മെസ്സിക്കൊപ്പം സൂപ്പര്‍ കോച്ച് മാര്‍ട്ടിനോയും ഇനി മിയാമിയില്‍

2022 ലോകകപ്പില്‍ മെക്‌സിക്കോയെ പരിശീലിപ്പിച്ച ശേഷമാണ് 'ടാറ്റ' എന്ന് വിളിപ്പേരുള്ള മാര്‍ട്ടിനോ മിയാമിയിലേക്കെത്തുന്നത്
മെസ്സിക്കൊപ്പം സൂപ്പര്‍ കോച്ച് മാര്‍ട്ടിനോയും ഇനി മിയാമിയില്‍
Updated on

മിയാമി: ഇന്റര്‍ മിയാമിയുടെ പുതിയ പരിശീലകനായി മുന്‍ അര്‍ജന്റൈന്‍-ബാഴ്‌സ പരിശീലകന്‍ ജെറാഡോ മാര്‍ട്ടിനോ എത്തുന്നു. ബുധനാഴ്ചയാണ് അറുപതുകാരനായ മാര്‍ട്ടിനോയെ നിയമിച്ചെന്ന് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് താരവുമായി അടുത്ത ബന്ധമുള്ള മാര്‍ട്ടിനോയെ ക്ലബ്ബിലേക്കെത്തിക്കുന്നത്. 2022 ലോകകപ്പില്‍ മെക്‌സിക്കോയെ പരിശീലിപ്പിച്ച ശേഷമാണ് 'ടാറ്റ' എന്ന് വിളിപ്പേരുള്ള മാര്‍ട്ടിനോ മിയാമിയിലേക്കെത്തുന്നത്.

'മേജര്‍ ലീഗ് സോക്കര്‍ കപ്പും എംഎല്‍എസ് കോച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡും നേടിയ പരിശീലകനും അര്‍ജന്റീന, മെക്‌സിക്കോ ദേശീയ ടീമുകളിലും ബാഴ്‌സലോണയിലും പ്രവര്‍ത്തിച്ച അനുഭവ സമ്പന്നനായ അദ്ദേഹം നമുക്കൊപ്പം ചേരുകയാണ്', മാര്‍ട്ടിനോയെ സ്വാഗതം ചെയ്തുകൊണ്ട് ക്ലബ്ബ് പറഞ്ഞു. ഞങ്ങളുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഒരു പരിശീലകനാണ് അദ്ദേഹമെന്ന് എനിക്ക് തോന്നുന്നു. നമുക്ക് ഒരുമിച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഫുട്‌ബോളിന്റെ ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് 'ടാറ്റ'. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഞങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും വിശ്വസിക്കുന്നു', ക്ലബ്ബിന്റെ മാനേജിംഗ് ഓണര്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 'കായികലോകത്ത് വളരെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ടാറ്റ. അവരുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ തന്നെ അക്കാര്യം പറയുന്നുണ്ട്', ക്ലബ്ബിന്റെ സഹ ഉടമ ഡേവിഡ് ബെക്കാം പറഞ്ഞു.

2013-14 സീസണിന്റെ ആരംഭത്തിലാണ് ടിറ്റോ വിലനോവയ്ക്ക് പകരം ബാഴ്‌സലോണയുടെ മാനേജരായി മാര്‍ട്ടിനോ എത്തുന്നത്. 2014 മെയ് 17ന് സ്ഥാനമൊഴിയുകയും ചെയ്തു. ഈ ചെറിയ കാലയളവില്‍ തന്നെ ബാഴ്‌സയെ ആ സീസണിലെ കോപ്പ ഡെല്‍ റേയിലും ലാ ലിഗയിലും റണ്ണറപ്പാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. 2017ലാണ് 'ടാറ്റ' എന്നറിയപ്പെടുന്ന മാര്‍ട്ടിനോ എംഎല്‍എസ് ക്ലബ്ബായ അറ്റ്‌ലാന്റ യുണൈറ്റഡിന്റെ ആദ്യ സീസണിലെ മാനേജരായി എത്തുന്നത്. തൊട്ടടുത്ത സീസണില്‍ തന്നെ അറ്റ്‌ലാന്റ എംഎല്‍എസ് കിരീടം നേടിയപ്പോള്‍ കോച്ച് മാര്‍ട്ടിനോയെ എംഎല്‍എസ് കോച്ച് ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. 2019ലാണ് മെക്‌സിക്കോ ദേശീയ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. 2022 ഖത്തര്‍ ലോകകപ്പില്‍ മെക്‌സിക്കോയുടെ പരിശീലകനായി എത്തിയ ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ശേഷമാണ് ബാഴ്‌സയിലെ മുന്‍ ശിഷ്യന്മാരായ ലയണല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവര്‍ക്കൊപ്പം ഇന്റര്‍ മിയാമിയില്‍ ചേരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com