യു എ ഇയില്‍ വിവാഹം കഴിക്കണമെങ്കില്‍ ഇനി ജനിതക പരിശോധന നിര്‍ബന്ധം

840 ലേറെ ജനിതക വൈകല്യങ്ങള്‍ തിരിച്ചറിയാനുള്ള 570 ജീനുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിലൂടെ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ജീനുകള്‍ നേരത്തേ കണ്ടെത്താനാകും

dot image

അബുദബി: യു എ ഇയില്‍ വിവാഹത്തിന് ജനിതക പരിശോധന നിര്‍ബന്ധമാക്കിയുള്ള നിയമം പ്രാബല്യത്തില്‍ വന്നു. ജനിതക രോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, ഭാവി തലമുറകളെ സുരക്ഷിതരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഭരണകൂടം നിയമം കൊണ്ടുവന്നത്. ജനിതക പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഇനി വിവാഹത്തിന് അനുമതി നല്‍കില്ല.

840ലേറെ ജനിതക വൈകല്യങ്ങള്‍ തിരിച്ചറിയാനുള്ള 570 ജീനുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിലൂടെ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ജീനുകള്‍ നേരത്തേ കണ്ടെത്താനാകും. ഒരു കുടുംബം ആരംഭിക്കാന്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ ഉപകരണങ്ങളിലൊന്നാണ് ജനിതക പരിശോധനയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനാഫലം ലഭിക്കാന്‍ വിവാഹത്തിന് പതിനാല് ദിവസം മുന്‍പെങ്കിലും ടെസ്റ്റ് നടത്തണമെന്നും വിവാഹത്തിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ജനിതക പരിശോധനയില്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുമായും ജനിതക രോഗ കൗണ്‍സിലര്‍മാരുമായും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിശ്രുത വധൂവരന്‍മാര്‍ക്ക് അവസരം ലഭിക്കും. അപകടസാധ്യതകളെക്കുറിച്ചും ലഭ്യമായ ചികിത്സാ ഓപ്ഷനുകളെക്കുറിച്ചും സമഗ്രമായ ധാരണ നേടുന്നതിന് ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ദമ്പതികള്‍ക്കുള്ള ജനിതക പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകാറുണ്ട്. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, വളര്‍ച്ചാ കാലതാമസം, അവയവങ്ങളുടെ തകരാര്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ അടക്കം ഇതുമൂലം സംഭവിക്കുന്നതാണ്.

Content highlights- genetic test is a part of premarital screening in uae

dot image
To advertise here,contact us
dot image