പെഡ്രിക്ക് ഇരട്ടഗോള്‍; ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക് വിജയം

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്
പെഡ്രിക്ക് ഇരട്ടഗോള്‍; ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക് വിജയം
Updated on

ബാഴ്‌സലോണ: ലാ ലീഗയില്‍ ബാഴ്‌സലോണയ്ക്ക് വിജയം. റയോ വയെകാനോയെ നേരിട്ട ബാഴ്‌സ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കി. പെഡ്രി ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ബാഴ്‌സയ്ക്ക് വേണ്ടി വലകുലുക്കി.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡെടുക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. മൂന്നാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. യുവതാരം ലാമിന്‍ യമാലിന്റെ തകര്‍പ്പന്‍ അസിസ്റ്റില്‍ നിന്നാണ് ലെവന്‍ഡോവ്‌സ്‌കി വലകുലുക്കിയത്.

രണ്ടാം പകുതിയില്‍ ബാഴ്‌സ ലീഡുയര്‍ത്തി. 72-ാം മിനിറ്റില്‍ പെഡ്രിയുടെ ആദ്യ ഗോള്‍ പിറന്നു. ജാവോ ഫെലിക്‌സിന്റെ ഷോട്ടിലൂടെ റീബൗണ്ട് വന്ന പന്ത് മനോഹരമായി വലയിലെത്തിച്ചാണ് പെഡ്രി ബാഴ്‌സയുടെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം പെഡ്രി രണ്ടാമതും വലകുലുക്കി. ഇതോടെ മൂന്ന് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചു. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് ഈ വിജയത്തോടെ 82 പോയിന്റായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com