കുവൈറ്റ് സിറ്റി: കുവൈറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി അന്താരാഷ്ട്ര, ഗൾഫ്, പ്രാദേശിക കമ്പനികളുമായി 18 കരാറുകളിൽ പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ ഒപ്പുവെച്ചു. ഏകദേശം 400 ദശലക്ഷം കുവൈത്ത് ദിനാർ മൂല്യമുള്ള കരാറിനാണ് ഒപ്പുവെച്ചത്. ഒരു വർഷത്തിലേറെ നീണ്ട സമഗ്രമായ പഠനത്തിന് ശേഷമാണ് കരാറുകളിൽ ഒപ്പിട്ടതെന്ന് റോഡ്‌സ് അതോറിറ്റിയുടെ ആക്ടിങ് ഡയറക്ടർ ജനറൽ ഖാലിദ് അൽ ഒസൈമി പറഞ്ഞു.
അറ്റകുറ്റപ്പണികൾക്കായി ചില റോഡുകൾ അടച്ചിടും. കൂടുതൽ മോശമായ അവസ്ഥയിലുള്ള റോഡുകളിലാണ് ആദ്യം പണികൾ നടത്തുക. ഒന്നാം റിങ് റോഡ് മുതൽ സെവൻത് റിങ്ങ് റോഡ് വരെയും സാൽമി, അബ്ദലി, ഇൻ്റേണൽ ഏരിയകൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ അറ്റകുറ്റപണികൾ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഒപ്പുവെച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുമെന്നാണ് സൂചന.
വിവിധ പ്രദേശങ്ങളിലെ പ്രധാന റോഡ് അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഹൈവേയുടെയും ഉൾറോഡുകളുടെയും അറ്റകുറ്റപ്പണിയും ഇതോടൊപ്പം നടക്കും. മഴവെള്ളമൊഴുകിപ്പോകാനുള്ള ശൃംഖലകളുടെ ക്രമീകരണം, തെരുവ് വിളക്കുകൾ, ടെലിഫോൺ ശൃംഖലകൾ, തെരുവുകളുടേയും നടപ്പാതകളുടെയും അറ്റകുറ്റപ്പണിയും ഇതോടൊപ്പം പൂർത്തിയാക്കുമെന്നും ഏദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: 18 contracts were signed for the maintenance of roads in Kuwait