കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കായി പുതിയ സായാഹ്ന സ്‌കൂള്‍ തുറന്നു. വിഭ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്നാണ് പദ്ധതി. സാമൂഹ്യകാര്യ, കുടുംബ- ബാല കാര്യമന്ത്രാലയത്തിലെ സോഷ്യല്‍ കെയര്‍ സെക്ടര്‍, ജുവനൈല്‍ കെയര്‍ ഡിപ്പാര്‍ട്ട് മെന്റ് മുഖേനയാണ് പുതിയ സ്‌കൂള്‍ പ്രഖ്യാപിച്ചത്. പുതിയ അധ്യയന വര്‍ഷം മുതലാണ് ഇത് പ്രവര്‍ത്തനം ആരംഭിക്കുക.
അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പിന്തുണയ്ക്കുന്നതിനും ബോധവത്കരിക്കുന്നതിനും സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള കമ്മ്യൂണിറ്റി സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ഈ സ്‌കൂളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വിദ്യാഭ്യാസ തലങ്ങളില്‍ യോഗ്യതയുള്ള ആണ്‍-പെണ്‍കുട്ടികളുമായ 29 പേര്‍ക്കാണ് സേവനം നല്‍കുക. സ്‌പെഷ്യലൈസ്ഡ് ദേശീയ ജീവനക്കാരുടെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ ഉയര്‍ന്ന നിലവാരമുള്ള പഠന അന്തരീക്ഷം ഉറപ്പാക്കും. ശക്തമായ വിദ്യാഭ്യാസം ക്രമീകരിക്കുന്നതിനായി സാങ്കേതിക, സൂപ്പര്‍വൈസറി, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘം ഉണ്ടാകും.
കൗമാരക്കാരുടെ പരിചരണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനും പെരുമാറ്റ പരിഷ്‌കരണം സുഗമമാക്കാനും സമൂഹത്തിലേക്ക് നല്ല രീതിയില്‍ പുനഃസംയോജിപ്പിക്കാനും ജുവനൈല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ലക്ഷ്യമിടുന്നു. ഇതുവഴി അവരുടെ സ്വഭാവം പരിഷ്കരിക്കുന്നതിനും സമൂഹത്തിലേക്കുള്ള അവരുടെ പുനരധിവാസം സുഗമമാക്കുന്നതിനും സഹായിക്കുന്നു.