ഏജൻറ്​ മുങ്ങി;കേരളത്തിൽ നിന്നടക്കമുള്ള ഉംറ തീർഥാടകർ സൗദിയിൽ കുടുങ്ങി

ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് വിമാന ടിക്കറ്റും ഹോട്ടൽ ബില്ലുകളും നൽകാതെ അഷ്റഫ് സഖാഫി കഴിഞ്ഞ 26 ന് നാട്ടിലേക്ക് മുങ്ങിയതായാണ് പരാതി

dot image

റിയാദ്: ഏജന്‍റ് മുങ്ങിയതിനെ തുടർന്ന് കേരളത്തിൽ നിന്നടക്കമുള്ള ഉംറ തീർഥാടകരടക്കമുള്ളവർ സൗദിയിൽ കുടുങ്ങി. കർണാടകയിലും കേരളത്തിലും നിന്നുള്ള 164 തീർഥാടകരാണ് സൗദിയിൽ കുടുങ്ങിയത്. ഉംറ നിർവഹിക്കുന്നതിനായി അഷ്‌റഫ് സഖാഫി എന്ന ഏജന്‍റ് വഴിയാണ് ഇവർ സൗദിയിൽ എത്തിയത്. ഉംറ നിർവഹിച്ച ശേഷം ഡിസംബർ 26, 27 തീയതികളിൽ നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നവരാണ് സൗദിയിൽ കുടുങ്ങിയത്.

ഉംറ സംഘത്തെ മദീനയിൽ ഉപേക്ഷിച്ച് വിമാന ടിക്കറ്റും ഹോട്ടൽ ബില്ലുകളും നൽകാതെ അഷ്റഫ് സഖാഫി കഴിഞ്ഞ 26 ന് നാട്ടിലേക്ക് മുങ്ങിയതായാണ് പരാതി. തീർഥാടകർ താമസിച്ചിരുന്ന ഹോട്ടൽ ബിൽ തുക അടക്കാഞ്ഞതിനാൽ പ്രായമായവരും രോഗികളും സ്ത്രീകളും ഉൾപ്പെടുന്ന സംഘം ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിലായെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഇവർക്ക് വിസ ഇഷ്യൂ ചെയ്ത സൗദിയിലെ സ്ഥാപനം (മുതവിഫ്) ഇടപെട്ട് തീർഥാടകർക്ക് രണ്ടു ദിവസത്തെ ഭക്ഷണവും താമസവും ക്രമീകരിക്കുകയും വിമാനടിക്കറ്റ് കൈമാറുകയും ചെയ്തു.

യാത്രക്കാരെ ബസ് മാർഗം ദമ്മാമിലെ വിമാനത്താവളത്തിൽ നേരിട്ടെത്തിച്ച് അവിടെനിന്ന് കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എയർപ്പോർട്ടുകളിലേക്ക് പോകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു. മദീനയിൽനിന്നും തീർഥാടകർ കയറിയ ബസ് യാത്രാമധ്യേ ഏജന്‍റിന്‍റെ ആളുകൾ ഇടപെട്ട് ബുറൈദയിൽ നിർത്തിച്ച് ഭക്ഷണം നൽകി. അങ്ങനെ ചെയ്തതിനാൽ ദമ്മാം വിമാനത്താവളത്തിൽ എത്തിച്ചേരാൻ കാലതാമസം നേരിട്ടു. മുതവിഫ് ഏർപ്പെടുത്തിയിരുന്ന വിമാനങ്ങളിൽ ആദ്യ രണ്ടെണ്ണം ഇതുമൂലം പോവുകയും തീർഥാടകർ വിമാനത്താവളത്തിൽ കുടുങ്ങുകയും ചെയ്തു.

രാവിലെ ആറ് മണിക്കുള്ള ബെംഗളുരു വിമാനത്തിൽ പോകേണ്ട ആദ്യ ബസിലെ യാത്രക്കാർ ഏഴ് മണിക്കാണ് ദമ്മാം എയർപോർട്ടിൽ എത്തിയത്. രാവിലെ 11.45നുള്ള കോഴിക്കോട് വിമാനത്തിൽ പോകേണ്ട രണ്ടാമത്തെ ബസിലെ യാത്രക്കാർക്ക് ഉച്ചക്ക് ഒരു മണിക്കാണ് എത്താൻ കഴിഞ്ഞത്. മൂന്നാമത്തെ ബസിലെത്തിയ യാത്രക്കാരുടെ വിമാനം രാത്രി ഒമ്പത് മണിക്കാണ് പോകേണ്ടിയിരുന്നത്. ആ വിമാനത്തിന്‍റെ സമയം മാറ്റിയതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് നാട്ടിലേക്കാണ് പോയത്. ഏജൻറിെൻറയും അവരുടെ സംഘടനയുടെയും നിരുത്തരവാദപരമായ സമീപനമാണ് തങ്ങളെ ദുരിതത്തിലാക്കിയതെന്നാണ് തീർഥാടകർ ആരോപിക്കുന്നത്.

Content Highlight: Agent drowned; Umrah pilgrims including you from Kerala are stuck in Saudi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us