ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത; യുപിഐ സംവിധാനത്തിലൂടെ പണമിടപാട് നടത്താം

യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി
ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത; യുപിഐ സംവിധാനത്തിലൂടെ പണമിടപാട് നടത്താം
Updated on

ദോഹ: അടുത്തിടെയാണ് യുപിഐ പേയ്മെന്റ് സംവിധാനം യുഎഇയിൽ നടപ്പാക്കിയത്. യുഎഇയ്ക്ക് പുറമെ ഇപ്പോൾ ഖത്തറും യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് സൗകര്യമൊരുങ്ങുന്നു. ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് നടപ്പിലാക്കുന്നത്. ക്യൂആര്‍ കോഡ് ഉപയോ​ഗിച്ച് പണമിടപാട് ന‌ടത്താവുന്നതാണ്. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി.

ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. സംവിധാനം പ്രാബല്യത്തിൽ വരുന്നതോ‌‌ടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും രാജ്യത്തിന്റെ ഏത് ഭാ​ഗത്തും യുപിഐ വഴി പണമിടപാട് നടത്താം. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും. ഖത്തറിലെ റീട്ടെയില്‍ -റസ്റ്ററന്‍റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും. ഉപഭോക്താക്കള്‍ക്ക് മികച്ചതും വേഗത്തിലുമുള്ള സേവനം ലഭ്യമാക്കാന്‍ എന്‍ഐപിഎല്ലുമായുള്ള ധാരണയിലൂടെ സാധ്യമാകുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആദില്‍ അലി അല്‍ മാലികി പറഞ്ഞു.

യുഎഇയിൽ യുപിഐ പേയ്മെന്റ് ക്യൂആർ കോഡോ ഇന്ത്യൻ എടിഎം കാർഡോ ഉപയോ​ഗിച്ച് നടത്താനാകും. നെറ്റ്‌വർക് ഇന്റർനാഷനലിന്റെ പിഒഎസ് മെഷീനുകളിലൂടെയാണ് യുപിഐ പണമിടപാടിനുള്ള സൗകര്യം നിലവിൽ വന്നത്. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ കഴിഞ്ഞ ദിവസം ദുബായ് എമിറേറ്റ്സ് മാളിൽ ആദ്യ യുപിഐ ഇടപാട് നടത്തിയത്. നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും ഗൾഫ് മേഖലയിലെ പേയ്മെന്റ് കമ്പനിയായ നെറ്റ്‌വർക്കും തമ്മിലുള്ള തമ്മിൽ സംയോജിതമായാണ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. നെറ്റ്‌വർക് ഇന്റര്‍നാഷണല്‍ മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലുടനീളവുമുള്ള ഡിജിറ്റല്‍ വാണിജ്യത്തിന്റെ മുന്‍നിര പ്രായോജകരാണ്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമാണ് എന്‍ഐപിഎല്‍. 350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തല്‍ക്ഷണ പേയ്മെന്റ് സംവിധാനമാണ് യുപിഐ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com