ബഹ്റൈൻ ചരിത്ര സ്മാരകമായ ഗ്രാൻഡ് മോസ്കിൽ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

പരമ്പരാ​ഗത ഇസ്ലാമിക, ആധുനിക വാസ്തുവിദ്യകളുടെ സമന്വയത്തിന് പേരുകേട്ടതാണ് അഹമ്മദ് അൽ ഫത്തേ ഇസ്ലാമിക് സെൻ്റർ.

dot image

മനാമ: രാജ്യത്തെ ചരിത്ര സ്മാരകമായ അഹമ്മദ് അൽ ഫത്തേ ഇസ്ലാമിക് സെൻർ കഴിഞ്ഞ വർഷം സന്ദർശിച്ചത് 78,325 പേർ. ഇസ്ലാമിക സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്രത്തിന്റെ പങ്കും ബഹ്റൈനിലെ സാംസ്കാരികവും മതപരവുമായ പ്രധാന ആകർഷണം എന്ന നിലയിൽ സെൻ്ററിൻ്റെ പ്രാധാന്യം അഹമ്മദ് അൽ ഫത്തേ ഇസ്ലാമിക് സെൻ്റർ ചെയർമാൻ നവാഫ് റാഷിദ് അൽ‌ റാഷിദ് ചൂണ്ടിക്കാട്ടി. സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ വിവരം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1984ലാണ് അ​ഹമ്മദ് അൽ ഫത്തേഹ് സെൻ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 1988-ൽ ബഹ്റൈനിലെ അന്തരിച്ച അമീർ ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫയാണ് ഇത് തുറന്നത്. 6,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ ആരാധനാലയത്തിൽ ഒരേസമയം 7000 വരെ വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയും. ദിവസേനയുള്ള പ്രാർത്ഥനകളും വെള്ളിയാഴ്ച പ്രാർത്ഥനകളും ഇവിടെ നടക്കുന്നുണ്ട്. പരമ്പരാ​ഗത ഇസ്ലാമിക, ആധുനിക വാസ്തുവിദ്യകളുടെ സമന്വയത്തിന് പേരുകേട്ടതാണ് അഹമ്മദ് അൽ ഫത്തേ ഇസ്ലാമിക് സെൻ്റർ.

ജുഫൈറിലാണ് അഹമ്മദ് അൽ ഫത്തേഹ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ബഹ്റൈൻ ഇസ്ലാമിക കേന്ദ്രത്തിന്റെ ഭാ​ഗമാണ് ​ഗ്രാൻഡ് മോസ്ക്. മസ്ജിദ്, ഖുറാൻ പഠന വിഭാ​ഗം, ഇസ്ലാമിക് ലൈബ്രറി എന്നിവ ഉൾപ്പെടുന്നതാണ് കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ​ഗ്ലാസ് താഴികക്കുടവും സവിശേഷമായ ലൈറ്റിങ്ങും ഉള്ള ​ഗ്രാൻഡ് മോസ്ക് വൈവിധ്യമാർന്ന സംസ്കാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നുമുള്ള അനേകം സന്ദർശകരെ ആകർഷിക്കുന്നതാണ്.

Content Highlights: Grand Mosque in Bahrain Has Seat a record number of visitors

dot image
To advertise here,contact us
dot image