ആറ് ലോകകപ്പുകളില്‍ കളിച്ചു എന്ന് പറയാന്‍ വേണ്ടി മാത്രം ഇനി ഒരു ലോകകപ്പിനില്ല; ലയണൽ മെസ്സി

ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം
ആറ് ലോകകപ്പുകളില്‍ കളിച്ചു എന്ന് പറയാന്‍ വേണ്ടി മാത്രം ഇനി ഒരു ലോകകപ്പിനില്ല; ലയണൽ മെസ്സി
Updated on

ന്യൂഡൽഹി: രണ്ട് വർഷത്തിന് ശേഷം അമേരിക്കയിൽ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി ലയണല്‍ മെസ്സി. 2026 ലെ ലോകകപ്പിൽ കളിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നായിരുന്നു അര്‍ജന്റീന നായകന്റെ മറുപടി. ലോകകപ്പിന് ഇനിയും രണ്ട് വര്‍ഷമുണ്ട്. എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല. ആറ് ലോകകപ്പുകളില്‍ കളിച്ചു എന്ന് പറയാനായി മാത്രം മറ്റൊരു ലോകകപ്പില്‍ താന്‍ കളിക്കില്ലെന്നും മെസ്സി വ്യക്തമാക്കി. ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

റെക്കോർഡുകളും നേട്ടങ്ങളും സ്വന്തമാക്കുന്നത് സന്തോഷകരമാണ്. പക്ഷേ നേട്ടങ്ങൾക്ക് വേണ്ടി മാത്രം ബൂട്ടണിയില്ല. ശരിയായ സമയത്ത് വിരമിക്കൽ തീരുമാനമെടുക്കും, മെസ്സി കൂട്ടിച്ചേര്‍ത്തു. എംഎല്‍എസ് ക്ലബ്ബ് ഇന്റര്‍ മയാമിയിലാണ് ക്ലബ്ബ് കരിയര്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മെസ്സി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേ സമയം അര്‍ജന്റീനയ്ക്കായി കോപ്പ അമേരിക്കയും ലോകകപ്പും നേടിയ മെസ്സി മറ്റൊരു കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പിലാണ്. താരത്തിന്റെ അവസാന കോപ്പ അമേരിക്കയായിരിക്കും ഇത്തവണത്തേത്. ഗ്രൂപ്പ് എ യില്‍ പെറു, ചിലി, കാനഡ ടീമുകള്‍ക്കൊപ്പമാണ് മെസ്സിയും സംഘവുമുള്ളത്. വെള്ളിയാഴ്ച പുലർച്ചെ കാനഡയുമായാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

15 തവണ കിരീടം നേടിയ അർജന്റീന ടീം സന്തുലിതമാണ്. ലയണൽ സ്‌കലോണി പരിശീലിപ്പിക്കുന്ന ടീം അവസാനം കളിച്ച 14 കളികളിൽ 13-ലും ജയിച്ചു. മെസ്സിക്കുപുറമെ ജൂലിയൻ അൽവാരസും നിക്കോളാസ് ഗോൺസാലസുമാകും മുന്നേറ്റത്തിൽ. അലക്സിസ് മെക്കാലിസ്റ്റർ, ലിയനാർഡോ പാരഡെസ്, റോഡ്രിഗോ ഡി പോൾ എന്നിവർ മധ്യനിരയിലും ഇറങ്ങും.മോളിനയും റോമേറോയും ഒറ്റമൻഡിയും ലിസാൻട്രോ മാർട്ടിനസും പ്രതിരോധം കാക്കും. ഗോൾ വലയ്ക്ക് മുന്നിൽ എമിലിയാനോ രക്ഷകനാകും. കാനഡയ്ക്ക് ഇത് ആദ്യ കോപ്പ അമേരിക്ക ടൂർണമെന്റാണ്. പ്ലേ ഓഫ് കളിച്ചാണ് ടീമിന്റെ വരവ്. ജെസ്സെ മാർഷിന്റെ തന്ത്രങ്ങളിൽ മെസ്സിയെയും സംഘത്തേയും പൂട്ടാമെന്ന ചിന്തയിലാണ് ആരാധകർ. ജോനാഥൻ ഡേവിഡിന്റെ സ്‌കോറിങ് മികവിലാണ് ടീമിന്റെ പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com