ദുബായ്: യുഎഇയിൽ സൈബർ തട്ടിപ്പുക്കാർക്കെതിരെ നടത്തിയ രാത്രികാല പരിശോധനയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിയിലായത് നൂറിലേറെ പേർ. ഓൺലൈന് തട്ടിപ്പ് റാക്കറ്റിലെ പ്രതികളാണ് പിടിയിലായത്. യുഎഇയിലെ അജ്മാനിലാണ് പരിശോധന കൂടുതലായും നടന്നത്.
നഗരത്തിലെ ഗ്രാന്റ് മാളുകളിലും സൈബർ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി റെസിഡൻഷ്യൽ ടവറുകളിലും പ്രത്യേക സേന റെയ്ഡ് നടത്തി. രാത്രി മുഴുവൻ നീണ്ട ഓപ്പറേഷൻ പുലർച്ചെ വരെ നീണ്ടുനിന്നു. പിടിയിലായ പ്രതികളുടെ പങ്കിനെകുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ദുബായ് ലാൻഡിലെ റഹാബ റെസിഡൻസിലും നടത്തിയ റെയ്ഡിൽ നിരവധി പേരെ പിടികൂടി. നിരവധി ദക്ഷിണേഷ്യക്കാരും ആഫ്രിക്കക്കാരും ഉൾപ്പെടെ ആയിരക്കണക്കിന് വ്യക്തികളെ സൈബർ തട്ടിപ്പുകാർ വലയിലാക്കി. സൈബര് റാക്കറ്റിലെ ഏറ്റവും താഴെ ടെലിസെയില്സ് ഏജന്റുമാരും ഏറ്റവും മുകളില് വിദഗ്ധരായ ഹാക്കര്മാരുമാണെന്ന് പൊലീസിൻ്റെ ചോദ്യം ചെയ്യലില് വ്യക്തമായി. നേരത്തേ ഏഷ്യന്, ആഫ്രിക്കന് രാജ്യങ്ങളില് നിന്നായിരുന്നു ഇത്തരം സൈബര് തട്ടിപ്പുകാര് പ്രവര്ത്തിച്ചിരുന്നത്. കൊവിഡിന് ശേഷം നടത്തിയ പരിശോധനകള് കര്ക്കശമായതോടെ യുഎഇ അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് സംഘം ചേക്കേറുകയായിരുന്നു.