ദുബായ്: സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പില്‍ വിസ രഹിത പ്രവാസികള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മാനവ വിഭവ ശേഷി എമിററ്റൈസേഷൻ മന്ത്രാലയമാണ് ഈ പ്രഖ്യാപനം നടത്തിയത്. തൊഴില്‍ കരാർ, തൊഴില്‍ പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ പിഴകള്‍ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. പിഴകളില്‍ നിന്ന് ഒഴിവാക്കുന്നതിനായി അപേക്ഷിക്കുന്നതിന് നിലവില്‍ രണ്ട് മാസ സമയമാണുള്ളത്.
സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പിന് ഒക്ടോബര്‍ 30വരെയാണ് കാലാവധി. നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ അവസ്ഥ പരിഹരിക്കാനും സ്ഥാപനങ്ങളെ അഡ്മിനിസ്ട്രേറ്റീവ് പിഴകളില്‍ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച നാല് സേവനങ്ങളില്‍ ഒന്നാണിത്. വര്‍ക്ക് പെര്‍മിറ്റ് നല്കല്, പുതുക്കല്‍, റദ്ദാക്കല്‍, ജോലി ഉപേക്ഷിക്കല്‍, പരാതിയുടെ നടപടിക്രമങ്ങള്‍ എന്നിവ മന്ത്രാലയം നല്കുന്ന സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് നിയമ ലംഘനം നടത്തിയവര്‍ക്ക് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളൂ. പൊതുമാപ്പിന് അപേക്ഷിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യേക അപേക്ഷാ കേന്ദ്രങ്ങളും കേന്ദ്രങ്ങളിലെത്തുന്നവരെ സഹായിക്കുന്നതിനായി ഹെല്‍പ്പ് ഡെസ്ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.