ഷാർജ സ്കൂൾ കാമ്പസിൽ എട്ട് വയസുകാരൻ മരിച്ച സംഭവം; നീതി തേടി കുടുംബം

റാഷിദ് യാസര്‍ എന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചത്
ഷാർജ സ്കൂൾ കാമ്പസിൽ എട്ട് വയസുകാരൻ മരിച്ച സംഭവം; നീതി തേടി കുടുംബം
Updated on

ഷാര്‍ജ: മാര്‍ച്ച് മാസത്തില്‍ എമിറേറ്റിലെ മുവൈലെ ഏരിയയിലെ ഒരു സ്‌കൂള്‍ കാമ്പസില്‍ മരിച്ച എട്ടുവയസ്സുള്ള ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ നീതി തേടി കുടുംബം. റാഷിദ് യാസിര്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. റമദാന്‍ മാസത്തിന്റെ ആദ്യ ദിനമായ മാര്‍ച്ച് 11 ന് രാവിലെ 7 മണിയോടെ സ്‌കൂളില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് റാഷിദ് യാസര്‍ എന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. തലച്ചോറിന്റെ കാമ്പില്‍ കാര്യമായ നീര്‍വീക്കവും ഒന്നിലധികം ബ്ലീഡിംഗ് പോയിന്റുകളും ഉണ്ടായിരുന്നു. ഇത് മരണത്തിന് കാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അസംബ്ലി ഏരിയയിലേക്ക് നടക്കുമ്പോള്‍ റാഷിദിനെ ചില ആണ്‍കുട്ടികള്‍ കളിയാക്കുന്നത് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഒരു കൊച്ചുകുട്ടി അവനെ കളിയാക്കി കൊണ്ട് രണ്ടുതവണ ചവിട്ടി. നാല് ആണ്‍കുട്ടികള്‍ റാഷിദിന്റെ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം റാഷിദ് നിലത്തു വീഴുന്നു. അവന്റെ വീഴ്ചയിലേക്ക് നയിക്കുന്ന നിര്‍ണായക നിമിഷങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടില്ല. സംഭവങ്ങളുടെ ക്രമത്തില്‍ ഒരു വിടവ് അവശേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

കാണാതായ ഈ നിമിഷങ്ങളില്‍ റാഷിദിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. മകന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നത് വരെ തങ്ങൾ വിശ്രമിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ഹബീബ് യാസര്‍ പറഞ്ഞു. തങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

'ഒരു കുട്ടിയ്ക്ക് സ്‌കൂള്‍ രണ്ടാമത്തെ വീട് പോലെയായിരിക്കണം, പക്ഷേ എന്റെ കുട്ടി സ്‌കൂള്‍ പരിസരത്ത് പീഡനത്തിന് ഇരയായി. എന്റെ കുട്ടിയെ പരിപാലിച്ചില്ല, ഞങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടു, മറ്റ് കുട്ടികള്‍ ഇതേ അവസ്ഥ നേരിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല', അദ്ദേഹം ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് അയച്ച പരാതിയില്‍ പറയുന്നു.

കുട്ടിയുടെ വിയോഗത്തിലുള്ള വേദന കുടുംബവുമായി പങ്കിടുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ അനാവശ്യമായി തെറ്റിദ്ധരിപ്പിക്കുന്നതാണ് ആരോപണങ്ങളെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. ബസില്‍ നിന്ന് ക്ലാസ് മുറിയിലേക്ക് റാഷിദിനൊപ്പം ഒരു ആയയും ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നും റാഷിദിന്റെ ജീവിതത്തിലെ നിര്‍ണായകമായ അവസാന നിമിഷങ്ങള്‍ പകര്‍ത്താന്‍ അസംബ്ലി ഏരിയയില്‍ സിസിടിവി ക്യാമറ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചു.

മരിച്ച കുട്ടിയ്ക്ക് അനുശോചനമോ പ്രാര്‍ത്ഥന യോഗമോ നടത്താത്തത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചോ സഹപാഠികളുടെ മാതാപിതാക്കളെ സംഭവത്തെക്കുറിച്ച് അറിയിക്കാത്തതിനെ കുറിച്ചോ സ്കൂൾ അധികൃതർ പരാമര്‍ശിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകാതെ ഇത്തരം വിഷയങ്ങളിൽ ഉത്തരം നല്‍കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പ്രിന്‍സിപ്പിള്‍ പറഞ്ഞു.

റാഷിദ് സ്‌കൂളില്‍ കുഴഞ്ഞുവീണതായി ഒരു ഫോണ്‍കോളിലൂടെയാണ് വിവരം ലഭിക്കുന്നത്. ഉടനെ തന്നെ റാഷിദിനെ സ്‌കൂള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. ശേഷമാണ് കുടുംബത്തെ വിവരം അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com