പ്രവാസി ലീഗൽ സെൽ ബിസിനസ് വിങ് ഗ്ലോബൽ കോർഡിനേറ്ററായി ആനന്ദ് രാഘവൻ

പ്രവാസമേഖലയിലെ സംരംഭകരെ ഏകോപിപ്പിക്കുകയാണ് പ്രവാസി ലീഗൽ സെൽ ബിസിനസ് വിങ് ലക്ഷ്യമിടുന്നത്

dot image

ബഹ്‌റൈൻ / ന്യൂഡൽഹി : പ്രവാസി ലീഗൽ സെൽ ബിസിനസ് വിങ് ഗ്ലോബൽ കോർഡിനേറ്ററായി പ്രമുഖ സംരഭകൻ ആനന്ദ് രാഘവൻ നിയമിതനായി. ദുബായ് കേന്ദ്രീകരിച്ചാണ് കഴിഞ്ഞ കുറെ നാളുകളായി ആനന്ദ് രാഘവൻ പ്രവർത്തിച്ചുവരുന്നത്. പ്രവാസമേഖലയിലെ സംരംഭകരെ ഏകോപിപ്പിക്കുകയാണ് പ്രവാസി ലീഗൽ സെൽ ബിസിനസ് വിങ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംരംഭകരുടെ പല പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും മറ്റും ശ്രദ്ധയിൽ കൊണ്ടുവരുക അതിന് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ബിസിനസ്സ് വിങ്ങ് ആരംഭിച്ചിട്ടുള്ളത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.

ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിന്‍റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്.

വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിന്‍റെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാരിനുള്ള നിർദേശവും ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി നൽകിയിട്ടുണ്ട്. നഴ്സസ് വിങ്, വനിതാ വിഭാഗം, ഡിസെബിലിറ്റി റൈറ്സ് വിങ് എന്നിവ കൂടാതെ പ്രവാസ മേഖലയിലെ വിദ്യാർഥിക്ഷേമം കൂടി കണക്കിലെടുത്ത് പ്രത്യേകം സ്റ്റുഡൻസ് വിംഗിനും പ്രവാസി ലീഗൽ സെൽ രൂപം നൽകിയിട്ടുണ്ട്.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്കും വ്യത്യസ്ത മേഖലകളിലേക്കും ലീഗൽ സെൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറൈൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത്‌, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി എൻ കൃഷ്ണകുമാർ അബുദാബി ചാപ്റ്റർ അദ്ധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ-അജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്‌, യുകെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Content Highlights: Anand Raghavan appointed as Global Coordinator, Business Wing, Pravasi Legal Cell

dot image
To advertise here,contact us
dot image