'യമാൽ പ്രതിഭയാണ്, പ്രതിഭാസമാണ്'; ഫിഫ മാത്രമല്ല, മലയാളത്തെ ഏറ്റെടുത്ത് ലാലിഗയും

യൂറോയും കോപ്പയും ഒരുമിച്ചാഘോഷിക്കുന്ന ഫുട്‍ബോളിനെ ഏറെ സ്നേഹിക്കുന്ന മലയാളിക്ക് ഇതും ഒരു ആഘോഷത്തിനുള്ള കാരണമായി
'യമാൽ പ്രതിഭയാണ്, പ്രതിഭാസമാണ്'; ഫിഫ മാത്രമല്ല, മലയാളത്തെ ഏറ്റെടുത്ത് ലാലിഗയും
Updated on

മ്യൂണിച്ച്: ഫുട്‍ബോളിന് അത്ര വേരോട്ടമില്ലാത്ത രാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയിലുള്ള നൂറു കണക്കിന് ഭാഷകളിൽ ഒന്ന് മാത്രമാണ് മലയാളം. പക്ഷെ മലയാളം സംസാരിക്കുന്ന കേരളത്തിലെ മലയാളികൾക്ക് ഫുട്‍ബോൾ ജീവനാണ്. ഫുട്‍ബോളിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്കും ക്ലബുകൾക്കും പണ്ട് മുതലേ ആരാധകർ ഒരുപാടുള്ള നാടാണ് കേരളം. അത് മനസ്സിലാക്കി തന്നെയാണ് ഓരോ രാജ്യങ്ങളും ക്ലബുകളും സോഷ്യൽ മീഡിയയിൽ പെരുമാറാറുള്ളത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു ആദ്യമായി മലയാളികളെ ചേർത്ത് നിർത്തിയുള്ള കണ്ടെന്റുകൾ തങ്ങളുടെ പോസ്റ്റുകൾ ചേർത്തിരുന്നത്. പിന്നീട് അത് മറ്റ് ക്ലബുകളും ഏറ്റെടുത്തു.

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി ഫിഫയും ഈ മലയാളി സ്നേഹം കാണിച്ചു, കോഴിക്കോട് ചാത്തമംഗലത്ത് ലോകകപ്പിന് മുന്നോടിയായി പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും റൊണാൾഡോയുടെയും കട്ടൗട്ടുകളുടെ ചിത്രം പങ്കിട്ടാണ് ഫിഫയുടെ പോസ്റ്റ് വന്നത്. ‘മെസി റൊണാൾഡോ നെയ്മർ, ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്. നിങ്ങളുടേത് ആരാണ്' എന്നെഴുതിയാണ് ചിത്രം പങ്കുവച്ചിരുന്നത്. പിന്നീട് ഫിഫ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫ്രാൻസ് താരം എംബപ്പെയുടെ ഒരു വീഡിയോയിലും മലയാളം കൊണ്ട് വന്നു. 'കിളിയേ കിളിയേ’ എന്ന പാട്ടിന്റെ അകമ്പടിയോടെ പുറത്തുവന്ന വിഡിയോയാണ് അന്ന് വൈറലായിരുന്നത്. 1983ൽ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കിളിയേ കിളിയേ’.

ഫിഫയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ഏതോ മലയാളി ഹാക്ക് ചെയ്തുവെന്നും അഡ്മിനായി ഏതോ മലയാളി ഫിഫയിൽ നുഴഞ്ഞു കയറിയെന്നും പല തരത്തിലുള്ള കമന്റുകളും ട്രോളുകളും ഇതിന്റെ കൂടെ വ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഫിഫയ്ക്ക് പിന്നാലെ ലാലിഗയും തങ്ങളുടെ സോഷ്യൽ മീഡിയിലിട്ട പോസ്റ്റിന് മലയാളം ക്യാപ്‌ഷൻ നൽകിയിരിക്കുകയാണ്. ഇന്നലെ നടന്ന യൂറോ കപ്പ് സ്‌പെയിൻ-ഫ്രാൻസ് സെമിഫൈനലിൽ അസാമാന്യ പ്രകടനം നടത്തിയ പതിനാറുകാരൻ യമാലിനെ പുകഴ്ത്തിയാണ് പോസ്റ്റ്. ബുധനാഴ്ച്ച ഉച്ചയോടെ ഇട്ട പോസ്റ്റിൽ 'പ്രതിഭയാണ്,പ്രതിഭാസമാണ് ' എന്ന വാചകമാണ് നൽകിയിട്ടുള്ളത്. എന്തൊക്കെയായാലും യൂറോയും കോപ്പയും ഒരുമിച്ചാഘോഷിക്കുന്ന ഫുടബോളിനെ ഏറെ സ്നേഹിക്കുന്ന മലയാളിക്ക് ഇതും ഒരു ആഘോഷത്തിനുള്ള കാരണമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com