ശരീരഭാരം ഒമ്പതിരട്ടിയോളം കുറച്ചു; സൗദി മുന് രാജാവ് അബ്ദുള്ളയ്ക്ക് നന്ദി പറഞ്ഞ് ഖാലിദ് ഷാരി

അവിശ്വസനീയമായ ഈ മാറ്റത്തിൽ സൗദി അറേബ്യയിലെ മുന് രാജാവ് അബ്ദുള്ളയ്ക്ക് നന്ദി പറയുകയാണ് ഖാലിദ് ഷാരിയും കുടുംബവും

dot image

റിയാദ്: ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാരമേറിയ വ്യക്തിയും ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ വ്യക്തിയുമായിരുന്നു സൗദി പൗരനുമായ ഖാലിദ് ബിന് മൊഹ്സെന് ഷാരി. ഇതിനിടെ ഖാലിദ് ബിൻ മൊഹ്സെൻ ഷാരി ശ്രദ്ധേയമായ ഒരു മാറ്റത്തിലൂടെ കടന്നുപോയി. വെറും ആറ് മാസത്തിനുള്ളിൽ ശരീരഭാരത്തിൻ്റെ ഒമ്പതിരട്ടിയോളം കുറഞ്ഞു. 33കാരനായ യുവാവിൻ്റെ ശരീരഭാരം 546 കിലോ ഗ്രാം കുറഞ്ഞ് 63.5 കിലോയിലേക്ക് എത്തിയിരിക്കുകയാണ് . അവിശസനീയമായ ഈ മാറ്റത്തിൽ സൗദി അറേബ്യയിലെ മുന് രാജാവ് അബ്ദുള്ളയ്ക്ക് നന്ദി പറയുകയാണ് ഖാലിദ് ഷാരിയും കുടുംബവും.

2013ൽ 610 കിലോഗ്രാം ഭാരമായിരുന്നു ഖാലിദ് ഷാരിക്കുണ്ടായിരുന്നത്. ഇതേ തുടർന്ന് മൂന്ന് വർഷത്തിലേറെയായി കിടപ്പിലായിരുന്നു ഖാലിദ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടുത്ത സുഹൃത്തുക്കളെയും കുടുംബത്തെയും ആശ്രയിക്കുന്ന രീതിയിലേക്ക് ഖാലിദിന്റെ നില വഷളായി. ഖാലിദിൻ്റെ അവസ്ഥ അറിഞ്ഞ് മനംനൊന്ത അബ്ദുള്ള രാജാവ് അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനുള്ള സമഗ്രമായ പദ്ധതിയുമായി രംഗത്തെത്തുകയായിരുന്നു.

രാജാവ് ഖാലിദിന് മികച്ച വൈദ്യസഹായം സൗജന്യമായി ലഭ്യമാക്കി. ഖാലിദിനെ ജസാനിലെ വീട്ടിൽ നിന്ന് റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. ഫ്ലോർക്ലിഫ്റ്റും പ്രത്യേകം രൂപകൽപ്പന ചെയ്ത കിടക്കയും ഉപയോഗിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. അദ്ദേഹത്തിനായി ചികിത്സയും ഭക്ഷണക്രമവും രൂപപ്പെടുത്തുന്നതിനായി 30 മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘത്തെയും നിയോഗിച്ചിരുന്നു.

മിഡിൽ ഈസ്റ്റിലെ പ്രമുഖ ശാസ്ത്രജ്ഞരുടെ പിന്തുണയോടെ നടത്തിയ ചികിത്സ ആറുമാസം കൊണ്ട് ഫലം കണ്ടു. ഗ്യാസ്ട്രിക് ബൈപാസ് സർജറി, കസ്റ്റമൈസ്ഡ് ഡയറ്റ്, എക്സർസൈസ് പ്ലാൻ, ചലനശേഷി വീണ്ടെടുക്കാൻ സഹായിക്കുന്ന തീവ്ര ഫിസിയോതെറാപ്പി സെഷനുകൾ എന്നിവ ഖാലിദിൻ്റെ ചികിത്സയിൽ ഉൾപ്പെടുത്തിയിരുന്നു.

2023-ഓടെ ഖാലിദിൻ്റെ ശരീരഭാരം 542 കിലോഗ്രാം കുറഞ്ഞ് ആരോഗ്യകരമായ 63.5 കിലോഗ്രാം ആയി മാറി. പഴയ ശരീരാവസ്ഥയിൽ നിന്ന് സാധാരണ നിലയിലേയ്ക്കുള്ള ഷാരിയുടെ യാത്ര വളരെ സങ്കീർണ്ണമായിരുന്നു. ഒന്നിലധികം തവണ അധിക ചർമ്മം നീക്കം ചെയ്യൽ ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുമ്പോൾ ഇത്തരത്തിൽ ചർമ്മം നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. ഖാലിദ് ഷാരിയുടെ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ച മെഡിക്കൽ സ്റ്റാഫ് അദ്ദേഹത്തിന് സ്നേഹപൂർവ്വം നൽകിയ വിളിപ്പേര് 'സ്മൈലിംഗ് മാൻ' എന്നായിരുന്നു.

1991 ഫെബ്രുവരി 28-ന് സൗദി അറേബ്യയിൽ ജനിച്ച ഖാലിദ് ബിന് മൊഹ്സെന് ഷാരി 2013ലാണ് ജീവിച്ചിരിക്കുന്ന ഏറ്റവും ഭാരം കൂടി മനുഷ്യനായി മാറുന്നത്. അന്ന് അദ്ദേഹത്തിന് 22 വയസ്സായിരുന്നു പ്രായം.

dot image
To advertise here,contact us
dot image