ആന്‍ഫീല്‍ഡിന്റെ പടിയിറങ്ങി ക്ലോപ്പ് ആശാന്‍; ലിവര്‍പൂളില്‍ യുഗാന്ത്യം

പ്രീമിയര്‍ ലീഗിലെ അവസാനത്തെ മത്സരത്തിലും റെഡ്‌സിനെ വിജയിപ്പിച്ചാണ് ക്ലോപ്പ് ആന്‍ഫീല്‍ഡിനോട് വിട പറഞ്ഞത്
ആന്‍ഫീല്‍ഡിന്റെ പടിയിറങ്ങി ക്ലോപ്പ് ആശാന്‍; ലിവര്‍പൂളില്‍ യുഗാന്ത്യം
Updated on

ലണ്ടന്‍: ലിവര്‍പൂളിന്റെ പടിയിറങ്ങി പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. പ്രീമിയര്‍ ലീഗിലെ അവസാനത്തെ മത്സരത്തിലും റെഡ്‌സിനെ വിജയിപ്പിച്ചാണ് ക്ലോപ്പ് ആന്‍ഫീല്‍ഡിനോട് വിട പറഞ്ഞത്. ലീഗില്‍ വോള്‍വ്‌സിനെതിരായ അവസാന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ വിജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ മാക് അലിസ്റ്ററും ജാരെല്‍ ക്വാന്‍സയും ലിവര്‍പൂളിന് വേണ്ടി ഗോളുകള്‍ നേടി.

ഒന്‍പത് വര്‍ഷക്കാലമായി ലിവര്‍പൂളിന്റെ മുഖ്യപരിശീലകനായ ക്ലോപ്പ് സീസണിന്റെ അവസാനത്തോടെ ആന്‍ഫീല്‍ഡ് വിടുമെന്ന് ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. വോള്‍വ്‌സിനെതിരായ അവസാന മത്സരത്തോടെ ലിവര്‍പൂള്‍ പരിശീലക സ്ഥാനം ക്ലോപ്പ് ഔദ്യോഗികമായി ഒഴിഞ്ഞു.

ലിവര്‍പൂളിന്റെ പ്രതിസന്ധിഘട്ടം അവസാനിപ്പിച്ച കോച്ചായിരുന്നു യര്‍ഗന്‍ ക്ലോപ്പ്. ലിവര്‍പൂള്‍ ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടം നേടുന്നത് ക്ലോപ്പിന്റെ കീഴിലാണ്. 2019ല്‍ ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാനും ക്ലോപ്പിന് സാധിച്ചു. ക്ലോപ്പിനൊപ്പം ആറ് പ്രധാന കിരീടങ്ങളാണ് ലിവര്‍പൂള്‍ നേടിയത്. നിലവില്‍ പ്രീമിയര്‍ ലീഗ് ടോപ്പേഴ്‌സും റെഡ്‌സ് ആണ്.

2015 ഒക്ടോബര്‍ എട്ടിനാണ് ജര്‍മ്മന്‍ പരിശീലകനായ ക്ലോപ്പ് ലിവര്‍പൂളിന്റെ മുഖ്യപരിശീലക സ്ഥാനത്തെത്തുന്നത്. ഐറിഷ് മാനേജരായ ബ്രെന്‍ഡന്‍ റോഡ്ജേഴ്സിന് പകരക്കാരനായി മൂന്ന് വര്‍ഷത്തെ കരാറിനായിരുന്നു ക്ലോപ്പ് ആന്‍ഫീല്‍ഡിലെത്തിയത്. ലിവര്‍പൂളിന് മുന്‍പ് ഡോര്‍ട്ട്മുണ്ടിനെയും മെയിന്‍സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com