അബുദബി: അബുദബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് ഇന്ത്യയിലെത്തി. ആദ്യ സന്ദര്ശനത്തിനായി ഇന്ന് ന്യൂഡല്ഹിയില് വിമാനം ഇറങ്ങിയതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഖാലിദ് ഇന്ത്യയിലെത്തിയത്.
'തന്റെ ആദ്യ ഇന്ത്യ സന്ദര്ശനത്തിനായി ഷെയ്ഖ് ഖാലിദ് ബിന് മുഹമ്മദ് ബിന് സായിദ് ഡല്ഹിയിലെത്തി. പിയൂഷ് ഗോയല് ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ സ്വീകരണം നല്കുകയും ചെയ്തു. ചരിത്രപരമായ ബന്ധത്തിലെ ഒരു പുതിയ നാഴികകല്ലാണിത്', എംഇഎ വക്താവ് രണ്ധീര് ജയ്സ്വാള് കുറിച്ചു.
ഒമ്പതാം തീയതി ഷെയ്ഖ് ഖാലിദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ഇരുരാജ്യങ്ങള് തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ വിശാലമായ മേഖലകളെക്കുറിച്ച് ചര്ച്ച ചെയ്യുകയും ചെയ്യും. പ്രസിഡന്റ് ദ്രൗപതി മുര്മുവിനേയും അദ്ദേഹം സന്ദര്ശിക്കും. കൂടാതെ മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലി അര്പ്പിക്കാന് രാജ്ഘട്ടിലും ഷെയ്ഖ് ഖാലിദ് എത്തും. ഇന്ത്യയും യുഎഇയും തമ്മില് ചരിത്രപരമായും സൗഹൃദപരമായുമുള്ള ബന്ധമാണുള്ളത്.