വനിതാ ലോകകപ്പിന് ഇന്ന് കിക്കോഫ്

ഒൻപത് ന​ഗരങ്ങളിലായി പത്ത് വേദികളിലായി 64 മത്സരങ്ങളാണുള്ളത്
വനിതാ ലോകകപ്പിന് ഇന്ന് കിക്കോഫ്
Updated on

ഓക്ലാൻഡ്: ഫിഫാ വനിതാ ഫുട്ബോൾ ലോകകപ്പിൻ്റെ ഒൻപതാം പതിപ്പിന് ഇന്ന് കിക്കോഫ്. കൃത്യം ഒരു മാസം നീളുന്ന ലോകകപ്പിന്റെ കലാശപ്പോരാട്ടം ഓ​ഗസ്റ്റ് 20 നാണ്. മുൻ പതിപ്പുകളിൽ 24 ടീമുകൾ പങ്കെടുത്തിരുന്ന ലോകകപ്പിൽ ഇത്തവണ 32 ടീമുകൾ പങ്കെടുക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 നാണ് ഉദ്ഘാടന മത്സരം. ആതിഥേയരായ ന്യൂസിലാൻഡിന് മുൻ ചാമ്പ്യൻമാരായ നോർവയാണ് എതിരാളികൾ. മറ്റൊരു ആതിഥേയ ടീമായ ഓസ്ട്രേലിയയ്ക്കും ഇന്ന് മത്സരമുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് നടക്കുന്ന മത്സരത്തിൽ അയർലാൻഡാണ് ഓസ്ട്രേലിയയുടെ എതിരാളികൾ.

ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കുമായി ലഭിക്കുന്നത് 110 മില്യൺ ഡോളർ (902 കോടി രൂപ) സമ്മാനം. മുൻ പതിപ്പുകളേക്കാൾ മൂന്ന് ഇരട്ടിയാണ് ഇത്തവണ സമ്മാനത്തുക. ഖത്തർ ലോകകപ്പിൽ പങ്കെടുത്ത രാജ്യങ്ങൾക്ക് 440 മില്യൺ ഡോളർ (3,610 കോടി രൂപ) ആയിരുന്നു തുക ലഭിച്ചിരുന്നത്. വിജയികൾക്ക് ലഭിക്കുന്നത് 10.5 മില്യൺ ഡോളർ (86 കോടി രൂപ). ഓരോ താരത്തിനും പ്രതിഫലം 6.21 മില്യൺ ഡോളർ (50 കോടി രൂപ).

പുരുഷ ലോകകപ്പിന് സമാനമായി എട്ടു ​ഗ്രൂപ്പുകളിൽ 32 ടീമുകൾ. ഓരോ ടീമിനും മൂന്ന് മത്സരങ്ങൾ വീതം. ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന രണ്ട് വീതം ടീമുകൾ പ്രീക്വാർട്ടറിലേക്ക് എത്തും. പിന്നീടങ്ങോട്ട് നോക്കൗട്ട് രീതിയിൽ മത്സരങ്ങൾ. ആകെ 64 മത്സരങ്ങൾ. ഒൻപത് ന​ഗരങ്ങൾ, പത്ത് വേദികൾ, സിഡ്നിക്ക് മാത്രം രണ്ട് വേദികളുണ്ട്. സിഡ്നി ഫുട്ബോൾ സ്റ്റേഡിയം, സ്റ്റേഡിയം ഓസ്ട്രേലിയ. കലാശപ്പോരാട്ടത്തിന് ആഥിതേയത്വം വഹിക്കുന്നതും സ്റ്റേഡിയം ഓസ്ട്രേലിയയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com