
മനാമ: ബഹ്റൈനിൽ സലൂണിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ പ്രതികൾക്ക് അഞ്ചു വർഷത്തെ തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈക്രിമിനൽ കോടതി. ഏഷ്യൻ വംശജരായ മൂന്ന് പേർക്കാണ് കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമെ പ്രതികൾക്ക് 2000 ദിനാർ വീതം പിഴയും യുവതിയെ നാട്ടിലയക്കാനുള്ള ചെലവും വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വർഷം നവംബറിൽ സലൂണിലെ മസാജ് തെറപ്പിസ്റ്റെന്ന വ്യാജേന യുവതിയെ ബഹ്റൈനിൽ എത്തിച്ച് രഹസ്യമായി നഗ്നചിത്രങ്ങൾ പകർത്തി വേശ്യാവൃത്തിക്കായി സംഘം നിർബന്ധിക്കുകയായിരുന്നു. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികൾ യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചത്.
കൂടാതെ യുവതിയെ മർദ്ദിക്കുകയും പാസ്പോർട്ടും മറ്റുരേഖകളും മൊബൈൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. തടവ് ശിക്ഷക്കുശേഷം പ്രതികളെ നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു.
Content Highlights: Bahrain court sentences accused to 5 years in prison for sexually abusing young woman