ഖത്തറിന്റെ വിവാദ ഗോള്‍ അന്വേഷിക്കണം; ഫിഫയ്ക്കും എഎഫ്‌സിക്കും കത്തെഴുതി എഐഎഫ്എഫ്‌

മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് ഖത്തറിന്റെ വിവാദ ഗോള്‍ പിറന്നത്
ഖത്തറിന്റെ വിവാദ ഗോള്‍ അന്വേഷിക്കണം; ഫിഫയ്ക്കും എഎഫ്‌സിക്കും കത്തെഴുതി എഐഎഫ്എഫ്‌
Updated on

ന്യൂഡല്‍ഹി: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിന് അനുവദിച്ച വിവാദ ഗോളില്‍ നിരാശ രേഖപ്പെടുത്തി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). ഗോള്‍ ലൈനിന് പുറത്തുപോയ പന്ത് എടുത്താണ് ഖത്തര്‍ സമനില പിടിച്ചത്. ഇത് ഇന്ത്യയുടെ പരാജയത്തിന് കാരണമാവുകയും ചെയ്തിരുന്നു. വിവാദ ഗോളിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഫിഫയോടും എഎഫ്‌സിയോടും (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍) ആവശ്യപ്പെട്ടെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ അറിയിച്ചു.

'ജയപരാജയങ്ങള്‍ മത്സരത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ അത് സന്തോഷത്തോടെ അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷേ ഖത്തറിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വഴങ്ങേണ്ടിവന്ന രണ്ട് ഗോളുകളില്‍ ഒന്ന് ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതാണ്', എഐഎഫ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

'മത്സരത്തിലെ ഗുരുതരമായ മേല്‍നോട്ട പിഴവ് ചൂണ്ടിക്കാട്ടി ഫിഫ ക്വാളിഫയേഴ്‌സ് ഹെഡ്, എഎഫ്‌സി ഹെഡ് റഫറിമാര്‍, മാച്ച് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഇന്ത്യയുടെ മൂന്നാം റൗണ്ട് സ്വപ്‌നങ്ങള്‍ തകര്‍ത്ത സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഞങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. അനീതി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഫിഫയും എഎഫ്‌സിയും സ്വീകരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു', എഐഎഫ്എഫ് കൂട്ടിച്ചേര്‍ത്തു.

ദോഹയില്‍ വെച്ച് ഖത്തറുമായി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയാണ് ഇന്ത്യ ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിന്ന് പുറത്തായത്. മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയില്ലാത്ത ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവാണ് ക്യാപ്റ്റന്‍. ആദ്യപകുതിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ 37-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയിലൂടെ മുന്നിലെത്തിയിരുന്നു. ഒരുമണിക്കൂറിലധികം ലീഡ് കാത്തുസൂക്ഷിക്കാന്‍ ബ്ലൂ ടൈഗേഴ്‌സിന് സാധിച്ചു.

ഖത്തറിന്റെ വിവാദ ഗോള്‍ അന്വേഷിക്കണം; ഫിഫയ്ക്കും എഎഫ്‌സിക്കും കത്തെഴുതി എഐഎഫ്എഫ്‌
ലോകകപ്പ് പ്രതീക്ഷകള്‍ പൊലിഞ്ഞു; വിവാദ ഗോളില്‍ ഖത്തറിനോട് ലീഡും വിജയവും കൈവിട്ട് ഇന്ത്യ

മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് ഖത്തറിന്റെ വിവാദ ഗോള്‍ പിറന്നത്. ഗുര്‍പ്രീത് സിങ് സന്ധു തടുത്തിട്ട പന്ത് ബൗണ്ടറി ലൈന്‍ കടന്നു. എന്നാല്‍ ഉടന്‍ തന്നെ ഖത്തര്‍ താരങ്ങള്‍ വീണ്ടും അകത്തേക്ക് തട്ടിയിടുകയും വലയിലെത്തിക്കുകയും ചെയ്തു. യൂസഫ് അയ്മെന്‍ നേടിയ ഗോള്‍ നിഷേധിക്കണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ റഫറിയോട് ആവശ്യപ്പെട്ടെങ്കിലും ഗോള്‍ അനുവദിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ലീഡും വിജയവും കൈവിട്ടു. ലീഡ് കൈവിട്ടതോടെ ഇന്ത്യ പതറി. 85-ാം മിനിറ്റില്‍ ഖത്തര്‍ മുന്നിലെത്തുകയും ചെയ്തു. അല്‍ റാവി നേടിയ ഗോളാണ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com