കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളി പ്രവാസിയെ കാണാനില്ലെന്ന് പരാതി. ചാവക്കാട് സ്വദേശി ബിനോയിയെ കാണാനില്ലെന്നാണ് പരാതി. തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ട് മണിവരെ ബിനോയി ഓൺലൈനിൽ ഉണ്ടായിരുന്നു. നാല് ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തിയത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾഖാദറാണ് വിവരം അറിയിച്ചത്.
തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. അതിൽ 43 പേരും ഇന്ത്യക്കാരാണ്. മരിച്ചവരിൽ 14 മലയാളികളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നുള്ള നാല് പേരും കൊല്ലത്ത് നിന്നുള്ള മൂന്ന് പേരും കാസർഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില് നിന്നുള്ള രണ്ട് പേരും കണ്ണൂരില് നിന്നുള്ള ഒരാളുമാണ് കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചവർ (തിരിച്ചറിഞ്ഞത്)
തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,
കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34
പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു ( 29 )
പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ
കൊല്ലം സ്വദേശി ഷമീർ
പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. (54) മുരളീധരൻ
കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)
പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്
കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56)
തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ
കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ മരിച്ചതായി സ്ഥിരീകരിച്ചു
തിരൂർ കൂട്ടായി സ്വദേശി പുരക്കൽ നൂഹ് (40)ആണ് മരിച്ചത്
പുലാമന്തോൾ തിരുത്ത് സ്വദേശി എം പി ബാഹുലേയൻ (36)
ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ്
പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം നടന്നത്. കെട്ടിടത്തിലെ തീ പൂർണ്ണമായും അണഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തമുണ്ടായത്.
ഷോർട് സർക്യൂട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടർന്ന് 20ഓളം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. തീ പടർന്ന സാഹചര്യത്തിൽ പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. ഗുരുതര പരിക്കേറ്റ് ഇവരിൽ പലരും ചികിത്സയിലാണ്. ഇവരിൽ ചിലർ മരിച്ചതായും വിവരമുണ്ട്. തീപടർന്നപ്പോഴുണ്ടായ വിഷ പുക ശ്വസിച്ചാണ് പലരും മരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. തൊഴിലാളികൾ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്.
കുവൈത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; നാല് പത്തനംതിട്ട സ്വദേശികൾമരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ. തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ സഹമന്ത്രി കീര്ത്തി വര്ധന് സിംഗ് കുവൈത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കും. ആവശ്യമെങ്കിൽ പ്രത്യേക വിമാനം അയയ്ക്കും. വിദേശകാര്യ മന്ത്രാലയം വളരെ സൂക്ഷ്മമായി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. പരിക്കേറ്റവർക്ക് എല്ലാ സഹായവും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അപകടത്തിൽ പെട്ടതിൽ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങൾ ഉടൻ എംബസി കേന്ദ്ര സർക്കാരിന് കൈമാറും.