മനാമ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് ബഹ്റൈൻ. ഇന്ത്യൻ സർക്കാറിനോടും ജനതയോടും മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനവും ഐക്യദാർഢ്യവും ബഹ്റൈന് വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തി. പരിക്കേറ്റവര് വേഗത്തില് സുഖം പ്രാപിക്കട്ടെയെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
വയനാട്ടിൽ രക്ഷാപ്രവർത്തനം പൂർണ തോതിൽ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തെ ത്വരിതപ്പെടുത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ കേരളത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1386 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ ഏഴ് ക്യാമ്പുകളിലേക്കും ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നാട് നേരിട്ടിട്ടില്ലാത്ത വേദനാജനകമായ ദുരന്തമാണ്. 144 മൃതദേഹം കണ്ടെടുത്തു. ഇതിൽ 79 പുരുഷൻമാർ, 64 സ്ത്രീകളുമുണ്ട്. 191 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്ത മേഖലയിൽ നിന്ന് പരമാവധി പേരെ മാറ്റുന്നുണ്ട്. രക്ഷപ്പെട്ടവർക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്. 82 ക്യാമ്പുകളിലായി 8017 ആളുകൾ കഴിയുന്നുണ്ട്. 1167 പേർ രക്ഷാപ്രവർത്തന രംഗത്തുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.