ഷാർജ: പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്‌തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം പി അബ്‌ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു. യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടൽ കടന്ന പ്രവാസി ഒടുവിൽ പെട്ടെന്നൊരു ദിവസം ജീവനറ്റ് തൻ്റെ കരയിലേക്ക് കടൽ കടന്ന് പോകുന്നതാണ് ഈ പുസ്‌തകത്തിൽ കാണാൻ സാധിക്കുന്നത്.
സങ്കൽപ്പത്തിൽ നെയ്തെടുക്കാതെ യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്‌തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് സമദാനി വിശദമാക്കിയത്. ഈശ്വരീയതയുടെ ഏറ്റവും മനോഹരമായ വ്യാഖാനം എന്ന് ആചാര്യൻ അരുൺ പ്രഭാകരൻ അഭിപ്രായപ്പെട്ടു. പ്രവാസലോകത്തു വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം അനാഥമാക്കപ്പെടരുതെന്നും പുസ്‌തകം വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും ആരോരുമില്ലാത്ത ആശ്രയമറ്റ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടി ഇന്ത്യൻ കോൺസുലേറ്റിൻ്റെ ICWF ലേക്ക് നൽകുമെന്നും പുസ്‌തകത്തിന്റെ രചയിതാവായ സലാം പാപ്പിനിശ്ശേരി വിശദമാക്കി.
സൈകതം ബുക്ക്സാണ് പുസ്‌തകത്തിൻ്റെ പ്രസാധകർ. ചടങ്ങിൽ മച്ചിങ്ങൽ രാധാകൃഷ്‌ണൻ, ഷെയ്ഖ് കാസിം അൽ മുർഷിദി, ശ്രീധരൻ പ്രസാദ്, ബഷീർ അബ്‌ദുറഹ്മാൻ അൽ അസ്ഹരി, ചാക്കോ ഊളക്കാടൻ, കെപി മുഹമ്മദ് പേരോട്, സംഗീത മാത്യു, ഫർസാന അബ്‌ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Content highlights-Royalties of the book will be given to ICWF: A Sea Distance to the Land of Salam Pappinissery released