കുവൈറ്റ് സിറ്റി: കുവൈറ്റിലെ പലഭാഗങ്ങളിലായി നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധന കാമ്പയിന് നേതൃത്വം നൽകി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ്. കെട്ടിടങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മുന്നറിയിപ്പില്ലാതെ തന്നെ അത് നീക്കം ചെയ്യും. മുനിസിപ്പാലിറ്റിയുമായി സഹകരിച്ചായിരിക്കും നിയമം നടപ്പാക്കുക.
പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി മന്ത്രിയുമായ ഡോ. നോറ അൽ മഷയോടൊപ്പം മന്ത്രി അൽ-മംഗഫ്, അൽ-മഹ്ബൂല, ഖൈത്താൻ, ജിലീബ് അൽ-ഷുയൂഖ് എന്നിവിടങ്ങളിൽ അവരുടെ പരിശോധന കാമ്പയിൻ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, കുവൈറ്റ് ഫയർഫോഴ്സ്, വൈദ്യുതി, ജല മന്ത്രാലയം, മാനവശേഷിക്കായുള്ള പബ്ലിക് അതോറിറ്റി എന്നിവ ക്യാമ്പയിനിൽ പങ്കാളികളായത്. ഇന്നലെ പുലർച്ചെ കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേർ മരിച്ച പശ്ചാത്തലത്തിലാണ് നടപടി.
മരിച്ചവരിലൽ 43 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതിൽ 24 മലയാളികളുടെ മരണം നോർക്ക റൂട്ട്സ് സ്ഥിരീകരിച്ചു.ആറു നിലകെട്ടിടത്തിന്റെ താഴെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടിൽ നിന്ന് തീ പടർന്ന് 20 ഓളം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ഈ ദുരന്തം ഉണ്ടായത്. അതാണ് മരണ സംഖ്യ ഉയരാൻ കാരണമായത്. തീ പടർന്ന് പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. പലരും മരിച്ചത് വിഷ പുക ശ്വസിച്ചായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.