അബുദബി: 2023ൽ പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ. ഏകദേശം 38.5 ബില്യൺ ഡോളറാണ് യുഎഇയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത്. ലോകബാങ്കിന്റെ 'മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് ബ്രീഫ്' റിപ്പോർട്ടിലാണ് ഇത് പറയുന്നത്.
സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 38.4 ബില്യൺ ഡോളറാണ് സൗദിയിൽ നിന്ന് നാട്ടിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കുവൈറ്റാണ് മൂന്നാം സ്ഥാനത്ത്.12.7 ബില്യൺ ഡോളർ പ്രവാസികൾ സ്വന്തം രാജ്യത്തേക്ക് അയച്ചതായാണ് കണക്കുകൾ. ആഗോള തലത്തിൽ പത്താം സ്ഥാനമാണ് രാജ്യം കരസ്ഥമാക്കിയത്.
11.8 ബില്യൺ ഡോളറുമായി ഖത്തറും, 2.7 ബില്യൺ ഡോളറുമായി ബഹ്റൈനും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദേശ പണമയയ്ക്കലിൽ 13 ശതമാനം കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.