ദമാം: ദുരന്തങ്ങളിലും പ്രയാസങ്ങളിലും ഒറ്റക്കെട്ടായി നിൽക്കുന്ന പ്രവാസിമലയാളികൾ പ്രതിസന്ധിസമയത്ത് വേൾഡ് മലയാളി ഫെഡറേഷനെ ബന്ധപ്പെടാൻ മടിക്കരുതെന്ന് മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ. സൗദി എറണാകുളം എക്സ്പ്പാട്രിയേട്സ് ഫെഡറേഷൻ (സീഫ്) സംഘടിപ്പിക്കുന്ന സീഫ് കാർണിവൽ 2024 -ൽ പങ്കെടുക്കാൻ ദമാമിൽ എത്തിയതായിരുന്നു അദ്ദേഹം.
ലോകത്തിൽ മലയാളികളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളത് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ്. ഒരു സംഘടന എന്ന നിലയിൽ പല രാജ്യങ്ങളിലും പ്രവർത്തിക്കാൻ പരിമിതികൾ ഉണ്ടെങ്കിലും ഒരു മലയാളിക്ക് പോലും പ്രതിസന്ധികളിൽ സംഘടനയിൽ നിന്നും സഹായം ലഭിക്കാതെ പോകില്ലെന്ന് വർഗീസ് പെരുമ്പാവൂർ പറഞ്ഞു. ഇപ്പോൾ ലെബനനിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ, ലെബനൻ- ഇസ്രായേൽ കോർഡിനേറ്റർമാരുമായി നിരന്തരം ബന്ധപ്പെട്ട് ഓരോ ഡെവലപ്പ്മെന്റുകളും നിരീക്ഷിക്കുന്നുണ്ട്. വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടും യുദ്ധഭീതിയും മിസൈൽ വർഷവും അവസാനിക്കാത്ത ഈ പ്രദേശങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്ന മലയാളികൾ വേൾഡ് മലയാളി ഫെഡറഷനെ ബന്ധപ്പെടണമെന്ന് വർഗീസ് പെരുമ്പാവൂർ അഭ്യർത്ഥിച്ചു.
സംഘടനയുടെ വെബ്സൈറ്റിൽ അതാത് രാജ്യങ്ങളിലെ കോർഡിനേറ്റർമാരുടെ നമ്പറുകൾ ലഭ്യമാണ്. അതിൽ ബന്ധപ്പെടാൻ ആരും മടിക്കേണ്ടതില്ലന്നും 24 മണിക്കൂറും സജ്ജമായ ഒരു ഗ്ലോബൽ ഹെല്പ് ഡസ്ക് ആണ് വേൾഡ് മലയാളി ഫെഡറേഷന് ഉള്ളതെന്നും വർഗീസ് പെരുമ്പാവൂർ കൂട്ടിച്ചേർത്തു.
Content Highlights: World Malayali Federation is helping Malayalees who are facing difficulties in Lebanon and Israel