു രംഗം

80, 90 കാലഘട്ടങ്ങളിലെ സിനിമകളിൽ ഒട്ടുമുക്കാലിലും നമ്മൾ കണ്ടത് ഏതൊരു മധ്യവര്‍ഗ്ഗ മലയാളിക്കും സ്വജീവിതവുമായി ചേർത്തുവെക്കാൻ കഴിയുന്ന മോഹൻലാൽ കഥാപാത്രങ്ങളെയാണ്. ടി പി ബാലഗോപാലൻ എം എയും വെള്ളാനകളുടെ നാടിലെ കോൺട്രാക്ടർ സി പിയും നാടോടിക്കറ്റിലെ ദാസനുമെല്ലാം അത്തരം കഥാപാത്രങ്ങളാണ്. അവർക്ക് വില്ലന്മാരാകുന്നത് പലപ്പോഴും ഈ വ്യവസ്ഥിതി കൂടിയാണ്. വെള്ളാനകളുടെ നാടിലെ പവിത്രനെ ചെറിയ തട്ടിപ്പുകൾ നടത്തുന്ന കോൺട്രാക്ടർ സിപി ആക്കുന്നതും വരവേൽപ്പിലെ മുരളിയെ തിരികെ ഗൾഫിലേക്ക് പറഞ്ഞുവിടുന്നതും ഗാന്ധിനഗറിലെ സേതുവിനെ മഞ്ഞണിമാമലയിൽ നിന്ന് വന്ന ഗൂർഖയാക്കുന്നതുമെല്ലാം ഈ വ്യവസ്ഥിതിയുടെ പരിമിതികൾ കൂടിയാണ്.

2000 ങ്ങളുടെ തുടക്കത്തിൽ മോഹൻലാലിലെ മാസ് കഥാപാത്രങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായപ്പോൾ പ്രേക്ഷകരിൽ നിന്ന് ചില വിയോജിപ്പുകൾ ഉണ്ടായി. അന്ന് അതിന് മോഹൻലാൽ മറുപടി നൽകിയത് തന്റെ പിരിച്ച മീശ താഴ്ത്തി വെച്ച്, ഒരു പെട്ടിയും കയ്യിലെടുത്ത് വരുന്ന അത്താണി പറമ്പിൽ ബാലചന്ദ്രനായാണ്. പിന്നാലെ രസതന്ത്രത്തിലെ പ്രേമചന്ദ്രനായും തന്മാത്രയിലെ രമേശനായുമെല്ലാം മോഹൻലാലിലെ സാധാരണക്കാരനെ മലയാളികൾ ചേർത്തുപിടിച്ചു. 'രസതന്ത്രം സിനിമയിൽ അച്ഛൻ മരിച്ചു എന്ന് അറിയുന്ന സീനിൽ ലാലിന്റെ റിയാക്ഷൻ ഞാൻ കാണിച്ചിട്ടുള്ളത്, ഒരു ആലംബമില്ലാതെ പോകുന്ന ഒരു കയ്യിന്റെ ക്ലോസ്അപ്പ് ഷോട്ട് ആണ്. ആ കയ്യൊരു തൂണിൽ പിടിക്കുന്നതാണ്, ആ കയ്യിൽ ആ കഥാപാത്രത്തിന്റെ നൊമ്പരം നമുക്ക് കാണാൻ സാധിക്കും' എന്ന് ഒരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി മോഹൻലാലിന്റെ റിയലിസ്റ്റിക് കഥാപാത്രങ്ങളെ കാണാൻ കഴിയുന്നില്ല എന്ന പരാതി പല പ്രേക്ഷകരും ഉന്നയിക്കുന്നുണ്ട്. ആ പരാതികൾക്ക് ഒരു മറുപടി തന്നെയാകും തരുൺ മൂർത്തി ഒരുക്കുന്ന 'തുടരും' എന്ന പ്രതീക്ഷയിലാണ് ഏവരും. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകളും ടീസറുകളും പാട്ടുകളുമെല്ലാം നാണംകുണുങ്ങിയ ചിരിയോടെ, കുസൃതിയോടെയുള്ള ആ പഴയ ലാലേട്ടൻ ഭാവങ്ങൾ തന്നെയാണ് കാണിക്കുന്നത്. തുടരുമിന് പ്രതീക്ഷ നൽകുന്ന പ്രധാന കാരണവും അത് തന്നെ.

മുണ്ട് മടക്കി കുത്തി മീശയും പിരിച്ച് വരുന്ന മോഹൻലാലിനെ എല്ലാവർക്കും ഇഷ്ടമാണ്. തിയേറ്ററുകളിൽ ആ മാസ് കഥാപാത്രങ്ങൾക്ക് മറ്റാർക്കും കഴിയാത്ത ഓളം സൃഷ്ടിക്കാനും കഴിയും. എന്നാൽ ആ മീശയൊന്ന് താഴ്ത്തി, അൽപ്പം കുസൃതിയോടെ, നാണം കുണുങ്ങിയ ചിരിയുമായി ആ 'സാധാരണക്കാരൻ ലാലേട്ടൻ' വരുമ്പോൾ അത് മലയാളികൾക്ക് something special തന്നെയാണ്.

Content Highlights: An Explainer on the Common Man roles of Mohanlal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us