ലെവര്‍കൂസന്‍ യൂറോപ്പ ലീഗ് ഫൈനലില്‍; തിരുത്തിയത് ബെന്‍ഫിക്കയുടെ 59 വര്‍ഷത്തെ ചരിത്രം

കലാശപ്പോരില്‍ ലെവര്‍കൂസന്‍ അറ്റ്‌ലാന്റയെ നേരിടും
ലെവര്‍കൂസന്‍ യൂറോപ്പ ലീഗ് ഫൈനലില്‍; തിരുത്തിയത് ബെന്‍ഫിക്കയുടെ 59 വര്‍ഷത്തെ ചരിത്രം
Updated on

ബെര്‍ലിന്‍: ബയര്‍ ലെവര്‍കൂസന്‍ യൂറോപ്പ ലീഗ് ഫൈനലില്‍. ആവേശകരമായ സെമി ഫൈനലില്‍ റോമയെ തകര്‍ത്താണ് ലെവര്‍കൂസന്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെവര്‍കൂസന്‍ വിജയിച്ചിരുന്നു. രണ്ടാം പാദ മത്സരത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞതോടെ 4-2 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ ലെവര്‍കൂസന്‍ ഫൈനല്‍ ഉറപ്പിച്ചു. മെയ് 23ന് നടക്കുന്ന കലാശപ്പോരില്‍ ലെവര്‍കൂസന്‍ അറ്റ്‌ലാന്റയെ നേരിടും.

ബേഅരീനയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് ലെവര്‍കൂസന്‍ സമനില വഴങ്ങിയത്. മത്സരത്തിന്റെ 82-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ലെവര്‍കൂസന്‍ തിരിച്ചടിച്ചത്. 43, 66 മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റികള്‍ ഗോളാക്കി ലിയാന്‍ഡ്രോ പരേഡസ് റോമയെ മുന്നിലെത്തിച്ചു.

മത്സരം അധികസമയത്തേക്ക് നീളുമെന്ന് തോന്നിപ്പിക്കവേ റോമയുടെ വല കുലുങ്ങി. 82-ാം മിനിറ്റില്‍ ജിയാന്‍ലൂക മാന്‍സിനിയുടെ സെല്‍ഫ് ഗോളാണ് ലെവര്‍കൂസന് അനുകൂലമായി വിധിച്ചത്. ഇതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 3-2 എന്നായി. മത്സരത്തിന്റെ അധികസമയത്ത് ജോസിപ് സ്റ്റാനിസിചിലൂടെ ലെവര്‍കൂസന്‍ സമനില കണ്ടെത്തിയതോടെ അഗ്രിഗേറ്റ് സ്‌കോര്‍ 4-2 എന്നായി.

ഫൈനലിലെത്തിയതിനൊപ്പം തോല്‍വി അറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങളെന്ന തകര്‍പ്പന്‍ റെക്കോര്‍ഡും ലെവര്‍കൂസനെ തേടിയെത്തി. റോമയ്‌ക്കെതിരായ സമനിലയോടെ തോല്‍വി അറിയാതെ 49 മത്സരങ്ങളാണ് ലെവര്‍കൂസന്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ബെന്‍ഫിക്കയുടെ 59 വര്‍ഷത്തെ റെക്കോര്‍ഡ് പഴങ്കഥയായി. 1963 മുതല്‍ 1965 വരെ 48 മത്സരങ്ങളാണ് ബെന്‍ഫിക്ക തോല്‍വി അറിയാതെ മുന്നേറിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com