കുവൈറ്റ് സിറ്റി: കുവൈറ്റിൽ ശൈത്യകാല ക്യാമ്പിങ് സീസണ് തുടക്കം. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ക്യാമ്പിങ് സീസൺ. ക്യാമ്പിങ് സീസണിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് മുഹമ്മദ് സന്ദൻ അറിയിച്ചു. മുനിസിപ്പാലിറ്റി നിർണയിച്ച് നൽകിയ പ്രദേശങ്ങളിൽ മാത്രമാണ് ടെന്റുകൾ പണിയാൻ അനുമതി.ഇതിനായി സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹൽ വഴിയോ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കണം
പെർമിറ്റ് ഇല്ലാതെ ക്യാമ്പ് സ്ഥാപിക്കുകയോ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നവരില്‍നിന്നും 3,000 മുതൽ 5,000 ദിനാർ വരെ പിഴ ഈടാക്കും. ക്യാമ്പ് സൈറ്റുകളിൽ നിർമാണ സാമഗ്രികൾ, മൺ തടങ്ങൾ, വേലികൾ എന്നിവ ഉപയോഗിച്ച് സ്ഥിരമായ സംവിധാനം ഒരുക്കരുത്. യന്ത്രസാമഗ്രികൾ ഉപയോഗിച്ച് നിലം നിരപ്പാക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ക്യാമ്പില്‍ താമസിക്കുന്നവര്‍ നിശ്ചിത സ്ഥലങ്ങളിൽ മാലിന്യം സംസ്കരിക്കുകയും നീക്കം ചെയ്യുകയും വേണം. വന്യജീവികളെയും അവയുടെ കുഞ്ഞുങ്ങളെയും വേട്ടയാടുകയോ കൊല്ലുകയോ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. പരിസ്ഥിതിയും പൊതു സുരക്ഷയും സംരക്ഷിക്കുന്നതിന് മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് സന്ദൻ കൂട്ടിച്ചേർത്തു.
Content Highlights: Winter camping season has started in Kuwait