'മെസ്സിയും ബുസ്‌ക്വെറ്റ്‌സും ഉല്ലസിക്കാനല്ല മിയാമിയിലെത്തിയത്'; ജെറാഡോ മാര്‍ട്ടിനോ

'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിക്കുന്നു. വളര്‍ച്ചയുടെ വലിയൊരു സാഹചര്യം തുറക്കുകയാണെന്നതിന് ഉദാഹരണമാണ് ഇത്'
'മെസ്സിയും ബുസ്‌ക്വെറ്റ്‌സും ഉല്ലസിക്കാനല്ല മിയാമിയിലെത്തിയത്'; ജെറാഡോ മാര്‍ട്ടിനോ
Updated on

മിയാമി: ലയണല്‍ മെസ്സിയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും അമേരിക്കയിലെത്തിയത് അവധിക്കാലം ചെലവഴിക്കാനല്ലെന്ന് ഇന്റര്‍ മിയാമിയുടെ പുതിയ കോച്ച് ജെറാഡോ മാര്‍ട്ടിനോ. ഫ്‌ലോറിഡ ബീച്ചില്‍ ഉല്ലസിക്കാനല്ല മറിച്ച് മത്സരിക്കാനും കിരീടങ്ങള്‍ നേടുന്നതിനുമാണ് ഇന്റര്‍ മിയാമിയിലേക്ക് ഇവര്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. എംഎല്‍എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുടെ മുഖ്യപരിശീലകനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ശേഷം വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'യുണൈറ്റഡ് സ്റ്റേറ്റ്‌സിനെയും മിയാമിയെയും അവധിദിവസങ്ങളുമായാണ് നമ്മുടെ ലോകം ചേര്‍ത്തുവായിക്കുന്നത്. പക്ഷേ അങ്ങനെയല്ല. ഇവര്‍ മത്സരിക്കാനാണ് എത്തുന്നത്. ലോകകിരീടങ്ങളടക്കം നേടിയാണ് അവരെത്തുന്നത്. ആശ്വസിക്കുകയല്ല മറിച്ച് മത്സരിക്കുന്നതാണ് ലക്ഷ്യമെന്ന് അവര്‍ക്കറിയാം. കാരണം അത് ഇവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്', മാര്‍ട്ടിനോ പറഞ്ഞു. 'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിക്കുന്നു. വളര്‍ച്ചയുടെ വലിയൊരു സാഹചര്യം തുറക്കുകയാണെന്നതിന് ഉദാഹരണമാണ് ഇത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ചയാണ് മുന്‍ അര്‍ജന്റൈന്‍-ബാഴ്സ പരിശീലകനായ മാര്‍ട്ടിനോയെ മാനേജരായി നിയമിച്ചെന്ന് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് താരവുമായി അടുത്ത ബന്ധമുള്ള മാര്‍ട്ടിനോയെ ക്ലബ്ബിലേക്കെത്തിക്കുന്നത്. മാര്‍ട്ടിനോയുടെ കീഴില്‍ 66 മത്സരങ്ങള്‍ കളിച്ച മെസ്സി 54 ഗോളുകളും 23 അസിസ്റ്റുകളും നേടിയിരുന്നു. 2022 ലോകകപ്പില്‍ മെക്സിക്കോയെ പരിശീലിപ്പിച്ച ശേഷമാണ് 'ടാറ്റ' എന്ന് വിളിപ്പേരുള്ള മാര്‍ട്ടിനോ മിയാമിയിലേക്കെത്തുന്നത്.

2017ലാണ് മാര്‍ട്ടിനോ എംഎല്‍എസ് ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡിന്റെ ആദ്യ സീസണിലെ മാനേജരായി എത്തുന്നത്. തൊട്ടടുത്ത സീസണില്‍ തന്നെ അറ്റ്ലാന്റ എംഎല്‍എസ് കിരീടം നേടിയപ്പോള്‍ കോച്ച് മാര്‍ട്ടിനോയെ എംഎല്‍എസ് കോച്ച് ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു. 2019ലാണ് മെക്സിക്കോ ദേശീയ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. 2022 ഖത്തര്‍ ലോകകപ്പില്‍ മെക്‌സിക്കോയുടെ പരിശീലകനായി എത്തിയ ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ശേഷമാണ് ബാഴ്സയിലെ മുന്‍ ശിഷ്യന്മാരായ ലയണല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് എന്നിവര്‍ക്കൊപ്പം ഇന്റര്‍ മിയാമിയില്‍ ചേരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com