കുവൈറ്റ് സിറ്റി: സർക്കാർ സേവനങ്ങളിൽ പേപ്പർ ഇടപാടുകൾ കുറക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി കുവൈറ്റ്. അതിനായി രാജ്യത്തെ 20 സർക്കാർ ഏജൻസികളെ ബന്ധിപ്പിച്ച് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് രൂപം നൽകി. ഇതുവഴി സർക്കാർ ഏജൻസികളെ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ബന്ധിപ്പിക്കും.
സർക്കാർ ഏജൻസികൾ തമ്മിലുള്ള ഡേറ്റ വിനിമയം സുഗമമാക്കുന്നതിനും ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേപ്പർ ഉപയോഗവും അറ്റാച്ച്മെന്റുകളും കുറക്കുക വഴി ഇടപാടുകളിലെ പിഴവുകൾ കുറയ്ക്കുകയും സംരക്ഷണവും സുരക്ഷയും വർധിക്കുകയും ചെയ്യും.
കുറഞ്ഞ സമയത്തിനുള്ളിൽ ഇടപാടുകൾ നടത്താൻ ഈ പുതിയ പദ്ധതിയിലൂടെ സാധിക്കും. പൊതുജനങ്ങൾക്കായുള്ള മിക്ക സേവനങ്ങളും ഒറ്റ ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്നാണ് വിവരം. പദ്ധതിക്കായി ഏകദേശം 1.6 ദശലക്ഷം ദിനാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പുതിയ സംവിധാനം വരുന്നതോടെ പൊതുജനങ്ങൾക്കുള്ള ഭൂരിഭാഗം സേവനങ്ങളും എളുപ്പമാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Digital Platform unveiled in kuwit to connect 20 government agencies