മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയതായി ആരംഭിച്ച ഇ-ഗേറ്റ് സംവിധാനം യാത്രക്കാര്ക്ക് കൂടതല് ഫലപ്രദം. യാത്രക്കാരുടെ മുഖ രൂപം റോയൽ ഒമാൻ പൊലീസിന്റെ സിസ്റ്റത്തിലുള്ള ബയോമെട്രിക് വിരളടയാളവുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാണ് യാത്രക്കാരനെ രാജ്യത്തേക്ക് കടക്കുവാനോ പുറത്ത് പോകാനോ അനുവദിക്കുക. ഇത് സ്വന്തമായി ചെയ്യാൻ കഴിയുന്നതാണ്. ഒമാൻ വിഷൻ 2040 പദ്ധതിയുടെ ഭാഗമായി ഒമാനിലെ വിമാനത്താവളങ്ങളിലെ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം ആരംഭിച്ചത്.
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറപ്പെടുന്നവർക്കും എത്തിച്ചേരുന്ന യാത്രക്കാർക്കും പാസ്പോർട്ട് പരിശോധന വേഗത്തിലാക്കാനാണ് പുതിയ ഇ-ഗേറ്റ് സംവിധാനം ലക്ഷ്യമിടുന്നത്. സുരക്ഷ ഉദ്യോഗസ്ഥരുടെയോ മറ്റോ സഹായമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്. യാത്രക്കാരന്റെ എല്ലാ വിവരങ്ങളും പരിശോധിക്കാനും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാനും കഴിയും.
ആഗമന, നിഗമന ഹാളുകൾക്കിടയിലാണ് പുതിയ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. പുറപ്പെടൽ ഭാഗത്ത് ആറ് ഗേറ്റുകൾ ഇക്കണോമി യാത്രക്കാർക്കായി സജ്ജമാക്കിയിട്ടുണ്ട്. ആഗമന ഭാഗത്ത് 12 ഗേറ്റുകളാണുള്ളത്. ഈ ഗേറ്റിൽ ആറെണ്ണം തെക്ക് ഭാഗത്തും ആറെണ്ണം വടക്ക് ഭാഗത്തുമാണ്.
പൊലീസ് സംവിധാനം, ഓട്ടോമേറ്റഡ്, സെൽഫ് സർവീസ് രീതിയിൽ, പരിശോധിച്ചുറപ്പിക്കേണ്ട എല്ലാ സാധ്യതകളും കണക്കിലെടുത്ത്, യാത്രക്കാരുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ ഘടകങ്ങളും ഡാറ്റാബേസുകളിലും മറ്റ് സുരക്ഷാ സംവിധാനങ്ങളിലും പരിശോധിക്കപ്പെടും.വേഗത്തിലും സുരക്ഷിതമായും സ്വയം സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഒമാൻ എയർപോർട്ട് സിഇഒ ഷെയ്ഖ് അയ്മാൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഹൊസ്നി നേരത്തെ പറഞ്ഞിരുന്നു.
യാത്രക്കാര് ഗേറ്റിൽ കാണിക്കുന്ന നിർദേശങ്ങൾ പാലിക്കുന്നതിലെ വേഗം, മുഖം സ്കാൻ ചെയ്യുന്നതിനായി ഗേറ്റിനുള്ളിലെ ക്യാമറക്ക് മുന്നിൽ കൃത്യമായ സ്ഥാനത്ത് നിൽക്കൽ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും സേവനത്തിന്റെ വേഗത. സാധാരണ ഗതിയിൽ പുറപ്പെടൽ ഹാളിലെ ആറ് ഗേറ്റുകളിലൂടെ ഒരു മണിക്കൂറിൽ ആയിരം യാത്രക്കാർക്ക് കടന്നു പോവാൻ കഴിയും. പ്രക്രിയ യാത്രക്കാരുടെ സുഗമവും വേഗത്തിലുള്ളതുമായ ചലനം ഉറപ്പാക്കുകയും പ്രക്രിയ പൂർത്തിയാക്കാൻ എടുക്കുന്ന സമയം കുറയ്ക്കുകയും ചെയ്യുന്നു.
മസ്കറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് 2023-ലെ പ്രകടന മാനദണ്ഡങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വളർച്ച കൈവരിച്ചു, പുതിയ ഇ-ഗേറ്റ് സംവിധാനം യാത്രക്കാരുടെ അനുഭവവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്.