മനാമ: ബഹ്റൈനിൽ ഇന്ന് മുതൽ ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് നടക്കും. ആദ്യമായാണ് ചാമ്പ്യൻഷിപ്പിന് ബഹ്റൈനിൽ വേദിയാകുന്നത്. ഡിസംബർ 15വരെയാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ബഹ്റൈൻ നാഷണൽ തിയറ്ററിന് എതിർവശത്തുള്ള മൈതാനത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് മത്സരം.
114 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം താരങ്ങളാണ് പങ്കെടുക്കുക. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിൻ്റെ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോർ യൂത്ത് ആൻ്റ് സ്പോർട്സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന സീനിയർ അത്ലറ്റുകൾക്കായുള്ള ആദ്യത്തെ ആഗോള ഒളിമ്പിക്സ് തല കായിക ചാമ്പ്യൻഷിപ്പാണിത്. ബഹ്റൈൻ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് ബഹ്റൈൻ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡൻ്റ് ഇഷാഖ് ഇബ്രാഹിം ഇഷാഖ് അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി ടിക്കറ്റ് വിതരണ സംവിധാനം ഏർപ്പടെത്തുമെന്നും അധികൃതർ അറിയിച്ചു. വിഷൻ 2030ന് അനുസൃതമായി അന്താരാഷ്ട്ര കായിക വിനോദങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ബഹ്റൈൻ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. കൂടാതെ രാജ്യത്തെ കായിക, സാമ്പത്തിക, വിനോദസഞ്ചാര മേഖലകളെ വൈവിധ്യവത്കരിക്കുന്നതിന് കിരീടവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ ശക്തമായ പിന്തുണയാണ് നൽകുന്നത്.
Content Highlights: World Weightlifting championship in bahrain