ദുബായ്: മൂന്ന് വർഷത്തിലേറെയായി കാണാതായ ഭർത്താവിനെ കണ്ടെത്തുന്നതിനായുള്ള തീവ്രശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു യുവതിയും ഇരുപത് വയസുകാരനായ മകനും ദുബായിലേക്ക് പറന്നത്. ഗുജറാത്ത് വഡോദര സ്വദേശിയായ സഞ്ജയ് മോത്തിലാലി(53)നെയാണ് കാണാതായത്. ഷാർജയിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. 2021ലാണ് കുടുംബവുമായി അവസനാമായി അദ്ദേഹം ബന്ധപ്പെട്ടത്. പിന്നീട് യാതൊരു വിവരവുമില്ലാതായി.
പല തവണ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടായില്ല. തുടർന്നാണ് ഭർത്താവിനെ തേടി ഭാര്യ കോമളവും മകൻ ആയുഷും ദുബായിൽ എത്തിയത്. അബുദബിയിലെ ഇന്ത്യൻ എംബസി മുഖേന കുടുംബം യുഎഇ അധികൃതർക്ക് സഞ്ജയ് മോത്തിലാലിനെ കാണാനില്ലെന്ന് കാണിച്ച് പരാതിയും നൽകിട്ടുണ്ട്.
'ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കിയ തുകയാണ് അദ്ദേഹത്തെ തിരയാൻ ചിലവാക്കിയത്. ഇപ്പോൾ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയാണ് ഹോട്ടലിൽ താമസിക്കുന്നത്. അദ്ദേഹം എവിടെയെന്നറിയേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. ഒരു മനുഷ്യൻ എങ്ങനെ പെട്ടന്ന് അപ്രത്യക്ഷനാകും', കോമളം ഖലീജ് ടൈംസിനോട് പ്രതികരിച്ചു.
അച്ഛനെ കുറിച്ച് വിവരം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മകൻ ആയുഷ് പറഞ്ഞു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചുവെന്നും അച്ഛൻ രാജ്യം വിട്ടിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായും ആയുഷ് പറഞ്ഞു . ഇന്ത്യൻ കോൺസുലേറ്റും അതാണ് തങ്ങളോട് പറഞ്ഞത്. ജയിലിൽ ഇല്ല, എന്നാൽ അദ്ദേഹത്തിന്റെ സ്‌പോൺസർ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആയുഷ് കൂട്ടിച്ചേര്‍ത്തു.
2020 മാർച്ചിൽ സന്ദർശന വിസയിലാണ് സഞ്ജയ് യുഎഇയിലെത്തിയത്. യുഎഇയിൽ എത്തിയ ശേഷം ദിവസവും രണ്ടുതവണ അദ്ദേഹം തങ്ങളെ വിളിക്കാറുണ്ടായിരുന്നുവെന്ന് കോമളം പറഞ്ഞു. അദ്ദേഹം ഒരു ദിവസം പോലും വിളിക്കാതിരിക്കാറില്ല. ഞങ്ങൾ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം എന്നും വിളിക്കും. കഴിയുമ്പോഴെല്ലാം പണം അയയ്ക്കും. അദ്ദേഹം വിളിക്കുന്നത് നിന്നപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് തോന്നുകയായിരുന്നുവെന്ന് കോമളം പറഞ്ഞു.
അതേസമയം 2021 ജൂലൈ 8-ന് സഞ്ജയിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കോമളത്തിന് ഒരു സന്ദേശം ലഭിച്ചു. മാതൃഭാഷയായ ഗുജറാത്തി ഭാഷയിലായിരുന്നു സന്ദേശം. തൻ്റെ ഫോൺ നഷ്ടപ്പെട്ടുവെന്നാണ് അതിൽ എഴുതിയിരുന്നത്. എന്നാൽ അദ്ദേഹം തന്നെ ഇതിന് മുൻപ് ഫേസ്ബുക്ക് മെസഞ്ചർ ഉപയോഗിച്ച് ബന്ധപ്പെട്ടിട്ടില്ലെന്ന് കോമളം പറഞ്ഞു.
അതിന് ശേഷം സഞ്ജയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു പ്രവർത്തനവും ഉണ്ടായിട്ടില്ല. മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിപരിചയമില്ല. അദ്ദേഹത്തെ കുറിച്ച് വിവരങ്ങൾ ഇല്ലാതെ വന്നതോടെ ആരെങ്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സഞ്ജയുടെ ഫോട്ടോ പ്രചരിപ്പിച്ചു. അമ്മയും മകനും യുഎഇയിലെ പ്രാദേശിക ഗുജറാത്തി സമൂഹത്തിൻ്റെ സഹായം തേടിയിട്ടുണ്ട്. ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. കമ്മ്യൂണിറ്റി ഗ്രൂപ്പുകളുമായി ബന്ധപ്പെടുകയും ആളുകളുമായി സംസാരിക്കുകയും ചെയ്തുവെന്ന് കുടുംബം പറഞ്ഞു.