കുവൈറ്റ് സിറ്റി: വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് മെഡിക്കൽ പരിശോധന നിർബന്ധമാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഏപ്രിൽ ഒന്ന് മുതലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തിൽ വരിക. 2008ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.
ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടുത്താനും സംരക്ഷിക്കാനുമാണ് പദ്ധതിയെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. വിവിധ വിഭാഗങ്ങൾക്കിടയിൽ പകർച്ചാവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ഇത്തരം ടെസ്റ്റുകൾ കൊണ്ട് സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ കുവൈറ്റിൽ നടക്കുന്ന എല്ലാ വിവാഹങ്ങൾക്കും ഇത് ബാധകമായിരിക്കും. വരനും വധുവും കുവൈറ്റ് സ്വദേശികളാവുക, ഒരാൾ കുവൈറ്റ് സ്വദേശിയാവുക, രണ്ട് പേരും വിദേശികളാവുക തുടങ്ങി എല്ലാ സാഹചര്യങ്ങളിലും നിയമം ബാധകമായിരിക്കും. രജിസ്ട്രേഷൻ സുഗമമാക്കാൻ മൊബൈൽ ആപ്പുകളുടെ ഉപയോഗവും പുതിയ നിയമത്തിൽ മുൻതൂക്കം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം രാജ്യത്ത് നടക്കുന്ന വിവാഹ രജിസ്ട്രേഷനുകൾ സാധുവാകണമെങ്കിൽ വധുവിന്റെ വിരലടയാളവും വേണമെന്ന സുപ്രധാന തീരുമാനം കുവൈറ്റ് നടപ്പിലാക്കിയിരുന്നു.
Content Highlight: Kuwait brings new amendment in marriage laws, makes medical test mandatory for couple