ആദ്യ മിനിറ്റിൽ അതിവേ​ഗ ​ഗോൾ, തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ്; ആവേശം ആദ്യ പകുതി

ടെലിവിഷൻ റീപ്ലേകളിൽ റഹീം അലി ഓഫ്സൈഡിലാണെന്ന സംശയവും ശക്തമായിരുന്നു.
ആദ്യ മിനിറ്റിൽ അതിവേ​ഗ ​ഗോൾ, തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ്; ആവേശം ആദ്യ പകുതി
Updated on

കൊച്ചി: ഐഎസ്എല്ലിൽ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്സ്-ചെന്നൈൻ എഫ് സി മത്സരം. ആദ്യ മിനിറ്റിൽ തന്നെ വലചലിപ്പിച്ച് ചെന്നൈൻ എഫ് സിയാണ് ആവേശപോരിന് തുട‌ക്കം കുറിച്ചത്. സെറ്റ് പീസിൽ നിന്നായിരുന്നു ​ഗോൾ പിറന്നത്. ചെന്നൈന് അനുകൂലമായി വിധിക്കപ്പെട്ട ഫ്രീ ക്വീക്കിൽ നാടകീയ രംഗങ്ങളാണ് കണ്ടത്. റാഫേൽ ക്രിവെല്ലാരോ 35 വാരയോളം പിന്നിൽ നിന്നെടുത്ത ഫ്രീ ക്വിക്ക് റഹീം അലിയെയും ജോർദാൻ മുറെയെയും മറികടന്ന് പോസ്റ്റിലേക്ക് എത്തി. ഇരുവർക്കും പന്തിൽ ടച്ച് ഇല്ലെന്ന് വ്യക്തമായിരുന്നു. എങ്കിലും റഹീം അലിയുടെ പേരിലാണ് ​ഗോൾ വിധിക്കപ്പെട്ടത്. ടെലിവിഷൻ റീപ്ലേകളിൽ റഹീം അലി ഓഫ്സൈഡിലാണെന്ന സംശയവും ശക്തമായിരുന്നു.

പത്ത് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്സിന്റെ മറുപടി ​ഗോൾ ഉണ്ടായി. ബ്ലാസ്റ്റേഴ്സ് താരം ക്വാമി പെപ്രയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ദിമിത്രിയോസ് ഡയമണ്ടക്കോസ് അനായാസം വലയിലെത്തിച്ചു. പക്ഷേ ആഘോഷങ്ങൾക്ക് അധികം ആയുസ് ഉണ്ടായില്ല. 13-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചെന്നൈന്‍റെ ജോർദാൻ മുറെ വലയിലെത്തിച്ചു.

19-ാം മിനിറ്റിൽ ചെന്നൈൻ വീണ്ടും ​ഗോൾ നേടിയെങ്കിലും ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിനെ ഫൗൾ ചെയ്തതിന് റഫറി വിസിലടിച്ചു. ഇതോടെ ചെന്നൈന്റെ ​ഗോൾ നിരസിക്കപ്പെട്ടു. പക്ഷേ 24-ാം മിനിറ്റിൽ ചെന്നൈൻ വീണ്ടും വലചലിപ്പിച്ചു. വീണ്ടും ജോർദാൻ മുറെയാണ് ​ഗോൾ നേടിയത്. ഇതോടെ ഒന്നിനെതിരെ മൂന്ന് ​ഗോളിന് ചെന്നൈൻ മുന്നിലെത്തി.

മത്സരത്തിന്റെ ആവേശം അവിടെയും അവസാനിച്ചില്ല. 37-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ക്വാമി പെപ്ര സീസണിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ ​ഗോൾ കുറിച്ചു. ഈ സീസണിൽ ആദ്യമായാണ് ആദ്യ പകുതിയിൽ അഞ്ച് ​ഗോൾ പിറക്കുന്നത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ചെന്നൈൻ 3-2ന് മുന്നിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com