മസ്കറ്റ്: ഉത്തർപ്രദേശിലെ ഹാഥ്റസിൽ പ്രാർഥനാ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്ക്ക് ജീവന് നഷ്ടമായ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇരകളുടെ കുടുംബങ്ങളോടും സൗഹൃദമുള്ള ഇന്ത്യൻ ജനതയോടും തന്റെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുകയാണെന്ന് പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല് എന്ന ആള്ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു 121 പേര്ക്ക് ജീവന് നഷ്ടപ്പെട്ടത്. അപകടം നടന്നതിന് ശേഷം ഭോലെ ബാബയുടെ വാഹനം കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഭോലെ ബാബയുടെ വാഹന വ്യൂഹത്തിന് കടന്നുപോകാൻ സംഘാടകർ രണ്ട് സൈഡിലേക്ക് മാറി വഴിയൊരുക്കുന്നത് സിസിടിവിയിൽ നിന്ന് വ്യക്തമാകുന്നു. ഭോലെ ബാബയുടെ വാഹനം തിരിച്ച് പോയത് അകമ്പടിയോടെയാണെന്നും വ്യക്തമാണ്.
ആയിരക്കണക്കിന് പേരാണ് ഭോലെ ബാബയുടെ സത്സംഘ് പരിപാടിക്കായി ഹാഥ്റസിലെത്തിയിരുന്നത്. പരിപാടി അവസാനിച്ചത് ഉച്ചയ്ക്ക് രണ്ട് മണിക്കാണെന്നാണ് ദൃക്സാക്ഷിയായ ഗോപാൽ കുമാർ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ വിവരം. ബാബ വന്നുപോയ ഹൈവേയുടെ ഒരു ഭാഗം ഭക്തരും വാഹനങ്ങളും കൊണ്ട് ഏറെക്കുറെ സ്തംഭിച്ചിരുന്നുവെന്നും കുമാർ പറഞ്ഞു. ബാബയുടെ വാഹനം ഹൈവേയിലെത്തിയതോടെ അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി വിശ്വാസികൾ വാഹനത്തിന് പിന്നാലെ പാഞ്ഞു. വാഹനങ്ങൾക്കിടയിൽ പെട്ടുപോകുമെന്നോ അപകടം സംഭവിക്കുമെന്നോ ഓർക്കാതെയാണ് ആളുകൾ വാഹനത്തിനടുത്തേക്ക് പാഞ്ഞത്. ഇതിനിടെ താഴെ വീണവർക്ക് പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്നും കുമാർ വ്യക്തമാക്കി.
കോണ്ഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല് ഗാന്ധി ഹാഥ്റസിലെ ദുരന്ത ഭൂമിയിലെത്തി. രാവിലെ ഡല്ഹിയില് നിന്നും പുറപ്പെട്ട് റോഡ് മാര്ഗമായിരുന്നു ഹാഥ്റസിലേക്കുള്ള രാഹുലിന്റെ യാത്ര. യു പി കോണ്ഗ്രസ് അധ്യക്ഷന് അജയ് റായി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് അവിനാശ് പാണ്ഡെ, പാര്ട്ടി വക്താവ് സുപ്രിയ ഷ്രിന്ഡെ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ട്.