പത്തനംതിട്ട: ജീവിതാഭിലാഷമായ വീട് നിർമ്മാണം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മന്റെ (37) അപ്രതീക്ഷിത മരണം. നാലു വയസ്സുകാരി മകളും ഭാര്യയും അടങ്ങുന്നതാണ് തോമസിന്റെ കുടുംബം. കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിലാണ് തോമസ് സി ഉമ്മൻ മരിച്ചത്. മാധ്യമങ്ങളിൽ കണ്ടതല്ലാതെ മരണത്തെക്കുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. സർക്കാരിൽ നിന്ന് മരണത്തെക്കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് തോമസിന്റെ പിതാവ് ഉമ്മൻ പറഞ്ഞു.
മഴക്കാലത്ത് വെള്ളം കയറുന്ന വീട്ടിൽ സഹോദരനും മാതാപിതാക്കൾക്കും ഒപ്പമായിരുന്നു താമസം. നടവഴി മാത്രമുള്ള വീട്ടിൽ നിന്ന് സൗകര്യമുള്ള പുതിയ വീട്ടിലേക്ക് മാറുകയായിരുന്നു തോമസിനെ സ്വപ്നം. മേപ്രാലിൽ തന്നെ ഇരുനില വീടിന്റെ നിർമ്മാണം പൂർത്തിയാക്കി അടുത്തമാസം നാട്ടിലേക്ക് മടങ്ങിവരാൻ ഇരിക്കെയാണ് കുവൈറ്റിലെ മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ തോമസിന്റെ ദാരുണാന്ത്യം. വലിയ സ്വപ്നങ്ങളുമായി വിമാനം കയറിയ 37-കാരന്റെ അകാല വിയോഗം മേപ്രാൽ എന്ന നാടിനെ ആകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
കുവൈറ്റിലെ എൻബിടിസി കമ്പനിയിൽ ടെക്നീഷ്യൻ ആണ് തോമസ്. അഞ്ചുവർഷമായിഎൻബിടിസിയിൽ തന്നെയാണ് ജോലി നോക്കുന്നത്. നാലു വയസ്സുള്ള മകൾ ജെസീക്കയും ഭാര്യ മറിയാമ്മയും അടങ്ങുന്നതാണ് കുടുംബം. വിവരം ലഭിച്ച ഉടനെ സൗദി അറേബ്യയിലുള്ള സഹോദരൻ ജേക്കബ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പിലാണ് ഇന്നലെ പുലർച്ചെ നാലുമണിയോടെ തീപിടിത്തം ഉണ്ടായത്. 49 പേരാണ് മരിച്ചത്. മരിച്ചവരില് 43 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇതിൽ 24 മലയാളികളുടെ മരണം നോർക്ക റൂട്ട്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈറ്റ് തീപിടിത്തം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ഉടൻ പുറപ്പെടുംആറു നിലകെട്ടിടത്തിന്റെ താഴെയുള്ള നിലയില് നിന്നാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ഓളം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീ വ്യാപിച്ചത്. ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ദുരന്തം. അതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്.