
ന്യൂഡൽഹി: ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇന്ത്യയിലെത്തി. പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഷെയ്ഖ് ഹംദാന് ഊഷ്മള സ്വീകരണം നൽകി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. നരേന്ദ്ര മോദി ഷെയ്ഖ് ഹംദാന് വേണ്ടി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിൽ അദ്ദേഹം പങ്കെടുക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Dubai to Delhi! A significant milestone in 🇮🇳-🇦🇪 relations.
— Randhir Jaiswal (@MEAIndia) April 8, 2025
HH Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown prince of Dubai @HamdanMohammed arrived in New Delhi on his first official visit.
Welcomed with a ceremonial Guard of honour & received by MoS… pic.twitter.com/7YWt4TR2r5
ദുബായ് കിരീടാവകാശി എന്ന നിലയിൽ ഷെയ്ഖ് ഹംദാൻ്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനമാണിത്. യുഎഇയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ദുബായ് കിരീടാവകാശി മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും രണ്ട് രാജ്യങ്ങൾക്കിടയിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമാണ് അദ്ദേഹത്തിന്റെ സന്ദർശനം ലക്ഷ്യമിടുന്നത്.
ഈ ഔദ്യോഗിക യാത്രയുടെ രണ്ടാം ദിവസമായ ഏപ്രിൽ ഒൻപതിന് ഷെയ്ഖ് ഹംദാൻ മുംബൈ സന്ദർശിക്കും. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും പ്രമുഖ ബിസിനസ്സ് നേതാക്കളുമായി ഒരു ബിസിനസ് വട്ടമേശ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. സമീപ വർഷങ്ങളിൽ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെട്ടു. 2024 ൽ, വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയുടെ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയ യുഎഇ പ്രസിഡന്റിന് ഇന്ത്യയിൽ ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 8 ന് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. സെപ്റ്റംബർ 9 ന് അദ്ദേഹം നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി , ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു. മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹം രാജ്ഘട്ടും സന്ദർശിച്ചിരുന്നു.
Content Highlights: Sheikh Hamdan arrives in India