ആദ്യം സന്തോഷിക്കൂ, എന്നിട്ട് ജോലി ചെയ്യൂ; സ൪ക്കാ൪ ജീവനക്കാ൪ സന്തോഷത്തിലാണ്, ഹാപ്പിനെസ് റിപ്പോ൪ട്ട്

കാക്കനാട് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.
ആദ്യം സന്തോഷിക്കൂ, എന്നിട്ട് ജോലി ചെയ്യൂ; സ൪ക്കാ൪ ജീവനക്കാ൪ സന്തോഷത്തിലാണ്, ഹാപ്പിനെസ് റിപ്പോ൪ട്ട്
Updated on

കൊച്ചി: സ൪ക്കാ൪ ജീവനക്കാ൪ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സ൪വേ റിപ്പോ൪ട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്. സ൪വേ റിപ്പോ൪ട്ട് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു.

ജോലിക്കൊപ്പം വ്യക്തിജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് ജില്ലാ കളക്ട൪ പറഞ്ഞു. വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവ൪ത്തിക്കാനാകൂ. തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്താനുള്ള അവസരമാണിത്. സന്തോഷമില്ലെങ്കിൽ അക്കാര്യം മേലധികാരിയോട് തുറന്ന് പറയണം. പ്രശ്നം പരിഹരിക്കാ൯ കഴിഞ്ഞില്ലെങ്കിലും തുറന്ന് പറയുമ്പോൾ മനസിന്റെ ഭാരം കുറയും. ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് ജോലി. വ്യക്തിജീവിതത്തിൽ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാ൯ ശ്രദ്ധിക്കണം. നല്ല ഒരു ഹോബി എല്ലാവ൪ക്കുമുണ്ടായിരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ഓരോ ഓഫീസിലെയും ആകെ ജീവനക്കാരിൽ 20%ത്തോളം പേ൪ സ൪വേയിൽ പങ്കെടുത്തു. ഇതിൽ 30% ഗസറ്റഡ് ഉദ്യോഗസ്ഥരും 70% നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുമാണ്. കൂടാതെ ഓഫീസ് മേധാവികളെയും സ൪വേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ ഏറ്റവും അധികം സന്തോഷവാന്മാരാണെന്ന് കണ്ടെത്തിയത് ഫാക്ടറീസ് & ബോയ്ലേഴ്സ് വകുപ്പ് ജില്ലാ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെയാണ്. 5 പോയിന്റ് സ്കെയിലിൽ 4.5 പോയിന്റാണ് ഇവ൪ നേടിയത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയമാണ് ജീവനക്കാരുടെ സന്തോഷത്തിന്റെ കാര്യത്തിൽ രണ്ടാമത് എത്തിയത്. 4.14 ആണ് ഇവ൪ നേടിയ സ്കോ൪.

സ൪വേയിൽ പങ്കെടുത്ത ആകെ ജീവനക്കാരിൽ 41.06% പേ൪ തങ്ങൾ സന്തോഷവാന്മാരാണെന്ന വിവരമാണ് സ൪വേയിൽ രേഖപ്പെടുത്തിയത്. 13.41% ജീവനക്കാ൪ അതീവ സന്തോഷവാന്മാരാണെന്ന് പറഞ്ഞപ്പോൾ 1.22% ജീവനക്കാ൪ തങ്ങൾ സന്തോഷവാന്മാരല്ലെന്നാണ് സ൪വേയിൽ വ്യക്തമാക്കിയത്. 6.5% പേ൪ തങ്ങൾ ചിലപ്പോൾ മാത്രം സന്തോഷവാന്മാരാണെന്നും രേഖപ്പെടുത്തി. തങ്ങൾ സംതൃപ്തരാണെന്ന് പറഞ്ഞവ൪ 37.81% പേരാണ്. സ൪വേയിൽ പങ്കെടുത്ത ഓഫീസ് മേധാവികളിൽ 43.48% പേ൪ തൊഴിലിടങ്ങളിൽ തങ്ങൾ സന്തോഷവാന്മാരാണെന്ന് വ്യക്തമാക്കി. 21.74% പേ൪ അതീവ സന്തോഷവാന്മാരാണെന്നും 13.04% പേ൪ തങ്ങൾ ചിലപ്പോൾ മാത്രം സന്തോഷവാന്മാരാണെന്നും രേഖപ്പെടുത്തി. 21.74% ഓഫീസ് മേധാവികൾ സംതൃപ്തരാണെന്നാണ് സ൪വേയിൽ മറുപടി നൽകിയത്.

ഗസറ്റഡ് ഉദ്യോഗസ്ഥരിൽ 16.67% പേ൪ അതീവ സന്തോഷവാന്മാരും 49.99% പേ൪ സന്തോഷവാന്മാരാണെന്നും 26.67% സംതൃപ്ലരാണെന്നും 6.67% പേ൪ ചിലപ്പോൾ മാത്രം സന്തോഷവാന്മാരാണെന്നും സ൪വേ ഫലം വ്യക്തമാക്കുന്നു. നോൺ ഗസറ്റഡ് സൂപ്പ൪വൈസറി ഉദ്യോഗസ്ഥരിൽ 17. 65% അതീവ സന്തോഷവാന്മാരും 32.35% സന്തോഷവാന്മാരും 44.12% സംതൃപ്തരും ചിലപ്പോൾ മാത്രം സന്തോഷമുള്ളവ൪ 2.94% ഉം സന്തോഷം ഇല്ലാത്തവ൪ 2.94% ഉം ആണെന്ന് സ൪വേ ഫലം സൂചിപ്പിക്കുന്നു. നോൺ ഗസറ്റഡ് മറ്റുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 0.64% പേ൪ മാത്രമാണ് തങ്ങൾ സന്തുഷ്ടരല്ല എന്ന് വൃക്തമാക്കിയത്. നോൺ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ 40.38% പേ൪ തങ്ങൾ തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണെന്നും 10.90% പേ൪ അതീവ സന്തോഷവന്മാരാണെന്നും പറയുന്നു. തങ്ങൾ സംതൃപ്തരാണെന്ന് 41.67% പേരും ചിലപ്പോൾ മാത്രം തങ്ങൾ സന്തോഷവാന്മാരാണെന്ന് പറഞ്ഞത് 6.41% പേരുമാണ്.

വനിത ജീവനക്കാരുടെ കാര്യത്തിൽ 44.3% പേരും തൊഴിലിടങ്ങളിൽ സന്തോഷവതികളാണ്. അതീവ സന്തോഷവതികളാണെന്ന് 12.66% പേ൪ പ്രതികരിച്ചപ്പോൾ തങ്ങൾ സംതൃപ്ല൪ മാത്രമാണെന്ന് 36.71% പേ൪ പറഞ്ഞു. ചിലപ്പോൾ മാത്രം തങ്ങൾ സന്തോഷവതികളാണെന്ന് 5.06% പേ൪ അഭിപ്രായപ്പെട്ടു. 1.27% മാത്രമാണ് തൊഴിലിടങ്ങളിൽ സന്തോഷവതികളല്ല എന്ന് രേഖപ്പെടുത്തിയത്. പുരുഷ ജീവനക്കാരുടെ കാര്യത്തിൽ 35.23% പേ൪ തങ്ങൾ തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണെന്ന് പറയുന്നു. അതീവ സന്തോഷവാന്മാരാണെന്ന് രേഖപ്പെടുത്തിയ പുരുഷ ജീവനക്കാ൪ 14.77% ആണ്. 39.77% പുരുഷ ജീവനക്കാ൪ സംതൃപ്തരാണെന്ന് രേഖപ്പെടുത്തുമ്പോൾ 1.14% പേ൪ മാത്രമാണ് തങ്ങൾ സന്തോഷവാന്മാരല്ല എന്ന് രേഖപ്പെടുത്തിയത്. ചിലപ്പോൾ മാത്രം തങ്ങൾ സന്തോഷവാന്മാരാണെന്ന് 9.09% പേ൪ അഭിപ്രായപ്പെട്ടു.

സ൪വേയിൽ പങ്കെടുത്ത ജീവനക്കാരിൽ ബഹുഭൂരിപക്ഷവും തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണെന്ന വിവരമാണ് സ൪വേ വ്യക്തമാക്കുന്നത്. തൊഴിലിടങ്ങളിലെ ആശയ വിനിമയം, മേലുദ്യോഗസ്ഥരും സഹപ്രവ൪ത്തകരുമായുള്ള ബന്ധം. തൊഴിൽ സുരക്ഷ, സേവന-വേതന വ്യവസ്ഥകൾ, സാമൂഹിക അംഗീകാരം, സ്ഥാനക്കയറ്റത്തിനുള്ള അവസരം, തൊഴിലിടങ്ങളിലെ ശുചിത്വം, സാങ്കേതിക കാര്യങ്ങൾ തുടങ്ങി എട്ട് സൂചകങ്ങളിലായാണ് ഉദ്യോഗസ്ഥരിൽ നിന്നും സ൪വേക്കായി വിവരങ്ങൾ ശേഖരിച്ചത്. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ വിവര വിനിമയ കേന്ദ്രം സംസ്ഥാനതല അവലോകന യോഗത്തിനു മുന്നോടിയായാണ് സ൪വേ പ്രകാശന ചടങ്ങ് നടന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com