
ആഭ്യന്തര യുദ്ധത്തെ തുടർന്ന് തകർന്ന സിറിയയുടെ സാമ്പത്തിക മേഖലയുടെ പുനരുദ്ധാരണത്തിനായി സഹായവുമായി സൗദി അറേബ്യയും ഖത്തറും. സിറിയയുടെ ലോകബാങ്ക് കുടിശ്ശിക കുറയ്ക്കുന്നതിനായി 15 മില്യൺ ഡോളർ സഹായം നൽകുമെന്ന് സൗദി അറേബ്യയും ഖത്തറും സംയുക്തമായി പ്രഖ്യാപിച്ചു.
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും നേതൃത്വത്തിൽ സ്പ്രിങ് സീസൺ സമ്മേളനത്തിന് ഇടയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ലോകബാങ്ക് കുടിശ്ശിക സൗദി അറേബ്യയും ഖത്തറും സംയുക്തമായി അടയ്ക്കാൻ തീരുമാനമായത്.
വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന യോഗത്തിലാണ് പുതിയ സഹായധന പ്രഖ്യാപനം നടന്നത്. സിറിയൻ ഉന്നതതല പ്രതിനിധി സംഘം, ജി 7, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇതോടെ ലോകബാങ്കിന് സിറിയയിലെ സഹായങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. രാജ്യത്ത് തകർന്ന വിവിധ സ്ഥാപനങ്ങൾ പുനർനിർമ്മിക്കുക, സാമ്പത്തിക ശേഷി ശക്തിപ്പെടുത്തുക, സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുന്ന നയ വികസനത്തിനും പരിഷ്‌കരണത്തിനും പിന്തുണ നൽകുക എന്നിവയ്‌ക്കൊപ്പം സാങ്കേതിക സഹായവും അടിയന്തര മേഖലകളെ പിന്തുണയ്ക്കുന്നതിനുള്ള ലോകബാങ്കിന്റെ പുതിയ വിഹിതം സ്വീകരിക്കാനും ഇതിലൂടെ സിറിയയ്ക്ക് സാധിക്കും.
സിറിയയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിക്കാനും രാജ്യത്തെ വികസിപ്പിക്കാനും അന്താരാഷ്ട്ര, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളോട് സൗദി അറേബ്യയും ഖത്തറും ആഹ്വാനം ചെയ്തിട്ടുണ്ട്.
സിറിയൻ ആഭ്യന്തര കലാപത്തിന് പിന്നാലെ രാജ്യത്തിന്റെ ജിഡിപി വൻ രീതിയിൽ തകർന്നിരുന്നു. 2024 ഡിസംബർ 8-ന് ബാഷർ അൽ-അസദിനെ പുറത്താക്കിയതിന് പിന്നാലെയാണ് ആഭ്യന്തര കലാപത്തിന് അവസാനമായത്. നേരത്തെ സിറിയയുടെ പുതിയ പ്രസിഡന്റ് ് അഹമ്മദ് അൽ-ഷാറയും വിദേശകാര്യ മന്ത്രി അസദ് അൽ-ഷൈബാനിയും സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും പിന്തുണ തേടുകയും ചെയ്തിരുന്നു.
Content Highlights: Syria's World Bank arrears; Saudi Arabia and Qatar provide $15 million in aid